
എറണാകുളം കോതമംഗലത്ത് ശ്രീലങ്കൻ ഫ്രോഗ് മൗത്ത് പക്ഷികളെക്കുറിച്ചുള്ള സർവേ ആരംഭിച്ചു. വനം വന്യജീവി വകുപ്പിൻ്റെ നേതൃത്വത്തിൽ തട്ടേക്കാട് പക്ഷിസങ്കേതത്തിലാണ് സർവേ നടക്കുന്നത്. ഇനി മുതൽ എല്ലാ വർഷവും സർവേ കൃത്യമായി നടത്തുമെന്നും സംഘാടകർ അറിയിച്ചു.
തട്ടേക്കാട് പക്ഷിസങ്കേതത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ശ്രീലങ്കൻ ഫ്രോഗ് മൗത്ത് അഥവാ മാക്കാച്ചിക്കാട എന്ന പക്ഷിയുടെ എക്സ്ക്ലൂസീവ് സർവേ നടക്കുന്നത്. അഞ്ച് പേരടങ്ങുന്ന ഒൻപത് ടീം ആണ് സർവേയിൽ പങ്കെടുക്കുന്നത്. കൊച്ചിൻ നാച്യുറൽ ഹിസ്റ്ററി സൊസൈറ്റി, തട്ടേക്കാട് നാച്യുറലിസ്റ്റ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് സർവേ നടക്കുന്നത്. ഫ്രോഗ് മൗത്തിനെ കാണാൻ സാധ്യതയുളള മുഴുവൻ സ്ഥലങ്ങളിലും സൂക്ഷമ നിരീക്ഷണം നടത്തും. ഫ്രോഗ് മൗത്തിൻ്റെ വിതരണം, എണ്ണം, കൂടുകൂട്ടൽ, പ്രജനനം തുടങ്ങിയവയെക്കുറിച്ചുള്ള സമഗ്ര പഠനമാണ് സർവേയിലൂടെ ലക്ഷ്യമിടുന്നത്.
സർവേയുടെ ഭാഗമായി വനത്തിൽ നടത്തിയ പരിശോധനയുടെ തുടക്കത്തിൽ തന്നെ മാക്കാച്ചിക്കാടകളെ കാണാൻ കഴിഞ്ഞതോടെ സർവേ അംഗങ്ങൾക്ക് ആവേശമായി. പക്ഷികളുടെ പഠനം മാത്രമല്ല, പരിസ്ഥിതിയെക്കുറിച്ചുള്ള പഠനം കൂടിയാണ് ഈ സർവേ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ജയചന്ദ്രൻ പറഞ്ഞു. ഇനി മുതൽ എല്ലാ വർഷവും തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിരീക്ഷണവും, പഠനവും ഉണ്ടാകുന്നതിനാൽ മാക്കാച്ചിക്കാടകളുടെ എണ്ണം കൂടിയാലും കുറഞ്ഞാലും വ്യക്തമായി അറിയാൻ സാധിക്കുമെന്ന് തട്ടേക്കാട് പക്ഷിസങ്കേതം അസി. വൈൽഡ് ലൈഫ് വാർഡൻ സി.ടി. ഔസേഫ് പറഞ്ഞു.
തട്ടേക്കാട് വച്ച് നടന്ന ചടങ്ങിൽ ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ജയചന്ദ്രൻ സർവേയുടെ ഉദ്ഘാടനം നിർവഹിച്ചു. കൊച്ചിൻ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ വിഷ്ണു പ്രിയൻ കർത്താ, സിഎൻഎച്ച്എസ് പ്രസിഡന്റ് ഡോ. കെ.ജി. ദിലീപ്, അസി. വൈൽഡ് ലൈഫ് വാർഡൻ സി.ടി. ഔസേഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.