ശ്രീലങ്കയുടെ ആശ്വാസ നടപടി; തടവിലാക്കിയ 11 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സ്യത്തൊഴിലാളി പ്രശ്‌നം പരിഹരിക്കണമെന്ന് ശ്രീലങ്കയോട് ആഹ്വാനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് മത്സ്യത്തൊഴിലാളികളെ വിട്ടയച്ചത്
ശ്രീലങ്കയുടെ ആശ്വാസ നടപടി; തടവിലാക്കിയ 11 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു
Published on

ശ്രീലങ്കയിലെ തടവുകാരായ 11 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സ്യത്തൊഴിലാളി പ്രശ്‌നം "മാനുഷിക സമീപനത്തിലൂടെ" പരിഹരിക്കണമെന്ന് ആഹ്വാനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക വിട്ടയച്ചത്. "മത്സ്യ തൊഴിലാളികളുടെ ഉപജീവനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഞങ്ങൾ ചർച്ച ചെയ്തു. ഈ വിഷയത്തിൽ മനുഷ്യത്വപരമായ സമീപനത്തോടെ മുന്നോട്ട് പോകാമെന്ന നിബന്ധന ഞങ്ങൾ അംഗീകരിച്ചു," ദിസനായകെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി തന്റെ മാധ്യമ പ്രസ്താവനയിൽ അറിയിച്ചു.


മത്സ്യത്തൊഴിലാളി പ്രശ്നം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ തർക്കവിഷയമാണ്. തമിഴ്‌നാടിനെയും ശ്രീലങ്കയെയും വേർതിരിക്കുന്ന ഇടുങ്ങിയ ജലപാൽ കടലിടുക്കിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്കെതിരെ ശ്രീലങ്കൻ നാവികസേന ബലപ്രയോഗം നടത്തിയതായി ആരോപിക്കപ്പെടുന്ന നിരവധി സംഭവങ്ങൾ മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഈ വിഷയത്തിൽ സ്ഥാപനപരമായ ചർച്ചകൾ ശക്തമാക്കേണ്ടതിന്റെ ആവശ്യകത ഇരുപക്ഷവും ഊന്നിപ്പറഞ്ഞതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര പറഞ്ഞു. "പാക് ഉൾക്കടലിന്റെ ഇരുവശങ്ങളിലുമുള്ള മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗത്തെ ബാധിക്കുന്ന വിഷയങ്ങളായതിനാൽ, ഈ വിഷയങ്ങളിൽ സഹകരണത്തിന് മാനുഷികവും സൃഷ്ടിപരവുമായ സമീപനം സ്വീകരിക്കേണ്ടതിൻ്റെ  ആവശ്യകതയ്ക്ക് ഊന്നൽ നൽകിയിരുന്നു," വിദേശകാര്യ സെക്രട്ടറി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാ​ഗമായി നരേന്ദ്രമോദി ശ്രീലങ്കയിലെത്തിയത്. ഇതിൻ്റെ ഭാഗമായി ഇന്ത്യയും ശ്രീലങ്കയും ഏഴ് പ്രധാന കരാറുകളിലാണ് ഒപ്പുവച്ചത്. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ചൈനയുടെ സ്വാധീനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇരുരാജ്യങ്ങളും തമ്മിൽ കരാർ ഒപ്പിട്ടിരിക്കുന്നത്.



"ഇന്ത്യയും ശ്രീലങ്കയും തമ്മിൽ പ്രധാന കരാറുകളിൽ ഒപ്പുവച്ചു, അത് നമ്മുടെ സൗഹൃദത്തിന് ശക്തി പകരും. ശ്രീലങ്കയിലെ ആളുകൾക്ക് പ്രയോജനം ചെയ്യുന്ന പ്രധാനപ്പെട്ട പദ്ധതികളും ഉദ്ഘാടനം ചെയ്തു. ശ്രീലങ്കയിലെ ജനങ്ങളുടെ വികസന പാതയിൽ ഇന്ത്യ എപ്പോഴും അവരെ പിന്തുണയ്ക്കും," പ്രധാനമന്ത്രി മോദി പറഞ്ഞു. ശ്രീലങ്കയുടെ സാമ്പത്തിക വീണ്ടെടുക്കലിലും വളർച്ചയിലും ഇന്ത്യ ഒപ്പം നിൽക്കും. പ്രതിരോധ സഹകരണത്തിൽ ഒപ്പുവെച്ച സുപ്രധാന കരാറുകളെ ഇന്ത്യ സ്വാഗതം ചെയ്യുന്നുവെന്നും മോദി പറഞ്ഞിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com