വെറുപ്പിൻ്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നു; മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടി നൽകി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

വെറുപ്പിൻ്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നു; മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടി നൽകി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും പ്രത്യയശാസ്ത്രമാണ് പലരും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു
Published on

മുഖ്യമന്ത്രിക്ക് നേരെ ഒളിയമ്പുമായി മുസ്‌ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ പലരും പ്രചരിപ്പിക്കുന്നുവെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. തിരുവനന്തപുരത്തു നടന്ന കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോ- ഓപ്പറേഷന്റെ മാനവ സൗഹൃദ സംഗമ വേദിയിലാണ് മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് പാണക്കാട് സാദിഖലി തങ്ങൾ പരോക്ഷമായി മറുപടി നൽകിയത്.

വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും പ്രത്യയശാസ്ത്രമാണ് പലരും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. അത് പലയിടത്തും വിജയിക്കുകയും ചെയ്യുന്നുണ്ട്. വെറുപ്പിലൂടെ അധികാരത്തിൽ വരാൻ ശ്രമിക്കുന്ന ചില പ്രസ്ഥാനങ്ങളുമുണ്ട്. കേരളത്തിൽ ഇതുവരെ അത് സാധ്യമായിട്ടില്ല. എതിരഭിപ്രായങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. പക്ഷേ വർഗീയത ഇവിടെ ഉണ്ടാകരുതെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയ തങ്ങളോട് മുഖ്യമന്ത്രിയുടെ വിമർശനത്തെക്കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ ഇതായിരുന്നു മറുപടി. മുഖ്യമന്ത്രിയുടെ വിമർശനങ്ങളെ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുന്നതിനിടെയാണ് സാദിഖലി തങ്ങളുടെ മറുപടി. മുഖ്യമന്ത്രി വിമർശിച്ച പാണക്കാട് കുടുംബത്തിന്റെ നിലപാടിനെ അതേ വേദിയിൽ ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവ പ്രശംസിക്കുകയും ചെയ്തു.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ജമാഅത്തെ ഇസ്ലാമി പ്രവർത്തകനെ പോലെ പ്രവർത്തിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. തങ്ങൾക്കെതിരായ വിമർശനങ്ങളിൽ ഏറെ പഴി കേൾക്കുമ്പോഴും നിലപാടിൽ നിന്ന് മാറാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. മുഖ്യമന്ത്രിയുടെ നിലപാടിൽ ഉറച്ചുനിന്നു കൊണ്ട് സിപിഎമ്മും രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വത്തിൽ ഇരിക്കുമ്പോൾ വിമർശനങ്ങൾ നേരിടേണ്ടി വരുമെന്നും അതിന് മതപരിവേഷം നൽകുന്നത് ഹീനമാണെന്നും സിപിഎം മറുപടി നൽകി.

News Malayalam 24x7
newsmalayalam.com