
സംസ്ഥാനത്ത് എസ്എസ്എൽസി, രണ്ടാം വർഷ ഹയർസെക്കന്‍ഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം. സംസ്ഥാനത്തെ 2964 കേന്ദ്രങ്ങളിലായി 4,27,021 വിദ്യാർഥികൾ എസ്എസ്എൽസിയും 4,44,693 വിദ്യാര്‍ഥികള്‍ പ്ലസ്ടു പരീക്ഷയും എഴുതും. കേരളത്തിന് പുറത്ത് ലക്ഷദ്വീപിൽ ഒൻപത് കേന്ദ്രങ്ങളും ഗൾഫിൽ ഏഴ് കേന്ദ്രങ്ങളുമാണ് പരീക്ഷകൾക്കായി ഒരുക്കിയിരിക്കുന്നത്. ഗൾഫ് മേഖലയിൽ 682 വിദ്യാർഥികളും ലക്ഷദ്വീപ് മേഖലയിൽ 447 വിദ്യാർഥികളുമാണ് പരീക്ഷയെഴുതുന്നത്. എപ്രിൽ 3നാണ് മൂല്യനിർണയം.
Also Read: താമരശ്ശേരിയിലെ വിദ്യാർഥിയുടെ കൊലപാതകം: പ്രതികളുടെ പരീക്ഷാ കേന്ദ്രം മാറ്റി; നടപടി പൊലീസിൻ്റെ ആവശ്യപ്രകാരം
ഈ അധ്യയനവർഷം കൂടുതൽ വിദ്യാർഥികൾ എസ്‌എസ്‌എൽസി പരീക്ഷ എഴുതുന്നത് മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ്. 28,358 കുട്ടികളാണ് പരീക്ഷയ്ക്കിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് കുറവ് വിദ്യാർഥികൾ, 1893 പേർ. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പികെഎംഎം എച്ച്എസ്എസാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതുന്ന കേന്ദ്രം. 2,017പേരാണ് ഇവിടെ പരീക്ഷ എഴുതുക. ഒരു കുട്ടി മാത്രം പരീക്ഷ എഴുതുന്ന തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ ഫോർട്ട് ഗവ. സംസ്കൃതം എച്ച്എസാണ് കുറവ് വിദ്യാർഥികളുള്ള കേന്ദ്രം.
രാവിലെ 9.30നാണ് എസ്എസ്എൽസി പരീക്ഷകൾ ആരംഭിക്കുക. 1.30ന് രണ്ടാം വർഷ ഹയർസെക്കന്‍ഡറി പരീക്ഷകളും. ഇന്ന് ആരംഭിക്കുന്ന പരീക്ഷകൾ മാർച്ച് 26ന് അവസാനിക്കും. മാർച്ച് ആറിന് ആരംഭിക്കുന്ന പ്ലസ് വൺ പരീക്ഷകൾ 29നും അവസാനിക്കും.
പരീക്ഷാ നടത്തിപ്പ് സുഗമമാക്കുന്നതിനും ചോദ്യപേപ്പറുകളും ഉത്തരകടലാസുകളും സുരക്ഷിതമായി സൂക്ഷിക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിച്ചതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് കടുത്ത ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്കായി പരീക്ഷാ ഹാളുകളിൽ കുടിവെള്ള സംവിധാനവുമുണ്ടാകും.