നവകേരള സദസിലെ പൊലീസിൻ്റെ നിലവിട്ട പെരുമാറ്റം; സി.സി. മുകുന്ദൻ്റെ പരാതി നിയമസഭ പ്രിവിലേജ് ആൻ്റ് എത്തിക്സ് കമ്മറ്റിയ്ക്ക് കൈമാറി സ്പീക്കർ

നാട്ടിക മണ്ഡലത്തിലെ നവകേരള സദസിനിടെ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എംഎൽഎയുടെ പരാതി
നവകേരള സദസിലെ പൊലീസിൻ്റെ നിലവിട്ട പെരുമാറ്റം; സി.സി. മുകുന്ദൻ്റെ പരാതി നിയമസഭ പ്രിവിലേജ് ആൻ്റ് എത്തിക്സ് കമ്മറ്റിയ്ക്ക് കൈമാറി സ്പീക്കർ
Published on

നവകേരള സദസിൻ്റെ സംഘാടനത്തെ ചൊല്ലി സിപിഐ എംഎൽഎ സി.സി. മുകുന്ദൻ പൊലീസിനെതിരെ നൽകിയ പരാതി നിയമസഭ പ്രിവിലേജ് ആൻ്റ് എത്തിക്സ് കമ്മറ്റി പരിശോധിക്കും. പൊലീസിന് ക്ലീൻ ചിറ്റ് നൽകിയ ആഭ്യന്തര വകുപ്പിൻ്റെ റിപ്പോർട്ട് തള്ളിയാണ് സ്പീക്കർ എ.എൻ. ഷംസീർ നിയമസഭ സമിതിക്ക് പരാതി കൈമാറിയത്. നാട്ടിക മണ്ഡലത്തിലെ നവകേരള സദസിനിടെ പൊലീസിനെതിരെ മുകുന്ദൻ പരസ്യ വിമർശനം ഉയർത്തിയത് വിവാദമായിരുന്നു.

നാട്ടികയിൽ നടന്ന നവകേരള സദസ് പരിപാടിക്കിടെ പൊലീസ് നടത്തിയ നിലവിട്ട പെരുമാറ്റത്തിനെതിരെയാണ് എംഎൽഎ സി.സി. മുകുന്ദൻ സ്പീപക്കർക്ക് പരാതി നൽകിയത്. സംസ്ഥാന പൊലീസ് മേധാവിയും തൃശൂർ റൂറൽ എസ്‌പിയും പരാതി അന്വേഷിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തി. കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി ആയിരുന്ന സലീഷ് എൻ. ശങ്കറടക്കമുള്ള ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് രണ്ട് മാസം മുൻപാണ് ആഭ്യന്തര വകുപ്പ് സ്പീക്കർക്ക് കൈമാറിയത്. എന്നാൽ ഈ റിപ്പോർട്ട് തൃപ്തികരമല്ലെന്ന് കണ്ടെത്തിയതോടെയാണ് നിയസഭ പ്രിവിലേജ് ആൻ്റ് എത്തിക്സ് കമ്മറ്റിക്ക് പരാതി കൈമാറാൻ കഴിഞ്ഞ ദിവസം സ്പീക്കർ തീരുമാനിച്ചത്.

2023 ഡിസംബർ നാലിന് നടന്ന നവകരേള സദസിനിടെ പൊലീസ് ഉദ്യോഗസ്ഥൻ്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എംഎൽഎയുടെ പരാതി. പരിപാടിക്കെത്തിയവർക്കായുള്ള കുടിവെള്ള - ഭക്ഷണ വിതരണം തടസപ്പെടുത്തി , സംഘാടക സമിതിയോട് ആലോചിക്കാതെ ക്രമീകരണങ്ങളിൽ മാറ്റം വരുത്തി തുടങ്ങിയ നടപടികൾ പൊലീസിൻ്റെ ഭാഗത്തുനിന്നുണ്ടായതായി എംഎൽഎ പറയുന്നു. എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫിനെയും മാധ്യമപ്രവർത്തകരെയും ഉപദ്രവിച്ചതായും സിസി മുകുന്ദൻ നൽകിയ പരാതിയിൽ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com