
ശ്രീലങ്കൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഏകപക്ഷീയ വിജയവുമായി പ്രസിഡൻ്റ് അനുര കുമാര ദിസനായകെയുടെ നേതൃത്വത്തിലുള്ള നാഷണൽ പീപ്പിൾസ് പവർ (എൻ പി പി) പാർട്ടി. വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിന്റെ വോട്ടെണ്ണൽ ഇന്നലെ രാത്രിയോടെ തന്നെ ആരംഭിച്ചിരുന്നു. ആദ്യം എണ്ണിത്തുടങ്ങിയ പോസ്റ്റൽ വോട്ടുകൾ മുതൽ കൃത്യമായ മേധാവിത്വം നേടിയെടുക്കാൻ എൻപിപിക്ക് സാധിച്ചിരുന്നു.
നാഷണൽ പീപ്പിൾസ് പവർ (എൻ പി പി) പാർട്ടി ഇതുവരെ 225 അംഗ അസംബ്ലിയിൽ, 123 സീറ്റുകളാണ് നേടിയിട്ടുള്ളത്. വോട്ടുകളുടെ മുക്കാൽ ഭാഗവും എണ്ണിത്തീരുമ്പോൾ, എൻപിപി 62 ശതമാനം വോട്ട് നേടിയാണ് മുന്നിട്ട് നിൽക്കുന്നത്. പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസയുടെ യുപിപിക്ക് നേടാനായത് 18 ശതമാനം മാത്രമാണ്.
സെപ്റ്റംബറിൽ നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ എൻപിപിക്ക് വലിയ മുന്നേറ്റമുണ്ടായെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. 225 അംഗ പാർലമെന്റില്‍ അനുര കുമാര ദിസനായകെയുടെ പാർട്ടി 120 മുതല്‍ 140 വരെ സീറ്റുകള്‍ തനിച്ച് നേടിയേക്കുമെന്നാണ് തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധർ വ്യക്തമാക്കുന്നുത്.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അനുര കുമാര ദിസനായകെ പാർലമെന്റ് പിരിച്ച് വിട്ടിരുന്നു. നിലവിലെ പാർലമെന്റിൽ തന്റെ കക്ഷിയായ എൻപിപിക്ക് ആകെ മൂന്ന് സീറ്റ് മാത്രമുണ്ടായ സാഹചര്യത്തിലാണ് ദിസനായകെ പാർലമെന്റ് പിരിച്ചു വിട്ട് പുതിയ തെരഞ്ഞെടുപ്പിന് കളമൊരുക്കിയത്.