SPOTLIGHT | വയനാട് തുരങ്കപാത യാഥാര്‍ത്ഥ്യമാകുമ്പോള്‍

വനത്തിന് അടിയിലൂടെ തുരങ്കം കടന്നുപോകുന്ന പദ്ധതി ആരംഭിക്കാന്‍ ഇനി സാങ്കേതികമായ ചില നടപടികള്‍ മാത്രമാണ് ബാക്കി
സ്പോട് ലൈറ്റ്
സ്പോട് ലൈറ്റ്
Published on

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി ഇരട്ടത്തുരങ്ക പാത പാരിസ്ഥിതിക അനുമതിക്കായി വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു. ഇതോടെ ഏറെ ചര്‍ച്ചകളിലും വിവാദങ്ങളിലും നിറഞ്ഞ പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്ന് ഉറപ്പായി. വികസനം, പരിസ്ഥിതി, പ്രാദേശിക ജനത. ഈ മൂന്നു ഘടകങ്ങളും അസാധാരണമായി യോജിപ്പിലെത്തുന്ന പദ്ധതിയാണ് ആനക്കാംപൊയില്‍ തുരങ്കപാത. സില്‍വര്‍ ലൈന്‍ പദ്ധതിയെ സിപിഐഎം ഒഴികെ ഏറെക്കുറെ എല്ലാ പാര്‍ട്ടികളും എതിര്‍ത്തെങ്കില്‍ തുരങ്കപാതയുടെ കാര്യത്തില്‍ പാര്‍ട്ടികളെല്ലാം ഒറ്റക്കെട്ടാണ്. അത്യപൂര്‍വ്വം ചില നേതാക്കള്‍ മാത്രമാണ് പദ്ധതിയെ എതിര്‍ത്തു രംഗത്തുവന്നത്. അതുപോലും ദുര്‍ബലമായ വിയോജിപ്പുകളായിരുന്നു. കുടിയേറ്റ ജനതയുടെ ദീര്‍ഘകാലമായുള്ള ആവശ്യം എന്ന നിലയിലാണ് അസാധ്യം എന്നു തോന്നിയിരുന്ന പാതയ്ക്ക് അനുമതി ലഭിച്ചത്. വനത്തിന് അടിയിലൂടെ തുരങ്കം കടന്നുപോകുന്ന പദ്ധതി ആരംഭിക്കാന്‍ ഇനി സാങ്കേതികമായ ചില നടപടികള്‍ മാത്രമാണ് ബാക്കി.

സ്പോട് ലൈറ്റ്
Nilambur Bypoll | നിലമ്പൂര്‍ ആരുടെ സ്വരാജ്യം?

ഇടുക്കി പദ്ധതിയാണ് ഇതിനു മുന്‍പ് സര്‍വസമ്മതമായി കേരളത്തില്‍ നടപ്പാക്കിയ വന്‍കിട പദ്ധതി. അന്‍പതു വര്‍ഷം മുന്‍പ് ഇടുക്കി പദ്ധതിയുടെ കാലത്ത് ഉണ്ടായിരുന്ന അന്തരീക്ഷമല്ല ഇപ്പോള്‍. പിന്നീട് അതേമട്ടില്‍ ശുപാര്‍ശ ചെയ്ത സൈലന്റ് വാലി പദ്ധതി നടപ്പാകാതെ പോവുകയും ചെയ്തു. വയനാട്ടിലെ ആനക്കാംപൊയില്‍-മേപ്പാടി തുരങ്കപാത പലതുംകൊണ്ടും ചരിത്രമാണ്. ആനക്കാംപൊയിലില്‍ നിന്ന് 22 കിലോമീറ്റര്‍ സഞ്ചരിച്ച് മേപ്പാടിയില്‍ എത്താവുന്നതാണ് പാത. നിലവില്‍ 40 കിലോമീറ്ററാണ് ദൂരം. മലപ്പുറത്തു നിന്നും കോഴിക്കോട് നിന്നും കര്‍ണാടകയിലേക്കുള്ള ദൂരം ഇതു യാഥാര്‍ത്ഥ്യമാകുന്നതോടെ ഗണ്യമായി കുറയും. ഭരണ, പ്രതിപക്ഷ കക്ഷികളെല്ലാം ഈ പദ്ധതിക്ക് ഒപ്പമായിരുന്നു. താമരശ്ശേരി ചുരം വഴിയുള്ള യാത്ര ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കുള്ള ബദലാണ് ഈ തുരങ്കപാത. ഒരു വാഹനത്തിന് തകരാര്‍ ഉണ്ടായാല്‍ തന്നെ നിലവില്‍ ചുരത്തില്‍ ഗതാഗതം നിശ്ചലമാകും. നാലുവരി തുരങ്കപാത നിര്‍മിക്കുന്നതോടെ ബദല്‍ സാധ്യതയാണ് തെളിഞ്ഞുവരുന്നത്. തത്വത്തില്‍ എല്ലാവരും അംഗീകരിക്കുമ്പോഴും പാരിസ്ഥിതിക അനുമതി ലഭിക്കുമോ എന്നതായിരുന്നു വെല്ലുവിളി. കര്‍ശനമായ അറുപത് നിബന്ധനകളോടെയാണ് ഇപ്പോള്‍ പദ്ധതിക്ക് അനുമതി നല്‍കിയിരിക്കുന്നത്.

2043 കോടി 74 ലക്ഷം രൂപയാണ് പദ്ധതിയുടെ നടത്തിപ്പ് ചെലവ്. സംസ്ഥാനത്തെ ഒരു റോഡ് പദ്ധതിയുടെ ഏറ്റവും ഉയര്‍ന്ന ചെലവാണിത്.

വിദഗ്ധ സമിതികളുടെ നിര്‍ദേശങ്ങള്‍

സംസ്ഥാന തല വിദഗ്ധ സമിതിയും പദ്ധതി നടപ്പാക്കും മുന്‍പ് സ്വീകരിക്കേണ്ട നടപടികള്‍ നിര്‍ദേശിച്ചിരുന്നു. 2043 കോടി 74 ലക്ഷം രൂപയാണ് പദ്ധതിയുടെ നടത്തിപ്പ് ചെലവ്. സംസ്ഥാനത്തെ ഒരു റോഡ് പദ്ധതിയുടെ ഏറ്റവും ഉയര്‍ന്ന ചെലവാണിത്. 34.1 ഹെക്ടര്‍ വനഭൂമിയുടെ അടിയിലൂടെയാണ് തുരങ്കം കടന്നുപോകുന്നത്. 0.2 ഹെക്ടര്‍ മാത്രമാണ് റോഡ് നിര്‍മിക്കാനായി നേരിട്ട് ഏറ്റെടുക്കുന്ന വനം. ഇതിനു പകരമായി 17.26 ഹെക്ടര്‍ സ്ഥലത്ത് പുതിയാതായി വനം വച്ചുപിടിപ്പിക്കാനും ശുപാര്‍ശയുണ്ട്. എന്‍വയോണ്‍മെന്റലി സെന്‍സിറ്റീവ് ഏരിയയാണ് അഥവാ പരിസ്ഥിതി ദുര്‍ബല പ്രദേശമാണ് എന്നു ചൂണ്ടിക്കാണിച്ചാണ് വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങള്‍ ആരംഭിക്കുന്നത് തന്നെ. മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ മൈക്രോ മാപ്പിങ് നടത്തി അടയാളപ്പെടുത്തണം. ഗ്രാമപഞ്ചായത്തുകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി പ്രദേശത്ത് എന്‍വയോണ്‍മെന്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിക്കണമെന്നു സംസ്ഥാന വിദഗ്ധ സമിതിയും ശുപാര്‍ശ ചെയ്തിരുന്നു. തുരങ്കത്തിന്റെ വടക്കും തെക്കും ടെലിമെട്രി ഡാറ്റാ ട്രാന്‍സ്മിഷന്‍ സൗകര്യമുള്ള കാലാവസ്ഥാ കേന്ദ്രങ്ങള്‍ സ്ഥാപിക്കണം. ഗ്രൗണ്ട് വൈബ്രേഷന്‍ മോനിറ്ററിങ് സ്റ്റേഷനുകള്‍ ഒന്നല്ല, നാലെണ്ണം വേണം എന്നാണ് മറ്റൊരു നിര്‍ദേശം. മണ്ണിലുണ്ടാകുന്ന ചെറിയ അനക്കങ്ങള്‍ പോലും അപ്പപ്പോള്‍ അറിയാന്‍ കഴിയുന്ന സംവിധാനമാണിത്. നിര്‍മാണം നടക്കുമ്പോള്‍ പ്രദേശത്ത് കുലുക്കം അനുഭവപ്പെടരുത് എന്ന പ്രത്യേക നിര്‍ദേശവുമുണ്ട്. കുലുക്കം ഉണ്ടാകാത്ത വിധം തുരങ്കം നിര്‍മിക്കാനുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കണം. പ്ലാസ്മ ബ്ലാസ്റ്റിങ് അല്ലെങ്കില്‍ ഓസ്ട്രിയന്‍ ടണലിങ് രീതി ഉപയോഗിക്കണം. ഇതു രണ്ടുമല്ലെങ്കില്‍ ടണല്‍ ബോറിങ് മെഷീന്‍ ഉപയോഗിക്കണം. അപ്പന്‍കാപ്പ് ആനത്താര നിര്‍മിക്കേണ്ട ഉത്തരവാദിത്തവും സംസ്ഥാന സര്‍ക്കാരിനാണ്.

ബാണാസുര ചിലപ്പന് നിരീക്ഷണം

ബാണാസുര ചിലപ്പന്‍ എന്ന വംശനാശ ഭീഷണി നേരിടുന്ന പക്ഷികളെ നിരീക്ഷിക്കാന്‍ സ്ഥിരം സംവിധാനം ഒരുക്കണം. തുരങ്കത്തില്‍ നിന്നു പക്ഷികള്‍ക്ക് ഏതെങ്കിലും വിധത്തില്‍ ശല്യമുണ്ടെങ്കില്‍ അതു കണ്ടെത്തണം. സലിം അലി സെന്റര്‍പോലുള്ള സ്ഥാപനങ്ങളെയാണ് ഇതിനു ചുമതലപ്പെടുത്തേണ്ടത്. ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്ന് ഇരട്ടതുരങ്കത്തെ എതിര്‍ത്ത് ചില പരിസ്ഥിതി സംഘടനകള്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ മുഴുവന്‍ രാഷ്ട്രീയ കക്ഷികളും പാതയ്ക്കായി നിലകൊണ്ടതോടെ ഈ എതിര്‍പ്പ് വിലപ്പോയില്ല. സില്‍വര്‍ ലൈന്‍ പദ്ധതിപോലെ പ്രതിപക്ഷം എതിര്‍ക്കുന്ന സ്ഥിതി തുരങ്കപാതയ്ക്ക് ഉണ്ടായില്ല. ദൂരം കുറവാണെങ്കിലും സില്‍വര്‍ ലൈന്‍ ഉയര്‍ത്തുന്നതിനേക്കാള്‍ പാരിസ്ഥിതിക വെല്ലുവിളി ഉള്ളതാണ് തുരങ്കപാത. കുടിയേറ്റ മേഖലയില്‍ നിന്നുള്ള ജനവികാരം പാതയ്‌ക്കൊപ്പമാണ് എന്നതാണ് എതിര്‍പ്പ് ദുര്‍ബലമാകാന്‍ കാരണം. ഏറ്റവും വെല്ലുവിളി നിറഞ്ഞതാകും എന്നുകരുതിയത് സ്ഥലം ഏറ്റെടുക്കലാണ്. വ്യക്തികളില്‍ നിന്ന് 15 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കുകയും പണം പൂര്‍ണമായും കൈമാറുകയും ചെയ്തു. 2020ല്‍ ആരംഭിച്ച പദ്ധതി നീക്കമാണ് അഞ്ചുവര്‍ഷത്തിനു ശേഷം യാഥാര്‍ത്ഥ്യമാകുന്നത്. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്തു തന്നെ പദ്ധതിക്കായി കിഫ്ബി 658 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. 2023ല്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കുകയും ചെയ്തു. അപ്പോഴും സംശയത്തില്‍ നിന്നത് പാരിസ്ഥിതിക അനുമതിയായിരുന്നു.

ബാണാസുര ചിലപ്പന്‍ എന്ന വംശനാശ ഭീഷണി നേരിടുന്ന പക്ഷികളെ നിരീക്ഷിക്കാന്‍ സ്ഥിരം സംവിധാനം ഒരുക്കണം. തുരങ്കത്തില്‍ നിന്നു പക്ഷികള്‍ക്ക് ഏതെങ്കിലും വിധത്തില്‍ ശല്യമുണ്ടെങ്കില്‍ അതു കണ്ടെത്തണം

എതിര്‍പ്പുകള്‍ ഉയരാത്ത പാത

പദ്ധതി പ്രദേശത്തു നിന്ന് അഞ്ഞൂറു മീറ്റര്‍ മുതല്‍ ഒന്നരകിലോമീറ്റര്‍ വരെയുള്ള പരിധിയില്‍ നാല് ഉന്നതികളുണ്ട്. അരണമല, മമ്മിക്കുന്ന്, കുപ്പാച്ചി എന്നിവിടങ്ങളിലാണ് ഈ ആദിവാസി വാസസ്ഥലങ്ങള്‍. ഇവര്‍ക്ക് വന്യമൃഗങ്ങളില്‍ നിന്നു ശല്യമില്ലാതെ ജീവിക്കാന്‍ കഴിയണം. ഒപ്പം വികസനത്തിന്റെ ബഹളങ്ങള്‍ ഇവരുടെ സ്വാഭാവിക ജീവിതത്തിന് തടസ്സമാകാനും പാടില്ല. 2043 കോടി രൂപയുടെ പദ്ധതിയില്‍ പരിസ്ഥിതി പ്രശ്‌നം നേരിടാന്‍ മാറ്റിവച്ചിരിക്കുന്നത് ഒരു കോടി രണ്ടു ലക്ഷം രൂപമാത്രമാണ്. എന്‍വയോണ്‍മെന്റ് മാനേജ് മെന്റ് പ്ലാനിനായി കൊങ്കണ്‍ റയില്‍വേ കോര്‍പറേഷന്‍ നിര്‍ദേശിച്ചത് 15 കോടി നാലു ലക്ഷം രൂപയാണ്. ഇതുരണ്ടും ഒട്ടും പര്യാപ്തമല്ലെന്ന് വിദഗ്ധ സമിതി എഴുതിവച്ചിട്ടുണ്ട്. പാരിസ്ഥിതിക ആഘാതം നേരിടാനുള്ള പദ്ധതികള്‍ക്കായി ഉയര്‍ന്ന തുക സര്‍ക്കാര്‍ മാറ്റിവയ്ക്കും എന്നു പ്രതീക്ഷിക്കാം. എതിര്‍ക്കാന്‍ പ്രത്യക്ഷത്തില്‍ ഒരുപാടു കാരണങ്ങള്‍ ഉള്ളതാണ് ആനക്കാംപൊയില്‍-മേപ്പാടി പാത. പക്ഷേ, അവയ്ക്കുമേല്‍ മാറ്റത്തിനുള്ള ആഗ്രഹം മേല്‍ക്കൈ നേടുന്നതാണ് ഇവിടെ കണ്ടത്. ചുരത്തിന് ഒരു ബദല്‍പ്പാത എന്നത് പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്. ഏതു ബദല്‍പ്പാതയും പരിസ്ഥിതി ദുര്‍ബല പ്രദേശത്തുകൂടി മാത്രമേ സാധിക്കൂ എന്നതായിരുന്നു വെല്ലുവിളി. സഹകരണത്തിന്റേയും സമവായത്തിന്റേയും ഈ പാതയാണ് ഏതു വികസന പദ്ധതിക്കും അനുയോജ്യം. മാറ്റം വേണമെങ്കില്‍ അതിനുള്ള തോന്നല്‍ ആദ്യമുണ്ടാകേണ്ടത് ജനമനസ്സുകളിലാണ് എന്നു കൂടി ഓര്‍മിപ്പിക്കുകയാണ് ഈ പദ്ധതി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com