
ഒളിംപിക് ഫുട്ബോൾ രാജാക്കന്മാരായി സ്പെയിൻ. ഫൈനൽ പോരിൽ ഫ്രാൻസിനെതിരെ ആവേശ ജയം സ്വന്തമാക്കിയായിരുന്നു സ്പെയിൻ സ്വർണ നേട്ടം സ്വന്തമാക്കിയത്. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ മൂന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് സ്പെയിൻ വിജയം കൊയ്തത്. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് സ്പെയിനിൻ്റെ ഒളിംപിക് ഫുട്ബോളിലെ സ്വർണ നേട്ടം.
യൂറോ കപ്പിലെ മിന്നും വിജയത്തിന് ശേഷമാണ് സ്പെയിൻ ഒളിംപിക് ചാമ്പ്യന്മാരാകുന്നത് എന്നത് വിജയത്തിന്റെ മാറ്റുകൂട്ടുന്നു. അടിയും തിരിച്ചടികളുമായി ഇരു ടീമുകളും കളം നിറഞ്ഞ ത്രില്ലർ പോരിൽ സ്പെയിൻ ആവേശജയം സ്വന്തമാക്കുകയായിരുന്നു.
സ്വന്തം തട്ടകത്തിൽ ആഗ്രഹിച്ച തുടക്കമായിരുന്നില്ല ഫ്രാൻസിന് നേടാനായത്. പതിനൊന്നാം മിനിറ്റിൽ മില്ലോട്ട് എൻസോയിലൂടെ ഫ്രഞ്ച് പട മുന്നിലെത്തി. അധികം വൈകാതെ തന്നെ സ്പെയിൻ സമനില പിടിച്ചു. ഇരുപത്തിയഞ്ചാം മിനിറ്റിൽ ഫെർമിൻ ലോപസിലൂടെ സ്പെയിൻ ലീഡുയർത്തി. ആദ്യ പകുതിയിൽ മൂന്ന് ഗോളുകൾ ഫ്രഞ്ച് ഗോൾവല കടത്തിയ സ്പാനിഷ് പട ഞെട്ടിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ കാര്യമായ മുന്നേറ്റങ്ങളില്ലാതെ പതിഞ്ഞ താളത്തിലായിരുന്നു കളി. 57-ാം മിനിറ്റിൽ ലഭിച്ച സുവർണാവസരം ഫ്രഞ്ച് താരം കോനെ പാഴാക്കി. മത്സരത്തിൻ്റെ അവസാന ഘട്ടത്തിൽ ഫ്രാൻസ് വലിയ അക്രമം അഴിച്ചുവിട്ടു. 79-ാം മിനിറ്റിൽ മാഗ്നസിൻ്റെ ഗോളിലൂടെ തിരിച്ചുവരവ്. ഇഞ്ച്വറി ടൈമിൽ ലഭിച്ച പെനാൽറ്റി ഗോളാക്കിയ ഫ്രാൻസ് സമനില പിടിച്ചു.
ഇതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. പകരക്കാരനായെത്തിയ സ്പാനിഷ് താരം സെർജിയോ കമേയോ ഫ്രാൻസിൻ്റെ വിജയ പ്രതീക്ഷകളെ തല്ലികെടുത്തി. 100-ാം മിനിറ്റിൽ കമേയോ സ്പെയിനിന്റെ ലീഡ് ഉയർത്തി. 120 മിനിറ്റിൽ വീണ്ടും ഗോൾവലകുലുക്കിയ കമേയോ, സ്പാനിഷ് പട്ടാഭിഷേകം പൂർത്തിയാക്കി.