
അർജന്‍റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാൻ കായിക മന്ത്രി വി അബ്ദുറഹ്മാൻ സ്പെയിനിലേക്ക്. നാളെ പുലർച്ചെയാണ് മന്ത്രി സ്പെയിനിലേക്ക് തിരിക്കുന്നത്. മാഡ്രിഡിൽ എത്തുന്ന മന്ത്രി അർജന്റീന ഫുട്ബോൾ പ്രതിനിധികളുമായി ചർച്ച നടത്തും. മന്ത്രിക്കൊപ്പം സ്പോർട്സ് വകുപ്പ് ഡയറക്ടറും സെക്രട്ടറിയും ഉണ്ടാകും.
അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികളുമായി കായിക മന്ത്രി ഓണ്‍ലൈനായി മുൻപ് ചര്‍ച്ച നടത്തിയിരുന്നു. ഈ വര്‍ഷം ജൂണില്‍ എത്തും എന്ന് അറിയിച്ചിരുന്നെങ്കിലും കേരളത്തില്‍ മഴക്കാലമായതിനാല്‍ അര്‍ജന്‍റീന പ്രയാസം അറിയിച്ചതിനെ തുടര്‍ന്ന് മാറ്റുകയായിരുന്നു.
ലിയോണല്‍ മെസ്സി അടക്കമുള്ള അര്‍ജന്‍റീന ദേശീയ ടീം ഇന്ത്യയില്‍ കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഭീമമായ ചെലവ് താങ്ങാന്‍ കഴിയില്ലെന്ന കാരണത്താല്‍ ഇന്ത്യ ആ അവസരം നഷ്ടപ്പെടുത്തി എന്ന വാര്‍ത്ത കേരളത്തിലെ ഫുട്ബാള്‍ പ്രേമികളില്‍ സൃഷ്ടിച്ച നിരാശയാണ് അർജന്‍റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാന്‍ പ്രേരകമായതെന്ന് മുൻപ് കായിക മന്ത്രി തന്റെ സമൂഹ മാധ്യമ പോസ്റ്റിലൂടെ പറഞ്ഞിരുന്നു.