
മുംബൈയിൽ സ്പായിൽ കൊല ചെയ്യപ്പെട്ടയാളുടെ തുടയിൽ പച്ച കുത്തിയിരുന്നത് 22 ഓളം ശത്രുക്കളുടെ പേരുകൾ. കഴിഞ്ഞ ബുധാഴ്ചയാണ് വിവരാവകാശ പ്രവർത്തകനെന്ന് അവകാശപ്പെട്ടിരുന്ന ഗുരു വാഗ്മെറിനെ(48) മുംബൈയിലെ വർളിയിലുള്ള സോഫ്റ്റ് ടച്ച് സ്പായിൽ വെച്ച് കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കൂടിയാണ് വാഗ്മെർ.
പോസ്റ്റ്മോർട്ടത്തിനിടെ ഇയാളുടെ കാലിൽ ശത്രുക്കളുടെ പേര് പച്ച കുത്തിയതായി ശ്രദ്ധയിൽ പെട്ടതാണ് കേസിൽ വഴിത്തിരിവായത്. ഇവരിൽ
മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
സ്പാ ഉടമസ്ഥനായ സന്തോഷ് ഷെരേക്കറാണ് അറസ്റ്റ് ചെയ്യപ്പെട്ടവരിലൊരാൾ. ഇയാളുടെ പേരും ടാറ്റൂ ചെയ്തിരുന്നു. ഇയാൾക്ക് പുറമേ കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് കരുതുന്ന 4 പേർ കൂടി അറസ്റ്റിലായിട്ടുണ്ട്.
അറസ്റ്റിലായ ഷെരേഖറിൽ നിന്നും വാഗ്മെർ നിരവധി തവണ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നു. ഇതിനെത്തുടർന്ന് ഇയാളെ കൊല്ലുവാനായി മുഹമ്മദ് ഫെറോസ് അൻസാരി എന്നയാൾക്ക് ഷെരേഖർ ക്വട്ടേഷൻ നൽകിയതായി പൊലീസ് അറിയിച്ചു. ഇതിനായി അൻസാരിക്ക് ആറ് ലക്ഷം രൂപ നൽകിയിരുന്നതായും പൊലീസ് പറഞ്ഞു.
അൻസാരിയുടെ സ്പായും നേരത്തെ വാഗ്മെർ പരാതി നൽകി പൂട്ടിച്ചിരുന്നു. ഇതിനെ തുടർന്ന് അൻസാരിയും ഷേരേഖറും കൂടിക്കാഴ്ച നടത്തുകയും വാഗ്മെറിനെ വധിക്കാനായി അൻസാരിക്ക് ഷെരേഖർ ക്വട്ടേഷൻ നൽകുകയുമായിരുന്നു. ഷെരേഖർ നിരവധി തവണ അൻസാരിയെ വിളിച്ചതിന്റെ തെളിവുകളും പൊലീസ് കണ്ടെത്തി.
കൊല ചെയ്യപ്പെട്ട അന്ന് രാത്രി വാഗ്മെറിന്റെ പെൺസുഹൃത്തും ഇയാൾക്കൊപ്പമുണ്ടായിരുന്നു. കൊലപാതകത്തിൽ ഇവർക്ക് പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.