
ഐപിഎല്ലിലെ മറ്റൊരു ആവേശപ്പോരാട്ടത്തിൽ പഞ്ചാബ് കിങ്സിനെ നിഷ്പ്രഭരാക്കി വിജയതീരമണഞ്ഞ് സൺറൈസേഴ്സ് ഹൈദരാബാദ്. ഐപിഎൽ ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന റൺചേസ് വിജയമാണിത്. 246 റൺസ് വിജയലക്ഷ്യം തേടി ബാറ്റ് വീശിയ ഹൈദരാബാദ് 18.3 ഓവറിൽ ലക്ഷ്യം കണ്ടു. 8 വിക്കറ്റിൻ്റെ തകർപ്പൻ ജയത്തോടെ പഞ്ചാബിനെ ഷോക്കടിപ്പിക്കാനും അഭിഷേക് ശർമയ്ക്കും കൂട്ടർക്കുമായി.
55 പന്തിൽ നിന്ന് 141 റൺസ് വാരിയ അഭിഷേക് ശർമയുടെ മാസ്റ്റർ ക്ലാസ് ഇന്നിങ്സാണ് അസാധ്യമെന്ന് തോന്നിച്ച സ്കോർ എത്തിപ്പിടിക്കാൻ ഹൈദരാബാദിനെ പ്രാപ്തരാക്കിയത്. ഐപിഎല്ലിൽ ഒരു ഇന്ത്യൻ താരത്തിൻ്റെ ഏറ്റവുമുയർന്ന വ്യക്തിഗത സ്കോറായിരുന്നു അഭിഷേക് ശനിയാഴ്ച സ്വന്തം പേരിലാക്കിയത്. പത്ത് സിക്സറുകളും 14 ഫോറുകളും അടങ്ങുന്നതായിരുന്നു ശർമയുടെ ഈ അവിശ്വസനീയ ഇന്നിങ്സ്.
പുറത്താകലിൻ്റെ വക്കത്ത് മൂന്ന് തവണ ഭാഗ്യം തുണച്ചെങ്കിലും ഒടുക്കം ടീമിനെ വിജയത്തിന് അടുത്ത് വരെയെത്തിച്ചാണ് അഭിഷേകിൻ്റെ തകർപ്പൻ ഇന്നിങ്സിന് വിരാമമായത്.
നേരത്തെ വ്യക്തിഗത സ്കോർ നാലിൽ വെച്ച് സ്റ്റോയ്നിസും, 56ൽ വെച്ച് ചഹലും അഭിഷേകിൻ്റെ ക്യാച്ചുകൾ നഷ്ടപ്പെടുത്തിയത് പഞ്ചാബിന് തിരിച്ചടിയായി. അതിന് പുറമെ 28 റൺസിലെത്തി അഭിഷേകിനെ ക്യാച്ചെടുത്ത് പുറത്താക്കിയെങ്കിലും അമ്പയർ നോബോൾ വിളിച്ചത് ഞെട്ടലോടെയാണ് പഞ്ചാബ് താരങ്ങൾ അംഗീകരിച്ചത്.
37 പന്തിൽ നിന്ന് 66 റൺസുമായി ട്രാവിസ് ഹെഡ് മികച്ച പിന്തുണയാണ് ഓപ്പണിങ്ങിൽ അഭിഷേകിന് നൽകിയത്. പിന്നാലെ ക്ലാസനും (21) ഇഷാൻ കിഷനും (9) അവരുടെ ഭാഗം പൂർത്തിയാക്കി. സ്കോർ 171ൽ വെച്ചാണ് ഹൈദരാബാദിൻ്റെ ആദ്യ വിക്കറ്റ് വീണത്. ട്രാവിസ് ഹെഡിനെ ചഹൽ മാക്സ്‌വെല്ലിൻ്റെ കൈകളിലെത്തിക്കുകയായിരുന്നു.
17ാം ഓവറിലെ രണ്ടാം പന്തിൽ അഭിഷേക് ശർമ അർഷദീപിൻ്റെ പന്തിൽ പ്രവീൺ ദുബേക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങുമ്പോൾ 222/2 എന്നതായിരുന്നു ഹൈദരാബാദിൻ്റെ സ്കോർ. പിന്നീട് വാലറ്റക്കാർ ടീമിനെ അനായാസം വിജയത്തിലെത്തിച്ചു.