
സിനിമകൾ സാമ്പത്തിക ലാഭം നേടുക എന്നാൽ അതിൽ അൽപം ഭാഗ്യം കൂടി വേണമെന്നാണ് പൊതുവെ പറയുക. വലിയ മുതൽ മുടക്കിൽ എത്തുന്ന ചിത്രങ്ങൾ ചിലപ്പോൾ സാമ്പത്തികമായി പരാജയപ്പെടാം. ചെറിയ ബഡ്ജറ്റിലെത്തുന്നവ വൻ വിജയത്തിലുമെത്താം. ചിലപ്പോൾ ജനപ്രീതി ലഭിച്ച ചിത്രങ്ങൾക്ക് പണം വാരുന്നതിൽ പിന്നോട്ട് പോയെന്നും വരാം. എന്നാൽ പ്രഖ്യാപനത്തിനു പിറകെ തന്നെ സാമ്പത്തിക നേട്ടമുണ്ടാക്കിയ ചിത്രമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.
ഹോളിവുഡില്ല തെന്നിന്ത്യയിലാണ് ഒരു ചിത്രം പ്രഖ്യാപനത്തിനു പിറകെ തന്നെ ബിസിനസ് നേടിയിരിക്കുന്നത്. ചിത്രം പ്രീ ബിസിനസിൽ വമ്പൻ നേട്ടം സ്വന്തമാക്കിയ തെലുങ്ക് ചിത്രം ദി പാരഡൈസാണ് വാർത്തകളിലെ താരം.‘ദസറ’യ്ക്കു ശേഷം തെലുങ്ക് സംവിധായകൻ ശ്രീകാന്ത് ഒഡേലയും നാനിയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ദി പാരഡൈസ്.
ചിത്രീകരണം തുടങ്ങും മുൻപ് ചിത്രം 80 കോടിയുടെ ഡീലാണ് നേടിയതെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. 65 കോടിക്കാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് ഒരു പ്ലാറ്റ്‌ഫോം സ്വന്തമാക്കിയിരിക്കുന്നത്. 18 കോടിക്ക് ഓഡിയോ റൈറ്റ്സ് വിറ്റതെന്നും വാർത്തകളുണ്ട്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ നാനിയുടെ കരിയറിലെ തന്നെ ഏറ്റവും ഉയർന്ന തുകയാണിത്.
ഒരു റോ ആക്ഷൻ ചിത്രമാണ് ഇതെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. ചിത്രത്തിൻ്റെ ആദ്യ ഗ്ലിംപ്സിന് തന്നെ മികച്ച പ്രതികരമാണ് ലഭിച്ചത്. നാനിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായാണ് 'ദി പാരഡൈസ്' ഒരുങ്ങുന്നത്. ജി.കെ. വിഷ്ണുവാണ് ഛായാഗ്രഹണം. എഡിറ്റിങ് നവീൻ നൂലി. അനിരുദ്ധ് രവിചന്ദറാണ് സിനിമയുടെ സംഗീതം. ശ്രീ ലക്ഷ്‍മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് നിർമാണം.