SPOTLIGHT | ഗള്‍ഫ് വിട്ട് ഇനി പാശ്ചാത്യ പ്രവാസമോ?

പോയ വര്‍ഷത്തെ പണംവരവിന്റെ കണക്കുകള്‍ എടുക്കുമ്പോള്‍ 12,940 കോടി ഡോളറാണ് രാജ്യത്ത് മൊത്തമെത്തിയത്. ഏകദേശം 11 ലക്ഷം കോടി രൂപ വരും ഈ തുക
SPOTLIGHT | ഗള്‍ഫ് വിട്ട് ഇനി പാശ്ചാത്യ പ്രവാസമോ?
Published on

പ്രവാസം ഗള്‍ഫില്‍ നിന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കും മാറിയതിന്റെ വ്യക്തമായ ചിത്രം പുറത്തുവന്ന വര്‍ഷമാണ് കടന്നുപോയത്. ഗള്‍ഫില്‍ നിന്നു രാജ്യത്തേക്കുള്ള പണം വരവിനെ അമേരിക്കയും യൂറോപ്പും മറ്റു വികസിത രാജ്യങ്ങളും മറികടന്നു. പോയവര്‍ഷം ഇന്ത്യയിലേക്കുള്ള മൊത്തം പണം വരവില്‍ പകുതിയിലേറെയും അമേരിക്ക, ബ്രിട്ടന്‍, കാനഡ, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായിരുന്നു. ഇതുവരെ സൌദി അറേബ്യ, യുഎഇ, ഖത്തര്‍, ഒമാന്‍, ബഹ്‌റിന്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പണംവരവായിരുന്നു രാജ്യത്ത് കൂടുതല്‍. അതിനെയാണ് വികസിത രാജ്യങ്ങള്‍ മറികടന്നത്. ഏറ്റവും കൂടുതല്‍ പ്രവാസി പണം എത്തിയിരുന്ന യുഎഇയെ മറികടന്ന് അമേരിക്ക ഒന്നാമതും എത്തി. ഈ പണംവരവ് മാറ്റത്തിന് പല മാനങ്ങളുണ്ട്. യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള യാത്രകള്‍ വെറും പഠനത്തിനുള്ളത് എന്ന നിലകഴിഞ്ഞ് തൊഴിലിനുള്ളത് എന്ന സ്ഥിതിയിലേക്കെത്തി. സാധാരണ തൊഴിലാളികള്‍ ഗള്‍ഫില്‍ നിന്നയച്ചിരുന്ന പണത്തെ യൂറോപ്പിലും അമേരിക്കയിലും എത്തിയ പ്രഫഷണലുകള്‍ ആദ്യമായി മറികടന്നു. പ്രവാസം കൊണ്ടുവരുന്ന സാംസ്‌കാരിക പശ്ചാത്തലംകൂടി രാജ്യത്തു മാറുകയാണ്. ഇതുവരെ ഗള്‍ഫ് ആയിരുന്നു നിര്‍മാണത്തിലും വികസനത്തിലും മാതൃകയെങ്കില്‍ യൂറോപ്പ് പുതിയ മാനദണ്ഡങ്ങള്‍ നല്‍കുകയാണ്.


ഗള്‍ഫ് വിട്ട് ഇനി പാശ്ചാത്യ പ്രവാസമോ?

പോയ വര്‍ഷത്തെ പണംവരവിന്റെ കണക്കുകള്‍ എടുക്കുമ്പോള്‍ 12,940 കോടി ഡോളറാണ് രാജ്യത്ത് മൊത്തമെത്തിയത്. ഏകദേശം 11 ലക്ഷം കോടി രൂപ വരും ഈ തുക. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് പതിനായിരം കോടി ഡോളറിലധികം രാജ്യത്ത് പ്രവാസിപ്പണമായി എത്തുന്നത്. പ്രവാസികള്‍ അയയ്ക്കുന്ന പണം മാത്രമല്ല ഇതിലുള്ളത്. ഐടി ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കു ലഭിക്കുന്ന തുകയുമുണ്ട്.


1990ല്‍ 60 ലക്ഷം പ്രവാസികളാണ് ഉണ്ടായിരുന്നതെങ്കില്‍ പോയ വര്‍ഷംഒരു കോടി 85 ലക്ഷമാണ് വിദേശത്ത് ജോലി ചെയ്യുന്നവര്‍. 35 വര്‍ഷംകൊണ്ട് വിദേശ ജോലി കിട്ടിയവരുടെ എണ്ണത്തിലെ വര്‍ദ്ധന 300 ശതമാനമാണ്. ഇതില്‍ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളുടെ എണ്ണം നേര്‍പകുതിയായി താഴുകയും ചെയ്തു. ഒരു പതിറ്റാണ്ടുമുന്‍പുവരെ ഗള്‍ഫിലുള്ളവരായിരുന്നു പ്രവാസികളില്‍ 70 ശതമാനവും. പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള പണംവരവ് വര്‍ദ്ധിക്കുന്നത് മുന്നോട്ടുള്ള പാതയില്‍ ശുഭകരമായിട്ടാണ് എടുക്കുന്നത്. പ്രവാസി പണംവരവില്‍ ഇന്ത്യ ലോകത്ത് ബഹുദൂരം മുന്നിലാണ്. ഇന്ത്യയിലേക്ക് 129.8 ബില്യണ്‍ ഡോളറാണ് വന്നതെങ്കില്‍ രണ്ടാം സ്ഥാനത്തുള്ള മെക്‌സിക്കോയിലേക്ക് എത്തിയത് 68 ബില്യണ്‍ ഡോളര്‍ മാത്രമാണ്. മൂന്നാമതുള്ള ചൈനയിലേക്കു വരുന്നത് 48 ബില്യണ്‍ ഡോളറും. ആഗോള തലത്തില്‍ പ്രവാസി പണത്തിലെ വളര്‍ച്ച 5.8 ശതമാനം മാത്രമാണെങ്കില്‍ ഇന്ത്യയിലേക്കുള്ള പണംവരവിലെ വളര്‍ച്ച 17.7 ശതമാനമാണ്.

വിദേശപണം നല്‍കുന്ന ആശ്വാസം



യുവതലമുറ രാജ്യംവിട്ടു പോകുന്നുവെന്ന് ആശങ്കപ്പെടുമ്പോഴും ആ വിട്ടുപോകലാണ് ഇന്ത്യക്ക് നേട്ടമാകുന്നത്. മുന്‍പ് കേരളത്തിന്റെ വിപണി ചലിപ്പിച്ചിരുന്നത് പ്രവാസിപ്പണമാണ് എന്നു പറയുമായിരുന്നെങ്കില്‍ ഇന്നു രാജ്യത്തിനു തന്നെ ഈ തുക ഏറെ വിലപിടിച്ചതാണ്. ഗള്‍ഫില്‍ നിന്നുള്ള പണംവരവ് കുറയാന്‍ തുടങ്ങിയത് കോവിഡിന് ശേഷമാണ്. കോവിഡ് കാലത്ത് മടങ്ങിപ്പോരേണ്ടിവന്ന ബഹുഭൂരിപക്ഷത്തിനും തൊഴില്‍ ലഭിച്ചില്ല. വീണ്ടും ജോലി ലഭിച്ചവര്‍ക്ക് പ്രതിഫലം വളരെ കുറവുമായിരുന്നു. നിലവില്‍ ജോലി പോകാത്തവരുടെ പോലും പ്രതിഫലം കോവിഡ് കാലത്ത് കുറഞ്ഞത് പിന്നീട് പൂര്‍വസ്ഥിതിയിലായില്ല. ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവല്‍ക്കരണവും ഇന്ത്യക്കാരുടെ പ്രവാസത്തിന് തിരിച്ചടിയായി. നിതാഖത്ത് ഏല്‍പ്പിച്ച പ്രഹരം കൂടിയാണ് ഗള്‍ഫില്‍ നിന്നുള്ള പണംവരവ് കുറയാന്‍ കാരണമായത്.


മൊത്തം പണംവരവില്‍ 26.9 ശതമാനവും 2016ല്‍ യുഎഇയില്‍ നിന്നായിരുന്നു. ഇക്കഴിഞ്ഞ വര്‍ഷം അത് 19.2 ശതമാനം മാത്രമാണ്. സൗദിയില്‍ നിന്നുള്ള പണംവരവ് 11.6 ശതമാനത്തില്‍ നിന്ന് 6.7 ശതമാനത്തിലേക്കും കുവൈത്തില്‍ നിന്നുള്ളത് 6.5 ശതമാനത്തില്‍ നിന്ന് 3.9 ശതമാനത്തിലേക്കും വീണു. ഗള്‍ഫ് പ്രവാസത്തിലുണ്ടായ തിരിച്ചടി അറിയാന്‍ വേറെ കണക്കുകള്‍ വേണ്ട.

ഭാവിയില്‍ പ്രവാസ സാധ്യതകള്‍ എങ്ങനെ?


ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ ഒരു സാമ്പത്തിക ഉണര്‍വ് എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ആദ്യം നറുക്കുവീഴുക ഇന്ത്യക്കാര്‍ക്കായിരിക്കും, പ്രത്യേകിച്ച് മലയാളികള്‍ക്ക്. ഗള്‍ഫിലെ ഏറ്റവും വിശ്വസ്ത തൊഴിലാളികളാണ് ഇന്ത്യയില്‍ നിന്നുള്ളവര്‍ എന്നതാണ് കാരണം.


ഇപ്പോഴേതായാലും പ്രവാസിപ്പണം വരവില്‍ ഏറ്റവും മുന്നില്‍ അമേരിക്കയാണ്. മൊത്തം പണംവരവിന്റെ 27.7 ശതമാനവും എത്തിയത് അമേരിക്കയില്‍ നിന്നാണ്. 2016ല്‍ അമേരിക്കയില്‍ നിന്നുള്ള പണം വരവ് 22 ശതമാനം മാത്രമായിരുന്നു. ഇക്കാലത്ത് ബ്രിട്ടനില്‍ നിന്നുള്ള പണംവരവ് മൂന്നു ശതമാനത്തില്‍ നിന്ന് 11 ശതമാനമായി ഉയര്‍ന്നു. കാനഡയില്‍ നിന്ന് 3.8 ശതമാനമായി. സിംഗപ്പൂരില്‍ നിന്നാണ് പോയവര്‍ഷം 6.6 ശതമാനം പണവും എത്തിയത്. എണ്ണത്തില്‍ ഗള്‍ഫിലുള്ളവരുടെ പകുതിപോലും വരില്ല അമേരിക്കയില്‍. പക്ഷേ, ഗള്‍ഫിലുള്ളവര്‍ അയയ്ക്കുന്നതിന്റെ പല മടങ്ങു തുകയാണ് അമേരിക്കയില്‍ നിന്നു വരുന്നത്. ഗള്‍ഫ് പണം വന്ന തൊണ്ണൂറുകള്‍ സംസ്ഥാനത്തിന്റെ നിര്‍മാണ രീതികളില്‍ വലിയ മാറ്റംകൊണ്ടുവന്നു. അത്തരത്തിലുള്ള മാറ്റം പഞ്ചാബിലും ഗുറജാത്തിലുമൊക്കെ ഇപ്പോള്‍ ദൃശ്യമാണ്. യൂറോപ്പിനെ അനുകരിക്കുന്ന നിര്‍മാണങ്ങളാണ് അവിടെ നടക്കുന്നത്. ആ സംസ്‌കാരം മെല്ലെയാണെങ്കിലും കേരളത്തിലും വന്നു തുടങ്ങിയിട്ടുണ്ട്. ഇനി പ്രവാസമെന്നും പ്രവാസിയെന്നും പറയുമ്പോള്‍ ഗള്‍ഫ് എന്ന് ചുരുക്കാന്‍ കഴിയില്ല. ഇനി ആഗോള പ്രവാസത്തിന്റെ വര്‍ഷങ്ങളാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com