സ്ഥലത്തുണ്ടായിരുന്നില്ല, പാർട്ടിയോട് പറഞ്ഞിട്ടാണ് പോയത്, 'കരുതലിന് നന്ദി'; മാധ്യമങ്ങളെ പരിഹസിച്ച് മുകേഷ്

സമ്മേളനത്തിൽ പങ്കെടുക്കുന്നത് പ്രതിനിധികളാണെന്നും, താൻ സമ്മേളന പ്രതിനിധിയോ, പാർട്ടി മെമ്പറോ അല്ലെന്നും, മുകേഷ് വ്യക്തമാക്കി
സ്ഥലത്തുണ്ടായിരുന്നില്ല, പാർട്ടിയോട് പറഞ്ഞിട്ടാണ് പോയത്, 'കരുതലിന് നന്ദി'; മാധ്യമങ്ങളെ പരിഹസിച്ച് മുകേഷ്
Published on

കൊല്ലം എംഎൽഎ എം. മുകേഷ് സിപിഐഎം സംസ്ഥാന സമ്മേളന നഗരിയിൽ എത്തി. സമ്മേളനത്തിൽ എത്താത്ത മുകേഷ് എംഎൽഎയുടെ അഭാവം വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. ചർച്ചകൾക്കും വിവാദങ്ങൾക്കും തടയിട്ട് കൊണ്ടാണ് മുകേഷ് ഇന്ന് സമ്മേളന നഗരിയിലെത്തിയത്. മാധ്യമങ്ങളുടെ ഈ കരുതലിന് പ്രത്യേകം നന്ദിയുണ്ടെന്ന് പരിഹസിച്ചു കൊണ്ടായിരുന്നു മുകേഷിൻ്റെ ആദ്യപ്രതികരണം. താൻ സ്ഥലത്തുണ്ടായിരുന്നില്ലെന്നും, പാർട്ടിയോട് പറഞ്ഞാണ് പോയതെന്നും മുകേഷ് പറഞ്ഞു.


കൊല്ലത്തുനിന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറുമ്പോഴേക്കും ഇത്രയും സ്നേഹം തരുന്നതിനും പരിഹാസരൂപേണ എംഎൽഎ നന്ദി പറയുകയും ചെയ്തു. സമ്മേളനത്തിൽ പങ്കെടുക്കുന്നത് പ്രതിനിധികളാണെന്നും, താൻ സമ്മേളന പ്രതിനിധിയോ, പാർട്ടി മെമ്പറോ അല്ലെന്നും, മുകേഷ് വ്യക്തമാക്കി. "നമ്മളില്ലാതെ കൊല്ലം ഇല്ല. ഇന്ന് രാവിലെ ലണ്ടനിൽ നിന്ന ഒരാൾ വിളിച്ചിട്ട് സംസ്ഥാന സമ്മേളനത്തിന് പോകുന്നില്ലേയെന്ന് ചോദിച്ചു. ആ വിളിച്ചയാൾ പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. പിന്നെന്തിനാണ് താങ്കൾ ലണ്ടനിൽ പോയതെന്ന് ചോദിച്ചപ്പോൾ ജോലി ചെയ്യാൻ വന്നെന്നായിരുന്നു പറഞ്ഞത്. ജോലിക്ക് വേണ്ടി തന്നെയാണ് ഞാനും പോയത്", മുകേഷ് പറഞ്ഞു.



കൊല്ലത്ത് നടന്നു കൊണ്ടിരിക്കുന്ന സംസ്ഥാന സമ്മേളനത്തിൽ കൊല്ലം എംഎൽഎ കൂടിയായ മുകേഷ് പങ്കെടുക്കാത്തത് വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. എംഎൽഎയ്ക്ക് അപ്രഖ്യാപിത വിലക്ക് എന്നതടക്കമുള്ള ആരോപണങ്ങൾ ഉയരുകയും ചെയ്തിരുന്നു. പീഡനക്കേസ് അടക്കം നിരവധി വിവാദങ്ങൾ നേരിടുന്നതിനിടെ സമ്മേളനത്തിൽ മുകേഷിൻ്റെ എത്താത്തത് ആരോപണങ്ങളുടെ ആക്കം കൂട്ടി.

മുകേഷ് എംഎൽഎയുടെ അസാന്നിധ്യത്തെ പറ്റിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ    ക്ഷുഭിതനായിരുന്നു. എംഎൽഎ ഇല്ലെങ്കിൽ എന്താണ് കുഴപ്പമെന്നും, മുകേഷിനെ നിങ്ങൾ അന്വേഷിച്ചാൽ മതിയെന്നും, അത് അന്വേഷിക്കലല്ല തൻ്റെ പണിയെന്നുമായിരുന്നു എം.വി. ഗോവിന്ദൻ്റെ പ്രതികരണം. മാർച്ച് 6നായിരുന്നു സിപിഐഎം സംസ്ഥാനസമ്മേളനത്തിന് കൊടിയേറിയത്. 3842 ബ്രാഞ്ച് സമ്മേളനങ്ങളും, 2444 ലോക്കൽ സമ്മേളനങ്ങളും, 210 ഏരിയാ സമ്മേളനങ്ങളും, 14 ജില്ലാ സമ്മേളനങ്ങളും പൂർത്തിയാക്കിയാണ് പാർട്ടി സംസ്ഥാന സമ്മേളനത്തിലേക്ക് കടന്നത്. മൂന്ന് പതിറ്റാണ്ടിനുശേഷമാണ്  കൊല്ലം സിപിഐഎം സംസ്ഥാന സമ്മേളനത്തിന് വേദിയായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com