
കേരള ഒളിംപിക് അസോസിയേഷൻ പ്രസിഡൻ്റ് വി. സുനിൽ കുമാറിനെ പരസ്യമായി വിമർശിച്ച് കായിക മന്ത്രി വി. അബ്ദുറഹിമാൻ. കായിക വകുപ്പിനെ വിമർശിക്കുന്ന സുനിൽകുമാർ തൻ്റെ നേതൃത്വത്തിലുള്ള ഹോക്കി സംഘടനയിലെ സംസ്ഥാന പ്രാതിനിധ്യം എത്രയാണെന്ന് ആലോചിക്കണമെന്ന് മന്ത്രി പറഞ്ഞു.
കായിക മേഖലയിലെ വികസനത്തിന് കായിക സംഘടനകളുടെ ഏകീകരണം അത്യാവശ്യമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു. സ്പോർട്സ് കൗൺസിലുകൾക്ക് സർക്കാർ എല്ലാത്തരം സാമ്പത്തിക പിന്തുണയും നൽകുന്നുണ്ട്. കളരിപ്പയറ്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ഉള്ളവരുടെ തലതിരിഞ്ഞ സമീപനം കേരളത്തിൻ്റെ മെഡൽ സാധ്യതകളെ നഷ്ടപ്പെടുത്തിയെന്നും മന്ത്രി ആരോപിച്ചു.
നേരത്തെ ദേശീയ കായികമേളയിൽ കേരളം പിന്തള്ളപ്പെടാൻ കാരണം മന്ത്രി അബ്ദുറഹിമാനും സ്പോർട്സ് കൗൺസിലും ആണെന്നാരോപിച്ച് ഒളിംപിക് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് സുനിൽ കുമാർ രംഗത്ത് എത്തിയിരുന്നു. ഇതേ തുടർന്നാണ് മന്ത്രിയുടെ പ്രതികരണം.
മന്ത്രി വി. അബ്ദുറഹിമാന് എതിരെയുള്ള ഒളിംപിക് അസോസിയേഷൻ്റെ ആരോപണങ്ങൾക്ക് മറുപടിയുമായി സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് യു. ഷറഫലി രംഗത്തെത്തി. കേരള ഒളിംപിക് അസോസിയേഷൻ കേരളത്തിലെ കായിക മേഖലയ്ക്ക് ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്നും ഷറഫലി വിമർശിച്ചു. ഒളിംപിക് അസോസിയേഷൻ പ്രസിഡൻ്റിൻ്റെ പ്രസ്താവന നിരുത്തരവാദപരമാണ്. ആരോപണങ്ങൾ കേരള സ്പോർട്സ് കൗൺസിൽ വിശദമായി പരിശോധിക്കും.
സംസ്ഥാന സ്പോർട്സ് കൗൺസിൽ ചെയ്തതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ഇടതു സർക്കാർ സ്പോർട്സ് കൗൺസിലിന് പണം അനുവദിച്ചിട്ടുണ്ട്. അത് തയ്യാറെടുപ്പിനായി നൽകിയിരുന്നു. ചരിത്രത്തിലാദ്യമായാണ് താരങ്ങളെ വിമാനത്തിൽ കൊണ്ടുപോയത്. ഇത് കായിക താരങ്ങൾക്ക് വലിയ ആശ്വാസമായി. അതോടെ മൂന്ന് ദിവസത്തെ ട്രെയിൻ യാത്ര ഒഴിവായി.
സർവീസസിന് വേണ്ടി മെഡൽ നേടിയ 50 ശതമാനവും മലയാളികളാണ്. കളരിപ്പയറ്റ് ഉൾപ്പെടുത്താൻ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ തയ്യാറായില്ല. ഒളിംപിക് അസോസിയേഷൻ പ്രസിഡൻ്റ് സുനിൽ കുമാർ ഹോക്കി അസോസിയേഷൻ പ്രസിഡൻ്റ് കൂടിയാണ്. 10 വർഷമായി തലപ്പത്തിരിക്കുന്ന സുനിൽ കുമാർ ഹോക്കിയെ എന്തു ചെയ്തു? ഒരു മത്സരത്തിൽ പങ്കെടുപ്പിക്കാൻ പോലും പറ്റാതാക്കി. എല്ലാ വർഷവും 10 ലക്ഷം വീതം സർക്കാർ നൽകുന്നുണ്ട്.