
എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്ന പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. ആര്‍എസ്എസിന് തന്നോടുള്ള സമീപനം അറിയുന്നതല്ലേ എന്ന് പുതിയ പ്രതികരണം.
എഡിജിപി എം.ആർ. അജിത് കുമാര്‍ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞിരുന്നു. ആർഎസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണ്. എഡിജിപി മന്ത്രിമാരുടെ ഫോൺ ചോർത്തി എന്ന ആരോപണം അഭ്യൂഹമാണെന്നും ഷംസീര്‍ പറഞ്ഞു.
എഡിജിപി എം.ആര്‍. അജിത് കുമാര്‍ - ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹേബിന്‍റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് എഡിജിപിയെ തള്ളാതെയുള്ള സ്പീക്കറുടെ പരാമര്‍ശം. ആര്‍എസ്‌എസ് നേതാക്കളായ ദത്താത്രേയ ഹൊസബലെ, റാം മാധവ് എന്നിവരെ അജിത് കുമാര്‍ സന്ദര്‍ശിച്ച സംഭവത്തിലാണ് അന്വേഷണം ആരംഭിച്ചത്.
ആരോപണങ്ങൾ തെറ്റാണെന്ന് കണ്ടെത്തിയാൽ പി.വി. അൻവറിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അജിത് കുമാർ മുഖ്യമന്ത്രിക്ക് കത്ത് നൽകി. സർക്കാർ തന്നെ നിയമനടപടി സ്വീകരിക്കണമെന്നാണ് അജിത് കുമാറിന്റെ ആവശ്യം.
2023 മെയ് 23നായിരുന്നു ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുമായി അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയത്. ദിവസങ്ങൾക്കുള്ളിൽ തിരുവനന്തപുരം കോവളത്തെ സ്വകാര്യ ഹോട്ടലിൽ ആർഎസ്എസ് നേതാവ് റാം മാധവുമായും എഡിജിപി ചർച്ച നടത്തിയെന്നാണ് ആരോപണം.