
ആശാ വര്‍ക്കര്‍മാരുടെ സമരത്തിനെതിരായ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് പരിഗണിക്കും. നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദേശം ലഭിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. ആശാവർക്കർമാരുടെ മഹാസംഗമ പ്രതിഷേധം ആരംഭിച്ചതിന് പിന്നാലെയാണ് നിർദേശം.
സെക്രട്ടറിയേറ്റ് പടിക്കൽ സംഘടിപ്പിക്കുന്ന സമരത്തിൽ സംസ്ഥാനത്ത് ഉടനീളമുള്ള ആശാ വർക്കർമാർ പങ്കെടുക്കും. 10 ദിവസമായി തുടരുന്ന സമരത്തിൽ സർക്കാർ നിലപാട് മാറ്റിയതിനെ തുടർന്നാണ് തീരുമാനം. ഓണറേറിയം ഉൾപ്പെടെ വർധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടാണ് സമരം.
കഴിഞ്ഞ ദിവസം 2 മാസത്തെ വേതന കുടിശിക അനുവദിച്ചിരുന്നു.ഓണറേറിയത്തിന് ഏർപ്പെടുത്തിയ മാനദണ്ഡങ്ങൾ ഒഴിവാക്കി. എന്നാൽ ഓണറേറിയം വർധിപ്പിക്കുന്നതിൽ തീരുമാനമായില്ല. വേതന വർധന, പിരിഞ്ഞു പോകുമ്പോഴുള്ള ആനുകൂല്യങ്ങൾ തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്ന് ആശാവർക്കർമാർ അറിയിച്ചു.
എന്നാൽ ഓണറേറിയം വർധിപ്പിക്കാത്തത് കേന്ദ്രം തുക നൽകാത്തതിനാലാണെന്നാണ് മന്ത്രി വീണാ ജോർജ് നൽകുന്ന വിശദീകരണം. കഴിഞ്ഞ വർഷത്തെ നൂറ് കോടി കേന്ദ്രം ഇനിയും തന്നിട്ടില്ല. ആശാ വർക്കറുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും ആവശ്യം ഉന്നയിച്ച് ഡൽഹിയിൽ സമരം ചെയ്യാൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം ആശാവർക്കാർമാരുടെ സമരം സന്ദർശിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതിഷേധത്തെ അനുകൂലിച്ചു. ആശാ വർക്കർമാരുടെ കേരളത്തിലെ സ്ത്രീശക്തി ബോധ്യപ്പെടുത്തിയെന്ന് വി.ഡി. സതീശൻ പറഞ്ഞു. 13,000 രൂപ നൽകുന്നുണ്ടെന്ന് സർക്കാർ കള്ളം പറയുകയാണ്. അനാവശ്യ സമരം എന്ന വീണാ ജോർജിൻ്റെ പരാമർശത്തിൽ, ആവശ്യവും അനാവശ്യവും എന്താണെന്ന് ആരോഗ്യമന്ത്രി തിരിച്ചറിയണമെന്നും വി.ഡി. സതീശൻ പറഞ്ഞു.