
ചൊവ്വയിലേക്ക് സ്റ്റാർഷിപ്പ് ദൗത്യങ്ങൾ ആരംഭിക്കാനൊരുങ്ങുകയാണ് ഇലോൺ മസ്കിൻ്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ്. രണ്ട് വർഷത്തിനുള്ളിൽ അഞ്ച് സ്റ്റാർഷിപ്പ് ദൗത്യങ്ങളാണ് ലക്ഷ്യമെന്ന് സ്പേസ് എക്സ് സിഇഒ ഇലോൺ മസ്ക് പറഞ്ഞു. സമൂഹ മാധ്യമമായ എക്സിലൂടെയാണ് മസ്ക് പദ്ധതി പ്രഖ്യാപനം നടത്തിയത്.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഭൂമിയിൽ നിന്ന് ചൊവ്വയിലേക്കുള്ള ആദ്യ സ്റ്റാർഷിപ്പ് വിക്ഷേപിക്കും. മനുഷ്യരില്ലാതെയാകും ആദ്യം സ്റ്റാർഷിപ്പുകൾ അയക്കുക. ഇതിന്റെ വിജയത്തെ ആശ്രയിച്ചാകും ചൊവ്വയിലേക്ക് മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ദൗത്യമെന്നും മസ്ക് പറഞ്ഞു.
പദ്ധതി വിജയിച്ചാൽ നാല് വർഷത്തിനുള്ളിൽ മനുഷ്യരെ വഹിച്ചുകൊണ്ടുള്ള പേടകങ്ങൾ ചൊവ്വയിലേക്കയക്കുമെന്നും മസ്ക് വ്യക്തമാക്കി. മനുഷ്യനെ ചന്ദ്രനിലേക്കയക്കുന്ന 2025ലെ നാസയുടെ ആർട്ടെമിസ് 3 ദൗത്യം 2026 ലേക്ക് മാറ്റേണ്ടി വന്നു. സ്പേസ് എക്സിന്റെ സാങ്കേതിക തകരാറ് മൂലമാണ് ഇത്തരത്തിൽ പദ്ധതി നീട്ടേണ്ടി വന്നത്. ജാപ്പനീസ് ശതകോടീശ്വരൻ യുസാകു മെയ്സാവ സ്പേസ് എക്സിലൂടെയുള്ള യാത്ര ജൂണിൽ റദ്ദാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഇലോൺ മസ്കിന്റെ പദ്ധതി പ്രഖ്യാപനം സമയബന്ധിതമായി പൂർത്തിയാകുമോ എന്ന കാര്യത്തിൽ വ്യക്തയില്ല.