SPOT LIGHT | കേരളം തല ഉയര്‍ത്തിയ സാമ്പത്തിക സര്‍വേ

കേരളം എങ്ങനെ കടബാധ്യതയുള്ള സംസ്ഥാനമായി എന്നും സര്‍വേയില്‍ നിന്നു കണ്ടെത്താം. വ്യവസായവല്‍ക്കരണത്തില്‍ പിന്നിലാണെങ്കിലും റിയല്‍ എസ്റ്റേറ്റ് മേഖലയും സര്‍വീസ് രംഗവുമാണ് കേരളത്തെ മികച്ച നിലയില്‍ എത്തിച്ചത്
SPOT LIGHT | കേരളം തല ഉയര്‍ത്തിയ സാമ്പത്തിക സര്‍വേ
Published on

കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയുടെ മേശപ്പുറത്തു വച്ച ഇക്കണോമിക് സര്‍വേ കേരളത്തെക്കുറിച്ച് എന്തൊക്കെ പറയുന്നു? നീതി അയോഗ് തയ്യാറാക്കിയ ആ റിപ്പോര്‍ട്ടില്‍ കേരളത്തെക്കുറിച്ച് വളരെ നല്ല കാര്യങ്ങളുമുണ്ട്. അതോടൊപ്പം സാമ്പത്തിക സ്ഥിരതയില്ലായ്മയെ കുറിച്ചുള്ള വിവരങ്ങളുമുണ്ട്. നൂറ്റിനാല്‍പ്പത്തിരണ്ടര കോടി പൗരന്മാരുള്ള ഇന്ത്യയില്‍ വെറും മൂന്നരക്കോടി മാത്രമാണ് കേരളത്തില്‍. 139 കോടി ജനങ്ങളുള്ളത് സഹോദര സംസ്ഥാനങ്ങളിലാണ്. ആ സംസ്ഥാനങ്ങള്‍ക്കെല്ലാം മാതൃകയാക്കാവുന്ന എട്ടു കാര്യങ്ങള്‍ കേരളത്തെക്കുറിച്ച് സാമ്പത്തിക സര്‍വേ പറയുന്നുണ്ട്. അതൊരു വലിയ നേട്ടം തന്നെയാണ്. അതോടൊപ്പം കേരളം എങ്ങനെ കടബാധ്യതയുള്ള സംസ്ഥാനമായി എന്നും സര്‍വേയില്‍ നിന്നു കണ്ടെത്താം. വ്യവസായവല്‍ക്കരണത്തില്‍ പിന്നിലാണെങ്കിലും റിയല്‍ എസ്റ്റേറ്റ് മേഖലയും സര്‍വീസ് രംഗവുമാണ് കേരളത്തെ മികച്ച നിലയില്‍ എത്തിച്ചത്.



തല ഉയര്‍ത്തിയ സാമ്പത്തിക സര്‍വേ



ഇന്ത്യയില്‍ ഇപ്പോഴും വെളിയിട വിസര്‍ജ്ജനം നടത്തേണ്ടി വരുന്നവരുള്ള നിരവധി സംസ്ഥാനങ്ങളുണ്ട്. ആ സംസ്ഥാനങ്ങള്‍ മാതൃകയാക്കേണ്ടത് കേരളത്തെയും മധ്യപ്രദേശിനെയുമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഇക്കണോമിക് സര്‍വേ വിഷയങ്ങളിലേക്കു കടക്കുന്നത്. ഇക്കാര്യത്തില്‍ പ്രാദേശിക തലത്തിലെ ഇടപെടലുകളില്‍ മാതൃകയാക്കേണ്ട ആദ്യസംസ്ഥാനം കേരളമാണെന്നും പറയുകയാണ് സര്‍വേ. ഇതു മാത്രമല്ല, കേരളത്തിലെ വ്യവസായ ഭൂപടം എങ്ങനെയാണെന്നു വ്യക്തമായി പറയുന്നുണ്ട് ഈ രേഖകള്‍. ഏറ്റവും കുറവ് വ്യവസായവല്‍ക്കരിക്കപ്പെട്ട സംസ്ഥാനമാണ് കേരളം. എന്നാല്‍, നിര്‍മാണ രംഗത്ത് ഏറ്റവും മികച്ച പ്രകടനമാണ് കേരളം കാഴ്ചവയ്ക്കുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മികവാണ് കേരളത്തിന്റെ വ്യവസായ മേഖലയെ പിടിച്ചുനിര്‍ത്തുന്നത്. വ്യവസായ ഉത്പാദനത്തില്‍ പകുതിയും കേരളത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്നാണ്.



സേവന മേഖലയിലും കേരളത്തിന് മികവ്



ഇന്ത്യയിലെ ജനസംഖ്യയുടെ രണ്ടു ശതമാനം മാത്രമാണ് കേരളത്തില്‍. എന്നാല്‍ സേവന മേഖല ഏറ്റവും മികവോടെ പ്രവര്‍ത്തിക്കുന്ന സംസ്ഥാനങ്ങളുടെ മുന്‍നിലയില്‍ കേരളവുമുണ്ട്. സംസ്ഥാനത്തിന്റെ മൊത്തം ഉത്പാദനത്തിന്റെ ആറുശതമാനത്തോളം സര്‍വീസ് മേഖലയില്‍ നിന്നാണ്. ആന്ധ്രാപ്രദേശും മധ്യപ്രദേശും പഞ്ചാബും രാജസ്ഥാനും ഉത്തര്‍പ്രദേശുമെല്ലാം ഇക്കാര്യത്തില്‍ കേരളത്തേക്കാള്‍ വളരെ പിന്നിലാണ്. ടെക്കി സംസ്ഥാനമായ തെലങ്കാനയ്‌ക്കൊപ്പം തന്നെ കേരളവും ഉണ്ട്. ഇതിനു പ്രധാന കാരണം കേരളത്തിലെ ഐടി അധിഷ്ടിത വ്യവസായങ്ങളാണ്. തിരുവനന്തുപുരം ടെക്‌നോ പാര്‍ക്ക് കൊച്ചിയിലെ ഇന്‍ഫോപാര്‍ക്ക് എന്നിവയുമുണ്ട് ഈ നേട്ടത്തെ സഹായിച്ച്. ഇക്കാര്യത്തില്‍ 22 സംസ്ഥാനങ്ങള്‍ കേരളത്തിനു പിന്നിലാണ് എന്ന് അറിയുമ്പോഴാണ് നമുക്ക് അഭിമാനിക്കാന്‍ വകയുണ്ട് എന്ന് മനസ്സിലാവുക. വ്യാപാരത്തിനു പുറമെ ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് സര്‍വീസുകളുടെ കാര്യത്തിലും കേരളം ഏറെ മുന്നിലാണ്. ടൂറിസം രംഗത്തു പതിറ്റാണ്ടുകളായുള്ള മുന്‍തൂക്കമാണ് കേരളത്തെ ഈ മികച്ച നിലയില്‍ എത്തിക്കുന്നത്.



റിയല്‍ എസ്റ്റേറ്റ് ആണ് ശ്രദ്ധാകേന്ദ്രം

റിയല്‍ എസ്റ്റേറ്റ് കേരളത്തില്‍ എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്ന് വ്യക്തമായി പറയുകയാണ് സാമ്പത്തിക സര്‍വേ. വിശാലസംസ്ഥാനമായ തമിഴ്‌നാടിനു പോലും മുകളിലാണ് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സ്ഥാനം. കേരളത്തിനൊപ്പം ഹരിയാനയുമുണ്ട്. മുകളില്‍ മഹാരാഷ്ട്രയും തെലങ്കാനയും മാത്രം. സംസ്ഥാനത്തെക്കുറിച്ചുള്ള പൊതു സങ്കല്‍പ്പത്തെ തന്നെ മാറ്റിമറിക്കുന്നതാണ് ഈ വിവരം. മുബൈ ഉള്‍പ്പെടുന്ന സംസ്ഥാനമായതിനാല്‍ മഹാരാഷ്ട്ര റിയല്‍ എസ്റ്റേറ്റില്‍ മുന്‍നിരയിലാണ്. രാജ്യത്തെ ആഡംബര കെട്ടിടങ്ങള്‍ എല്ലാം ഉയരുന്നത് മുംബൈയിലാണ്. തെലങ്കാന മുന്നിലെത്തുന്നത് ടെക്‌നോ സിറ്റിയായ ഹൈദരാബാദിന്റെ മികവിലാണ്. കേരളത്തില്‍ ഇന്‍ഫോ, ടെക്‌നോ പാര്‍ക്കുകളേക്കാള്‍ ഗുണപരമാകുന്നത് മറ്റൊരു ഘടകമാണ്. റിയല്‍ എസ്റ്റേറ്റില്‍ പണമിറക്കുന്ന പ്രവാസികള്‍. ഗള്‍ഫ് പ്രവാസികള്‍ മാത്രമല്ല യൂറോപ്പിലുള്ളവരും നാട്ടില്‍ ഭേദപ്പെട്ട കെട്ടിടങ്ങള്‍ നിര്‍മിക്കുന്ന വര്‍ഷങ്ങളാണ്. എല്ലാവരും പക്കാ വീടുകളിലേക്ക് മാറുന്ന കാലവുമാണ്. വന്‍കിടകെട്ടിടങ്ങളുടെ നിര്‍മാണത്തില്‍ സാമ്പത്തിക മാന്ദ്യം പിടിമുറുക്കുന്നുണ്ടെങ്കിലും ഒറ്റയ്‌ക്കൊറ്റയ്ക്കു വീടുവയ്ക്കുകയും പൊളിച്ചുപണിയുകയും ചെയ്യുന്നവരുടെ എണ്ണം പതിന്മടങ്ങ് കൂടുന്നു എന്നാണ് കണക്കുകള്‍.

പാട്ടഭൂമിയുടെ കേരളാ മാതൃക



രാജ്യത്തെ കാര്‍ഷിക ഭൂമികള്‍ ഉപയോഗപ്പെടുത്താന്‍ കേരളാ മാതൃക പ്രയോജനപ്പെടുത്തണം എന്നാണ് സര്‍വേ പറയുന്നത്. കേരളം കാര്‍ഷിക സംസ്ഥാനമേ അല്ലെങ്കിലും ഇവിടുത്തെ സ്വാശ്രയ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് സാമ്പത്തിക സര്‍വേയില്‍ എടുത്തു പറയുന്നത്. സ്ത്രീകളുടേയും പുരുഷന്മാരുടേയും സ്വാശ്രയ സംഘങ്ങള്‍ക്ക് മൂന്നുവര്‍ഷത്തില്‍ അധിക കാലത്തേക്കുള്ള പാട്ടത്തിന് ഭൂമി നല്‍കുന്ന രീതിയാണ് ചൂണ്ടിക്കാണിക്കുന്നത്. 1872ലെ കരാര്‍ വ്യവസ്ഥ അനുസരിച്ചാണ് കേരളം കാര്‍ഷിക ഭൂമി കൈമാറുന്നത്. ഇതിലൂടെ ഭൂഉടമയ്ക്ക് പാട്ടത്തുകയോ ഉത്പന്നത്തിന്റെ വിഹിതമോ ലഭിക്കുന്നു. ഈ ഇടപാടില്‍ പഞ്ചായത്തു കൂടി ഒരു കക്ഷിയാകുന്നതിനാല്‍ സ്വശ്രയ സംഘങ്ങള്‍ക്ക് വിള ഇന്‍ഷൂറന്‍സും ലഭിക്കുന്നു. മൂന്നുമുതല്‍ അഞ്ചുവര്‍ഷത്തേക്ക് ആയതിനാല്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ മേഖലയ്ക്ക് ഏറെ അനുയോജ്യമാണ്. പാവങ്ങള്‍ക്ക് കൃഷിഭൂമിയില്‍ പങ്കാളിത്തമുണ്ടാകാനും ഇതു വഴിതെളിക്കുന്നു. സ്വാശ്രയ സംഘങ്ങളിലെ 85 ശതമാനം അംഗങ്ങളും കേരളത്തില്‍ താഴ്ന്ന വരുമാനക്കാരാണ് എന്നു ചൂണ്ടിക്കാട്ടിയാണ് പദ്ധതിയുടെ മാതൃക, സര്‍വേ അവതരിപ്പിക്കുന്നത്. കാര്‍ഷിക സുസ്ഥിരത അഥവാ അഗ്രിക്കള്‍ച്ചറല്‍ സസ്റ്റെയ്‌നബിലിറ്റിയില്‍ ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ് കേരളം എന്നും എടുത്തുപറയുകയാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്.



സുസ്ഥിര വികസന നേട്ടം



കേരളത്തെക്കുറിച്ച് ഒരു പ്രത്യേക പേജ് തന്നെ മാറ്റിവച്ചാണ് സുസ്ഥിര വികസന ലക്ഷ്യം നേടുന്നതിനെക്കുറിച്ച് എടുത്തു പറയുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പും കിലയും ചേര്‍ന്നു നടപ്പാക്കുന്ന പദ്ധതികളാണ് കേരളത്തിലെ ദാരിദ്ര്യം നിര്‍മാര്‍ജ്ജനം ചെയ്യുന്നത്. ദാരിദ്ര നിര്‍മാര്‍ജ്ജന പദ്ധതിക്ക് കേരളം തയ്യാറാക്കിയ മാര്‍ഗരേഖ രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്നതാണ്. പഞ്ചായത്തുകളെ തല്‍സമയം നിരീക്ഷിക്കാനും പദ്ധതി നടത്തിപ്പ് അപ്പപ്പോള്‍ അറിയാനും ഇടപെടാനും കേരളത്തില്‍ സംവിധാനമുണ്ട്. തീരുമാനങ്ങള്‍ സമയം വൈകാതെ എടുക്കാന്‍ ഇതുവഴി സാധിക്കുന്നു. നയതീരുമാനം എടുക്കുന്നതിലും വിവിധ വകുപ്പുകളെ കൂട്ടിയിണക്കുന്നതിലും ഈ സംവിധാനം പ്രയോജനപ്പെടുന്നു. കടബാധ്യത ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങള്‍ കേരളവും പഞ്ചാബുമാണ്. രണ്ടു സംസ്ഥാനങ്ങള്‍ക്കും രണ്ടു രീതിയിലാണ് ഇതു സംഭവിക്കുന്നത്. ഏറ്റവും കുറവ് ജനങ്ങളുള്ള പഞ്ചാബാണ് രാജ്യത്തിനുവേണ്ട ഗോതമ്പും അരിയും നല്ല പങ്ക് ഉത്പാദിപ്പിക്കുന്നത്. ഇവ സര്‍ക്കാര്‍ സംഭരിക്കുകയാണ്. സംഭരണ വിലയാണ് കര്‍ഷകനു കിട്ടുന്നത്. കൃഷി ആയതിനാലും പൊതുവിപണിയില്‍ അല്ല എന്നതിനാലും സംസ്ഥാനത്തിന് നേരിട്ട് വരുമാനം കുറവാണ്. കൃഷി വിജയകരമായി നടത്താന്‍ വലിയതോതില്‍ അടിസ്ഥാന സൗകര്യവും ഒരുക്കേണ്ടി വരുന്നു. അങ്ങനെയാണ് പഞ്ചാബ് കടക്കെണിയിലാക്കുന്നത്. കേരളം ലോകം കണ്ടവരുടെ നാടാണ്. ഇവിടെ അതിന് അനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. വ്യവസായ, കാര്‍ഷിക ഉത്പാദന സാധ്യതകള്‍ പരിമിതമായ സംസ്ഥാനത്ത് ഇത് സ്വാഭാവികമാണെന്നും പറയുന്നുണ്ട് ഈ കണക്കുകള്‍. ഒരു സമൂഹം എന്ന നിലയില്‍ നമുക്കും വേണ്ടേ അഭിമാനിക്കാനുള്ള കാര്യങ്ങള്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com