
സ്പെയിനിൽ മിന്നൽ പ്രളയം നാശം വിതച്ച വലൻസിയ സന്ദർശിക്കുന്നതിനിടെ രാജാവിനും രാജ്ഞിക്കും നേരെ ജനരോഷമിരമ്പി. സ്പാനിഷ് രാജാവ് ഫിലിപ്പെയ്ക്കും രാജ്ഞി ലെറ്റിസിയക്കും നേരെ ആളുകൾ കല്ലും ചെളിയും വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു. അധികൃതരുടെ ഭാഗത്ത് നിന്ന് ആവശ്യമായ പിന്തുണ ലഭിക്കാത്തതും, പ്രളയ മുന്നറിയിപ്പ് നൽകുന്നതിലുണ്ടായ കാലതാമസവുമാണ് ജനരോഷത്തിനിടയാക്കിയ കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഞായറാഴ്ചയോടെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 217 ആയി ഉയർന്നു. നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. സ്ഥിരീകരിച്ച മിക്കവാറും എല്ലാ മരണങ്ങളും മെഡിറ്ററേനിയൻ തീരത്തെ വലൻസിയ മേഖലയിലാണ്. പ്രതിനിധി സംഘം സന്ദർശിച്ച പൈപോർട്ടയിൽ കുറഞ്ഞത് 62 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം.
സ്പെയിനിൻ്റെ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും വലൻസിയൻ പ്രാദേശിക ഗവൺമെൻ്റിൻ്റെ തലവൻ കാർലോസ് മാസോണും രാജാവിനും രാജ്ഞിക്കുമൊപ്പം സംഘത്തിലുണ്ടായിരുന്നു. എന്നാൽ ജനക്കൂട്ടത്തിൻ്റെ പ്രതികരണത്തെ തുടർന്ന് അവരെ വേഗത്തിൽ ഒഴിപ്പിക്കുകയായിരുന്നു. ഇവർ സഞ്ചരിച്ച കാറിന് നേരെയും അക്രമണം നടന്നു. കാറിന് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. പ്രതിഷേധക്കാർ ചുറ്റും തടിച്ച് കൂടിയതിനാൽ ഇവരെ സംരക്ഷിക്കാൻ സൈനികർ ഏറെ പ്രയാസപ്പെട്ടതായി പുറത്തു വരുന്ന ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നുണ്ട്.
നേതാക്കൾ ഒന്നും ചെയ്യുന്നില്ല, ആളുകൾ ഇപ്പോഴും മരിക്കുന്നു, ഇനിയും സഹിക്കാൻ കഴിയില്ലെന്ന് 16 വയസുള്ള പോ എന്ന കുട്ടി പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. തങ്ങളുടെ ബിസിനസ്സും, വീടുകളും, സ്വപ്നങ്ങളുമെല്ലാം നഷ്ടപ്പെട്ടു. അവർ തങ്ങളെ മരിക്കാൻ വിട്ടുവെന്നും എല്ലാം നഷ്ടപ്പെട്ടുവെന്നും ഇവിടെ ഉണ്ടായിരുന്ന മറ്റൊരു സ്ത്രീ പറഞ്ഞതായും ബിബിസി റിപ്പോർട്ട് ചെയ്തു.
വെള്ളപ്പൊക്കം ബാധിച്ച വലൻസിയ പ്രവിശ്യയിലെ മറ്റൊരു പട്ടണമായ ചിവയിലേക്ക് സന്ദർശനം തീരുമാനിച്ചിരുന്നെങ്കിലും പ്രതിഷേധാവസ്ഥ കണക്കിലെടുത്ത് അത് മാറ്റി വെക്കുകയായിരുന്നു. ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഈ വീഡിയോ പോസ്റ്റ് ചെയ്ത ഭരണാധികാരി പ്രതിഷേധക്കാരുടെ "കോപവും നിരാശയും" തനിക്ക് മനസിലായെന്ന് രാജാവ് പിന്നീട് പറഞ്ഞു.
അക്രമത്തിൽ താൻ ഞെട്ടിപ്പോയെന്നും എന്നാൽ "ജനങ്ങളുടെ നിരാശ തനിക്ക് മനസിലായെന്നും പൈപോർട്ടയിലെ മേയർ മാരിബെൽ അൽബാലറ്റ് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. രാജാവിൻ്റെ സന്ദർശനത്തെ വളരെ മോശം തീരുമാനമെന്നാണ് വലൻസിയൻ പാർലമെൻ്റ് അംഗം ജുവാൻ ബോർഡേര വിശേഷിപ്പിച്ചത്. സ്പെയിനിലെ കാലാവസ്ഥാ ഏജൻസിയായ എഇഎംഇടി ഞായറാഴ്ച തെക്കൻ വലൻസിയയുടെ ചില ഭാഗങ്ങളായ അൽസിറ, കല്ലേറ, ഗാൻഡിയ നഗരങ്ങൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഉയർന്ന ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.