ഇന്ത്യൻ തെരഞ്ഞെടുപ്പിലെ അമേരിക്കൻ ധനസഹായം: വിദേശ ശക്തികളുടെ ഇടപെടൽ ആശങ്കപ്പെടുത്തുന്നതെന്ന് വിദേശകാര്യ വക്താവ്

വിഷയത്തിൽ ബന്ധപ്പെട്ട വകുപ്പുകളും ഏജൻസികളും പരിശോധന നടത്തിവരികയാണെന്നും രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
ഇന്ത്യൻ തെരഞ്ഞെടുപ്പിലെ അമേരിക്കൻ ധനസഹായം: വിദേശ ശക്തികളുടെ ഇടപെടൽ ആശങ്കപ്പെടുത്തുന്നതെന്ന് വിദേശകാര്യ വക്താവ്
Published on

ഇന്ത്യൻ തെരഞ്ഞെടുപ്പിലെ അമേരിക്കൻ ധനസഹായത്തിൽ ആശങ്ക പ്രകടിപ്പിച്ച് വിദേശകാര്യ മന്ത്രാലയം. തെരഞ്ഞെടുപ്പിൽ വിദേശ ശക്തികളുടെ ഇടപെടൽ ആശങ്കപ്പെടുത്തുന്നതാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ഇത്തരം വെളിപ്പെടുത്തലുകൾ വലിയ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. വിഷയത്തിൽ ബന്ധപ്പെട്ട വകുപ്പുകളും ഏജൻസികളും പരിശോധന നടത്തിവരികയാണെന്നും രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.



"ചില പ്രവർത്തനങ്ങളെയും ധനസഹായത്തെയും കുറിച്ച് യുഎസ് ഭരണകൂടം പുറത്തുവിട്ട വിവരങ്ങൾ ഞങ്ങൾ കണ്ടു. ഇവ വളരെ അസ്വസ്ഥത ഉളവാക്കുന്നവയാണ്," രൺധീർ ജയ്‌സ്വാൾ പറഞ്ഞു. വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ ഇടപെടലുകൾ ഉണ്ടാകുമെന്ന തരത്തിലുള്ള ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകളും ഏജൻസികളും ഇത് പരിശോധിക്കുന്നുണ്ട്. വിഷയത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നെന്നും ജയ്‌സ്വാൾ പറഞ്ഞു.

വ്യാഴാഴ്ച മിയാമിയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനു ജോ ബൈഡൻ ഭരണകൂടം ഫണ്ട് അനുവദിച്ചതിനെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചോദ്യം ചെയ്തിരുന്നു. മറ്റാരെയോ ഇന്ത്യയിൽ അധികാരത്തിൽ എത്തിക്കാനായിരുന്നോ ശ്രമമെന്നായിരുന്നു ട്രംപിന്റെ ചോദ്യം. 21 മില്യൺ ഡോളറാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് (USAID) വോട്ടിങ് ശതമാനം വർധിപ്പിക്കാനായി ഇന്ത്യക്ക് നൽകിയത്. ഈ ഫണ്ടിങ് റദ്ദാക്കുന്നതായി ഇലോൺ മസ്‌കിൻ്റെ നേതൃത്വത്തിലുള്ള ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഗവൺമെൻ്റ് എഫിഷ്യൻസി(DOGE) പ്രഖ്യാപിച്ചിരുന്നു.


ഇതോടെ വിഷയം വലിയ വിവാദമായി. മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺ​ഗ്രസിനെതിരെ ആരോപണവുമായി ബിജെപി രം​ഗത്തെത്തി. വോട്ടിങ് ശതമാനം വർധിപ്പിക്കാൻ ഫണ്ട് നൽകുന്നുണ്ടെങ്കിൽ അത് ബാഹ്യ ഇടപെടലാണെന്നും ഗുണം എന്തായാലും ഭരണകക്ഷിക്കല്ലെന്നുമായിരുന്നു ബിജെപി നേതാവ് അമിത് മാളവ്യയുടെ പ്രതികരണം. ഇന്ത്യൻ സംവിധാനങ്ങളിലേക്ക് വിദേശ ശക്തികൾ നടത്തുന്ന "ക്രമാനുഗതമായ നുഴഞ്ഞുകയറ്റവുമായിട്ടാണ്" മാളവ്യ ഈ ഫണ്ടിങ്ങിനെ ബന്ധപ്പെടുത്തിയത്. ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷനുകൾ വഴി ആഭ്യന്തര രാഷ്ട്രീയത്തെ സ്വാധീനിക്കുന്നുവെന്ന് വലതുപക്ഷ രാഷ്ട്രീയ നേതാക്കൾ കുറ്റപ്പെടുത്തുന്ന ഹംഗേറിയൻ വംശജനായ യുഎസ് ഫിനാൻസിയർ ജോർജ് സോറോസിനെതിരെയും മാളവ്യ ആരോപണം ഉന്നയിച്ചു. കോൺ​ഗ്രസുമായും ​ഗാന്ധി കുടുംബവുമായും ബന്ധമുള്ള സോറസിന്റെ നിഴൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് സംവിധാനത്തിൽ വീണുകിടക്കുന്നുവെന്നായിരുന്നു ബിജെപി നേതാവിന്റെ ആരോപണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com