
'ഭാവിയിലെ ജോലിക്കായി തയ്യാറെടുത്ത രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാംസ്ഥാനത്ത്'. പ്രധാനമന്ത്രി നരേന്ദ്രമോദി ഇങ്ങനെ ട്വീറ്റ് ചെയ്തത് ക്യൂ എസ്, വേള്‍ഡ് ഫ്യൂച്ചര്‍ സ്‌കില്‍സ് ഇന്‍ഡക്‌സിന്റെ 2025 ലെ റാങ്കിങ് പങ്കുവച്ചാണ്. അതോടെ രാജ്യത്തെ മുഴുവന്‍ മാധ്യമങ്ങളിലും ഇതു വലിയ വാര്‍ത്തയായി. അമേരിക്കയ്ക്കു തൊട്ടുപിന്നില്‍ ഇന്ത്യ എന്ന് എങ്ങും ആഘോഷിക്കപ്പെട്ടു. ആ റാങ്കിങ് പൂര്‍ണമായും വായിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാകും. ഭാവിയിലെ തൊഴില്‍ സാധ്യത മുന്നില്‍ കണ്ട് സാമ്പത്തികമായുള്ള തയ്യാറെടുപ്പില്‍ ഇന്ത്യ നാല്‍പ്പതാം സ്ഥാനത്താണ്. ഭാവിയിലെ തൊഴിലുകള്‍ക്ക് വേണ്ട നിപുണി നേടുന്നതില്‍ നാല്‍പ്പത് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 37ആം സ്ഥാനത്താണ്. ഓവറോള്‍ റാങ്കിങ്ങില്‍ ഏഷ്യയില്‍ പോലും സിംഗപ്പൂര്‍ റാങ്ക് 9, ദക്ഷിണ കൊറിയ റാങ്ക് 10, ചൈന റാങ്ക് 11 എന്നിങ്ങനെ ഇന്ത്യക്കു മുന്നിലാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഇന്ത്യയുടെ റാങ്ക് 25 മാത്രവും.
നമ്മുടെ കുട്ടികള്‍ക്ക് എന്തുജോലിയാണ് കിട്ടാന്‍ പോകുന്നത്?
ഓരോന്നായി എടുക്കാം. പണിയറിയാവുന്നവര്‍, അഥവാ ജോലിക്കു പറ്റിയ നൈപുണ്യമുള്ളവര്‍ താമസിക്കുന്ന രാജ്യങ്ങളുടെ പട്ടിക എടുക്കുക. 30 രാജ്യങ്ങളാണ് ആ പട്ടികയില്‍. ഇന്ത്യ അവിടെ മുപ്പതാം സ്ഥാനത്താണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഹെല്‍ത്ത്‌കെയര്‍, ബയോ ടെക്‌നോളജി തുടങ്ങിയ അടിസ്ഥാനമാക്കിയുള്ള നൈപുണ്യത്തിന്റെ കാര്യത്തിലാണ് ഇത്. മാറിക്കൊണ്ടിരിക്കുന്ന തൊഴില്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വിദ്യാഭ്യാസസംവിധാനം മാറ്റുന്നതില്‍ ഇന്ത്യ ഏറെ പിന്നിലാണെന്നാണ് ഇതിനു കാരണമായി റിപ്പോര്‍ട്ട് പറയുന്നത്. ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് തൊഴില്‍ ദാതാവിന്റെ ആഗ്രഹങ്ങള്‍ക്കൊപ്പം എത്താന്‍ കഴിയുന്നില്ല. ഭാവിയിലെ സുസ്ഥിര വികസനം മുന്നില്‍ക്കണ്ടുള്ള പരിഷ്‌കരണങ്ങളില്‍ ഇന്ത്യക്കു കിട്ടിയ പോയിന്റ് നൂറില്‍ 15.6 ആണ്. ജി സെവന്‍ രാജ്യങ്ങള്‍ക്ക് ഇക്കാര്യത്തില്‍ 68.3 ആണ്. ഇന്ത്യയേക്കാള്‍ നാലുമടങ്ങിലേറെ മുന്നില്‍. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് 59 പോയിന്റ്. ഏഷ്യയിലെ പസഫിക്കിലേയും രാജ്യങ്ങള്‍ ഒന്നിച്ചെടുത്താല്‍ 44.7. ഏഷ്യയില്‍ പോലും അവിടെ ഏറ്റവും പിന്നിലുള്ള രാജ്യമാണ് ഇന്ത്യ.
Also Read: കൂടുതല്‍ അഴുകാതിരിക്കട്ടെ തലസ്ഥാനനഗരം
കാലത്തിന് അനുസരിച്ചു മാറിയോ?
കാലത്തിന് അനുസരിച്ച് പുതിയ തൊഴില്‍ മേഖലയ്ക്കായി സാമ്പത്തികമായി തയ്യാറെടുത്ത രാജ്യങ്ങളുടെ പട്ടിക എടുക്കുക. അതില്‍ ഇന്ത്യക്ക് നാല്‍പ്പതാം സ്ഥാനമാണ്. പുതിയ നിക്ഷേപങ്ങള്‍ വരുന്നതിലും നവ ആശയങ്ങള്‍ നടപ്പാക്കുന്നതിലും ഇന്ത്യ ഏറെ പിന്നിലാണ്. ഉന്നത വിദ്യാഭ്യാസ മേഖല അടിമുടി മാറ്റാന്‍ ആവശ്യത്തിന് പണം മുടക്കാതെ ഇന്ത്യയില്‍ ഉയര്‍ച്ച സാധ്യമല്ല. ആഗോള സാമ്പത്തിക രംഗത്ത് കൂടുതല്‍ വളരണമെങ്കിലും വിദ്യാഭ്യാസ രംഗത്ത് വലിയതോതില്‍ നിക്ഷേപം എത്തണമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇനി വിദ്യാഭ്യാസപരമായി ഇന്ത്യ സജ്ജമാണോ എന്ന ചോദ്യത്തിനും അല്ല എന്നു തന്നെയാണ് ആ റിപ്പോര്‍ട്ട് പറയുന്ന ഉത്തരം. ഇന്ത്യ ഇരുപത്തിയാറാം സ്ഥാനത്തു മാത്രമാണ്. ഇനി ആ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്ന ഏറ്റവും ഗുരതരമായ പ്രശ്‌നത്തിലേക്കു വരാം. ഇന്ത്യയിലെ ബിരുദധാരികള്‍ ഒരു തൊഴിലും ചെയ്യാന്‍ പ്രാപ്തരാകുന്നില്ല എന്നാണ് ആ റിപ്പോര്‍ട്ട് അടിവരയിട്ടു പറയുന്നത്. ഏഷ്യയിലെ മറ്റ് രാജ്യങ്ങളേക്കാളൊക്കെ മോശമാണ് അക്കാര്യത്തില്‍ ഇന്ത്യയുടെ സ്ഥിതി. ചൈന മാത്രമല്ല, ദക്ഷിണ കൊറിയയും സിംഗപ്പൂരുമൊക്കെ ബഹുദൂരം മുന്നിലാണ്. ഇന്ത്യയിലെ സര്‍വകലാശാലകള്‍ കാലത്തിനൊത്ത് തയ്യാറെടുക്കാതെ മാറ്റം സംഭവിക്കില്ല. അതിനു നിക്ഷേപം നടത്തേണ്ടത് കേന്ദ്രസര്‍ക്കാരുമാണ്.
Also Read: കണ്ണില്‍ച്ചോരയില്ലാതെ ട്രംപിന്റെ കടുംവെട്ട്
ലോകത്തെ തൊഴില്‍ മേഖല എങ്ങനെ മാറും?
2030 ആകുമ്പോഴേക്കും എഐ അധിഷ്ടിത നൈപുണ്യത്തില്‍ അറുപതു ശതമാനം വളര്‍ച്ചയാണ് ലോകത്ത് ഉണ്ടാവുക. ഡിജിറ്റല്‍ നൈപുണ്യത്തില്‍ 35 ശതമാനവും വളര്‍ച്ചയുണ്ടാകും. പരിസ്ഥിതി മലിനമാക്കാത്ത ഗ്രീന്‍ വ്യവസായങ്ങള്‍ അപ്പോഴേക്കും രണ്ടരക്കോടി ആളുകള്‍ക്കു പുതിയതായി ജോലി നല്‍കും. ഈ ജോലി സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന വിധത്തില്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നുണ്ടോ എന്ന ചോദ്യമാണ് രാജ്യത്തിനു നേരെ ഉയരുന്നത്. പുനരുപയോഗ ഊര്‍ജ്ജമേഖലയും ആരോഗ്യസംരക്ഷണ മേഖലയും ആണ് ഇനി ഏറ്റവും കൂടുതല്‍ വളര്‍ച്ചാ സാധ്യതയുള്ളത്. സമ്പൂര്‍ണ വിദ്യാഭ്യാസ പരിഷ്‌കാരം. അതിനായി വലിയ തോതിലുള്ള മൂലധന നിക്ഷേപം. ഇതു രണ്ടും നടത്തണം എന്നാണ് ആ റിപ്പോര്‍ട്ട് രാജ്യത്തോട് പറയുന്നത്. ഇന്ത്യയുടെ മികവ് ഭരിക്കുന്നവര്‍ മാത്രമല്ല ഓരോ ഇന്ത്യക്കാരനും വിളിച്ചുപറയേണ്ടതുണ്ട്. അതുപക്ഷേ മികവുള്ള കാര്യങ്ങളില്‍ ആകണം.
പറയേണ്ടത്, ഇനിയും വളരാനുണ്ടെന്ന്
ഇന്ത്യ ലോകത്ത് ഇരുപത്തിയാറാം സ്ഥാനത്താണെന്നും ഏഷ്യയില്‍ സിംഗപ്പൂരും ചൈനയും ദക്ഷിണകൊറിയയും നമ്മുടെ മുന്നിലുണ്ടെന്നുമാണ് പറയേണ്ടത്. ഇവിടെ ഭാവിയെമുന്നില്‍ക്കണ്ട് വളരാന്‍ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തുണ്ട്. അമേരിക്ക കഴിഞ്ഞാല്‍ ഇന്ത്യയില്‍ ആ സാധ്യത വരുന്നത് തുറന്നിട്ട വിപണിയാണ് എന്നതിനാലാണ്. ചൈനയുടെ മാനവവിഭവശേഷി ചൈനയിലാണ് കൂടുതലായി ഉപയോഗിക്കപ്പെടുന്നത്. ഇന്ത്യഅക്കാര്യത്തില്‍ ചൈനയേക്കാളൊക്കെ മുന്നിലാണ്. ആ റിപ്പോര്‍ട്ട് അതുമാത്രമാണ് ഇന്ത്യയെക്കുറിച്ച് ശുഭസൂചകമായി പറയുന്നത്. ശേഷിക്കുന്നതെല്ലാം ഇന്ത്യ ഇനിയും ഏറെ മെച്ചപ്പെടാനുണ്ട് എന്ന വിവരമാണ്. ആ വിവരം ജനങ്ങളോട് പങ്കുവയ്ക്കുന്നതിനാണ് ബൌദ്ധിക സത്യസന്ധത എന്നു പറയുന്നത്. നേതാക്കളില്‍ നിന്നും മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്നും ജനതയ്ക്കു ലഭിക്കേണ്ടത് ആ സുതാര്യതയാണ്.