സഭ വിട്ട് ഭരണകക്ഷിയംഗങ്ങൾ, നാടകീയ രംഗങ്ങൾക്ക് സാക്ഷിയായി പാർലമെൻ്റ്; ദക്ഷിണകൊറിയയിൽ ഇംപീച്ച്മെൻ്റ് പ്രമേയം പരാജയപ്പെട്ടു

രാജ്യത്തെ പട്ടാളനിയമത്തിന് കീഴില്‍ കൊണ്ടുവരാനുള്ള പരാജയപ്പെട്ട ശ്രമത്തില്‍, പ്രസിഡന്‍റ് യൂൻ സുക് യോളിനെതിരായ ഇംപീച്ച്മെന്‍റ് പ്രമേയമായിരുന്നു ദക്ഷിണകൊറിയയിൽ അരങ്ങേറിയത്
സഭ വിട്ട് ഭരണകക്ഷിയംഗങ്ങൾ, നാടകീയ രംഗങ്ങൾക്ക് സാക്ഷിയായി പാർലമെൻ്റ്; ദക്ഷിണകൊറിയയിൽ ഇംപീച്ച്മെൻ്റ് പ്രമേയം പരാജയപ്പെട്ടു
Published on


ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് യൂൻ സുക് യോളിനെതിരായ ഇംപീച്ച്മെന്‍റ് പ്രമേയം നാടകീയ പരിസമാപ്തിയിലെത്തി. ഭരണകക്ഷിയംഗങ്ങള്‍ സഭ വിട്ടതോടെ ഭൂരിപക്ഷം തികയാതെ ഇംപീച്ച്മെന്‍റ് പരാജയപ്പെട്ടു. എട്ട് ഭരണകക്ഷി അംഗങ്ങളുടെ പിന്തുണ വേണ്ടയിടത്ത് ഓരോയൊരാള്‍ മാത്രമാണ് സഭയില്‍ തുടർന്നത്. ഇറങ്ങിപ്പോയ ഭരണകക്ഷിയംഗങ്ങളെ സഭയിലെത്തിക്കാനുള്ള പ്രതിപക്ഷത്തിന്‍റെ വൈകാരികശ്രമവും വിഫലമായി.

രാജ്യത്തെ പട്ടാള നിയമത്തിനുകീഴില്‍ കൊണ്ടുവരാനുള്ള പരാജയപ്പെട്ട ശ്രമത്തില്‍, പ്രസിഡന്‍റ് യൂൻ സുക് യോളിനെതിരായ ഇംപീച്ച്മെന്‍റ് പ്രമേയമായിരുന്നു ദക്ഷിണകൊറിയയിൽ അരങ്ങേറിയത്. പ്രാദേശിക സമയം, വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു വോട്ടെടുപ്പ്. സഭയിലെ ഡെമോക്രാറ്റിക് പാർട്ടി നേതാവ് കുറ്റങ്ങളോരാന്നായി നിരത്തി. ഈ സമയം, ഭരണകക്ഷി അംഗങ്ങളില്‍ ഒരാള്‍ മാത്രമാണ് ചേമ്പറിലുണ്ടായിരുന്നത്. മറ്റുള്ളവർ പാർലമെന്‍റ് മന്ദിരത്തില്‍ തന്നെ മറ്റൊരു മുറിയില്‍ യോഗത്തിലും. പ്രമേയം പാസാക്കാൻ 300 സീറ്റുകളുള്ള പാർലമെൻ്റിലെ മൂന്നിൽ രണ്ട് ഭൂരിപക്ഷ വോട്ട് ആവശ്യമായിരുന്നു. ഈ 200 വോട്ടുകൾ നേടുന്നതിന് പ്രതിപക്ഷത്തിന് എട്ട് ഭരണകക്ഷി എംപിമാരെയും ആവശ്യമായിരുന്നു.

ഇംപീച്ച്മെന്‍റിന് മുന്നോടിയായി രാജ്യത്തോട് പരസ്യമായി മാപ്പുപറഞ്ഞെങ്കിലും രാജിവയ്ക്കില്ല എന്നായിരുന്നു പ്രസിഡന്‍റിന്‍റെ പ്രഖ്യാപനം. പിന്നാലെ യൂണിൻ്റെ പീപ്പിൾ പവർ പാർട്ടി നേതാവ് ഹാൻ ഡോങ്-ഹൂൺ പ്രസിഡൻ്റിന്‍റെ രാജി അനിവാര്യമാണെന്ന് പ്രതികരിച്ചു. ഭരണകക്ഷിയിലെ ഒരു വിഭാഗത്തിന്‍റെ അതൃപ്തിയാണ് ഇത് പരസ്യമാക്കിയത്. എന്നാല്‍ പ്രഥമ വനിത കിം കിയോൺ ഹീക്കെതിരായ പ്രത്യേക ജൂഡീഷ്യല്‍ അന്വേഷണ ബില്ല് രഹസ്യബാലറ്റില്‍ പരാജയപ്പെട്ടതോടെ പ്രതീക്ഷകള്‍ മങ്ങി. പാർലമെന്‍റിന് ചുറ്റും ഒത്തുകൂടിയ പതിനായിരങ്ങളുടെ ജനക്കൂട്ടം നിരാശരായി.

ഈ വോട്ടെടുപ്പിന് പിന്നാലെ ഭരണകക്ഷിയംഗങ്ങള്‍ ചേംബറില്‍ നിന്നറങ്ങി. തടയാന്‍ പ്രതിപക്ഷം ശ്രമിച്ചു. "ഇംപീച്ച് യൂൻ സുക് യോൾ" എന്ന മുദ്രാവാക്യം മുഴക്കി. ഭൂരിപക്ഷത്തിനാവശ്യമായ അംഗങ്ങളില്ലാതെ ഇംപീച്ച്മെന്‍റ് നടപടികള്‍ ആരംഭിച്ചു. ഇതോടെ ഇറങ്ങിപ്പോയ ഭരണകക്ഷി അംഗങ്ങളിലോരുരത്തരുടെയും പേരുവിളിച്ച് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലായി പ്രതിപക്ഷം. വികാരഭരിതമായിരുന്നു രംഗം. നിയമസഭാ സ്പീക്കർ ഭരണകക്ഷി എംഎൽഎമാരോട് വോട്ടെടുപ്പിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്തു. എന്നാൽ എല്ലാം വിഫലമായി.

പ്രമേയം പരാജയപ്പെട്ടാൽ ബുധനാഴ്ച വീണ്ടും ഉയർത്താനാണ് പ്രതിപക്ഷ നീക്കം. ഭരണഘടന പ്രകാരം, യൂൻ രാജിവയ്ക്കുകയോ ഇംപീച്ച് ചെയ്യപ്പെടുകയോ ചെയ്താൽ, യൂൻ നിയമിച്ച ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി ആക്ടിംഗ് പ്രസിഡൻ്റാകും. പ്രധാനമന്ത്രി ചുമതലയേറ്റ് 60 ദിവസത്തിനകം പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com