
പി. ജയചന്ദ്രന്റെ വിയോഗം ഞെട്ടൽ ഉണ്ടാക്കിയെന്ന് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. ജയചന്ദ്രന് വേണ്ടി ഏറ്റവും കൂടുതൽ പാട്ട് എഴുതിയത് താനാണെന്നും അതിൽ അഭിമാനമുണ്ടെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.
മറ്റുള്ളവർ പാടിയ പാട്ടുകളെക്കുറിച്ചാണ് ജയചന്ദ്രന്‍ കൂടുതൽ സംസാരിക്കുക. അങ്ങനെയുള്ള ഗായകരെ കണ്ടിട്ടില്ലെന്നും ശ്രീകുമാരൻ തമ്പി ഓർമിച്ചു.
"സംഗീതത്തെപ്പറ്റി പറയുമ്പോൾ യേശുദാസ് പാടിയ ആ പാട്ട്, മുഹമ്മദ് റഫി പാടിയ പാട്ട്, പി. സുശീല പാടിയ പാട്ട്...ഇങ്ങനെ മറ്റ് പാട്ടുകാരെ വാഴ്ത്തിക്കൊണ്ടിരിക്കുന്ന ഒരു പാട്ടുകാരൻ. അങ്ങനെ വേറൊരു ഗായകനെയോ ഗായികയെയോ ഞാൻ കണ്ടിട്ടില്ല. കാരണം അദ്ദേഹം സ്നേഹിച്ചത് സംഗീതത്തെയാണ്. എല്ലാ ഗായകരുടെയും പാട്ട് കേൾക്കുമായിരുന്നു. ഇത്രയും ഭാഷകളിലുള്ള പാട്ടുകൾ കാണാതെ പഠിച്ച് പാടുന്ന ഒരു ഗായകൻ വേറെയില്ല", ശ്രീകുമാരൻ തമ്പി പറഞ്ഞു. സഹോദരങ്ങൾ ആയിരുന്നു. സുഖമില്ലാത്തപ്പോഴും തന്റെ പാട്ടുകൾ പാടിയെന്നും സംഗീതത്തെ അത്ര സ്നേഹിച്ചയാളാണെന്നും ശ്രീകുമാരൻ തമ്പി കൂട്ടിച്ചേർത്തു. സംഗീതം ജയചന്ദ്രന്‍റെ ആത്മാവായിരുന്നു. സംഗീതത്തിലെ ഭാവമാണ് അദ്ദേഹത്തിന്റെ പ്രത്യേകത. ചില വാക്കുകൾക്ക് കൊടുക്കുന്ന ഊന്നലും അദ്ദേഹത്തിന്റെ പ്രത്യേകതയാണെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു.
ഇന്ന് രാത്രി 7.54 ഓടെയാണ് മലയാളത്തിന്റെ ഭാവ ഗായകന്‍ പി. ജയചന്ദ്രൻ അന്തരിച്ചത്. തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി വിവിധ രോഗങ്ങൾക്കു ചികിൽസയിലായിരുന്നു. ദീർഘകാലം ഗാനരംഗത്തു നിന്നു വിട്ടുനിന്ന ശേഷം മടങ്ങിവരവിനുള്ള ഒരുക്കത്തിലായിരുന്നു.