ട്രോളിങ്ങ് നിരോധനം തുടരുന്നു; കൊച്ചിയിൽ വീണ്ടും പഴകിയ മത്സ്യം പിടിച്ചെടുത്തു

ട്രോളിങ് നിരോധനം തുടരുന്നതിനാൽ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം മാർക്കറ്റുകളിൽ വിൽപനക്കെത്താൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന
ട്രോളിങ്ങ് നിരോധനം തുടരുന്നു; കൊച്ചിയിൽ വീണ്ടും പഴകിയ മത്സ്യം പിടിച്ചെടുത്തു
Published on

കൊച്ചിയിൽ നിന്ന് വീണ്ടും പഴകിയ മത്സ്യം പിടികൂടി. കൊച്ചി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് കഴുത്തുമുട്ടിലെ വിൽപ്പന കേന്ദ്രത്തിൽ നിന്ന് മത്സ്യം പിടികൂടിയത്. മൊബൈൽ ടെസ്റ്റിങ് ലാബ് ഉപയോഗിച്ചുള്ള നഗരസഭയുടെ പരിശോധന തുടരുകയാണ്.

ട്രോളിങ് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഫോർമാലിൻ കലർന്നതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ മത്സ്യം മാർക്കറ്റുകളിൽ വിൽപനക്കെത്താൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊച്ചി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന നടന്നത്. മാർക്കറ്റുകളും മത്സ്യവിപണ കേന്ദ്രങ്ങളും കേന്ദ്രീകരിച്ചാണ് പരിശോധന തുടരുന്നത്. ഇന്നലെ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ കഴുത്തുമുട്ടിലെ വിൽപന ശാലയിൽ നിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടികൂടിയത്.

അഴുകി തുടങ്ങിയ മത്സ്യം ഐസ് പോലും ഉപയോഗിക്കാതെയാണ് വിൽപ്പനക്ക് വെച്ചിരുന്നത്. കഴിഞ്ഞ ദിവസം പള്ളുരുത്തി വെളി മാർക്കറ്റിൽ നിന്ന് 200 കിലോയോളം പഴകിയ മത്സ്യവും ആരോഗ്യ വിഭാഗം പിടിച്ചെടുത്തിരുന്നു. ഇത് വരെ പത്തൊമ്പത് സർക്കിളുകളിൽ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി. നഗരസഭയുടെ മൊബൈൽ ടെസ്റ്റിങ് ലാബ് വാഹനം ഉപയോഗിച്ചാണ് മത്സ്യങ്ങളുടെ ഗുണനിലവാര പരിശോധന. പഴകിയ മത്സ്യം പിടികൂടിയ സാഹചര്യത്തിൽ വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് അധികൃതരുടെ തീരുമാനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com