
ഉത്തരകൊറിയ വീണ്ടും ഒന്നിലധികം ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടെന്ന ആരോപണവുമായി ദക്ഷിണകൊറിയയും ജപ്പാനും. തലസ്ഥാനമായ പ്യോങ്‌യാങ്ങിൽ നിന്നാണ് മിസൈലുകൾ വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയയുടെ ജോയിൻ്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു. രണ്ട് വിക്ഷേപണങ്ങളെങ്കിലും നടന്നതായി ജപ്പാൻ്റെ പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചു.
ഉത്തരകൊറിയയുടെ വിദേശകാര്യമന്ത്രി മോസ്‌കോയിൽ റഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥനായ സെർജി ഷോയ്ഗുവിനെ സന്ദർശിച്ചതിന് പിന്നാലെയാണ് പരീക്ഷണം. ആണവായുധ ശേഖരം വർധിപ്പിക്കുമെന്ന ഉത്തരകൊറിയയുടെ ആഹ്വാനത്തിന് ശേഷമുള്ള രണ്ടാമത്തെ മിസൈൽ പരീക്ഷണമാണിത്.
റഷ്യയ്ക്ക് ഉത്തരകൊറിയ ആയുധങ്ങൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഈ മിസൈൽ പരീക്ഷണങ്ങൾക്ക് ബന്ധമുണ്ടെന്നാണ് വിദഗ്ധരുടെ വാദം. ഉത്തരകൊറിയയുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും, ശക്തമായി നേരിടാൻ ഒരു സംയുക്ത പ്രതിരോധം തയ്യാറാണെന്നും ദക്ഷിണ കൊറിയയും അമേരിക്കയും പ്രതികരിച്ചു.