
ജനസംഖ്യാടിസ്ഥാനത്തിലുള്ള മണ്ഡല പുനഃനിർണയത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ജോയിന്റ് ആക്ഷൻ കൗൺസിൽ യോഗത്തിൽ തീരുമാനം. മണ്ഡല പുനഃനിർണയത്തിനെതിരല്ല ന്യായമായ പുനഃനിർണയത്തിനുവേണ്ടിയാണ് പോരാട്ടം. രാജ്യത്തെ ഫെഡറലിസം സംരക്ഷിക്കാൻ ഇന്ത്യയുടെ വികസനത്തിന് സംഭാവന നൽകുന്ന സംസ്ഥാനങ്ങൾ ഒരുമിച്ച് നിൽക്കുകയാണെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. ദേശീയ രാഷ്ട്രീയത്തിലെ ചരിത്രപ്രധാനമായ ദിനം എന്ന ആമുഖത്തോടെയാണ് സ്റ്റാലിൻ സംയുകത ആക്ഷൻ കൗണ്സിലിന്റെ യോഗത്തെ അഭിസംബോധന ചെയ്തത്.
ലോക്സഭയിൽ പ്രാതിനിധ്യം കുറഞ്ഞാൽ എന്ത് സംഭവിക്കുമെന്നതിന് മണിപ്പൂർ ഉദാഹരണമാണ്. അമിത് ഷായുടെ കോയമ്പത്തൂർ പ്രസംഗത്തെയും യോഗം നിശിതമായി വിമർശിച്ചു. സംസ്ഥാനങ്ങളിലെ എംപിമാരുടെ എണ്ണത്തിൽ കുറവ് വരില്ലെന്ന് പറയുന്ന അമിത് ഷാ, എങ്ങനെയാണ് അത് പ്രാവർത്തികമാക്കുക എന്നതിൽ വ്യക്തത വരുത്തുന്നില്ലെന്നും വിമർശനമുണ്ട്.
ഫെഡറലിസം കേന്ദ്രത്തിന്റെ ഔദാര്യമല്ലെന്നും സംസ്ഥാനത്തിന്റെ അവകാശമെന്നും, പുനഃസംഘടനയിൽ ബിജെപിക്ക് സങ്കുചിത മനസ്സാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനസംഖ്യ നിയന്ത്രണത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ പ്രശംസിക്കുന്ന കേന്ദ്രം, ജനസംഖ്യ കുറവാണെന്ന പേരിൽ ലഭിക്കേണ്ട ആനുകൂല്യങ്ങൾ വെട്ടികുറയ്ക്കുകയാന്നെനും പിണറായി വിമർശിച്ചു. സ്റ്റാലിന് നന്ദി രേഖപ്പെടുത്തിക്കൊണ്ടായിരുന്നു പിണറായി സംസാരിച്ചത്.
എംപിമാരുടെ കരുത്ത് കുറയ്ക്കുന്ന ഒരു നയത്തെയും അംഗീകരിക്കാൻ കർണാടകയ്ക്ക് കഴിയില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും വ്യക്തമാക്കി. വിഷയം മത, ഭാഷാ ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന പ്രശ്നമെന്നും ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും ശിരോമണി അകാലി ദൾ അധ്യക്ഷൻ ബൽവീന്ദർ സിംഗ് ബുന്ദർ പറഞ്ഞു. ഡിഎംകെ നേതാവും എംപിയുമായ കനിമൊഴിയാണ് ജനസംഖ്യാടിസ്ഥാനത്തിലുള്ള പുനഃസംഘടനയ്‌ക്കെതിരെയുള്ള പ്രമേയം സംയുക്ത ആക്ഷൻ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചത്.
രാജ്യത്ത് ജനസംഘ്യടിസ്ഥാനത്തിൽ ലോക്സഭാ മണ്ഡലം പുനഃസംഘടിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ഒറ്റക്കെട്ടായി പ്രതിരോധിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ചെന്നൈയിൽ യോഗം ചേർന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയനെക്കൂടാതെ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവർ സ്റ്റാലിന്റെ ക്ഷണം സ്വീകരിച്ച് ജോയിന്റ് ആക്ഷൻ കൗൺസിൽ യോഗത്തിനെത്തി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം, എൻ.കെ. പ്രേമചന്ദ്രൻ, ജോസ് കെ. മാണി എംപി എന്നിവരും യോഗത്തിൽ പങ്കെടുത്തു. കേന്ദ്രത്തിനെതിരായ യോഗത്തിൽ നിന്നും തൃണമൂൽ കോൺഗ്രസ്സ് വിട്ടു നിന്നു.