"സ്റ്റാന്‍ഡ് അപ്, ബി എ മാന്‍"; മീടൂ മുന്നേറ്റങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് മോഹന്‍ലാല്‍ ഒളിച്ചോടുന്നുവെന്ന് ശോഭാ ഡേ

മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയുടെ അധ്യക്ഷ പദവി ഒഴിഞ്ഞ മോഹന്‍ലാലിന്‍റെ നടപടിയെ 'ഭീരുത്വം' എന്നാണ് ശോഭ ഡേ വിശേഷിപ്പിച്ചത്
"സ്റ്റാന്‍ഡ് അപ്, ബി എ മാന്‍"; മീടൂ മുന്നേറ്റങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് മോഹന്‍ലാല്‍ ഒളിച്ചോടുന്നുവെന്ന് ശോഭാ ഡേ
Published on

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം മലയാളം സിനിമ മേഖലയില്‍ നിന്നുണ്ടായ ലൈംഗിക ആരോപണ വെളിപ്പെടുത്തലുകളില്‍ പ്രതികരണവുമായി എഴുത്തുകാരിയും കോളമിസ്റ്റുമായ ശോഭ ഡേ. കേരളത്തിലെ സിനിമ മേഖലയില്‍ നടക്കുന്ന മീ ടൂ മുന്നേറ്റത്തിനോട് പ്രതികരിക്കാതെ നടന്‍ മോഹന്‍ലാല്‍ ഒളിച്ചോടുകയാണെന്നും വിഷയത്തില്‍ ബോളിവുഡ് നിശബ്ദത പാലിക്കുന്നുവെന്നും ശോഭ ആരോപിച്ചു.

മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ AMMAയുടെ അധ്യക്ഷ പദവി ഒഴിഞ്ഞ മോഹന്‍ലാലിന്‍റെ നടപടിയെ 'ഭീരുത്വം' എന്നാണ് ശോഭ ഡേ വിശേഷിപ്പിച്ചത്. അതിജീവിതർക്ക് നീതി ഉറപ്പാക്കാതെ രാജിവെച്ച് ഒഴിഞ്ഞതിനെ രൂക്ഷമായാണ് ശോഭ വിമർശിച്ചത്. മോഹന്‍ലാലിനൊപ്പം AMMAയുടെ മുഴുവന്‍ എക്സിക്യൂട്ടീവ് അംഗങ്ങളും രാജിവെച്ചിരുന്നു. "സ്റ്റാന്‍ഡ് അപ്, ബി എ മാന്‍, നിങ്ങളുടെ മറ്റ് ടീം അംഗങ്ങളോടും ഉത്തരവാദിത്തമേറ്റെടുക്കാന്‍ പറയൂ. മറുവശത്തുള്ളവരെ സഹായിക്കൂ", ശോഭ പറഞ്ഞു.

"ഈ പ്രത്യേക കേസിന്‍റെ ദുരവസ്ഥയെന്തെന്നാല്‍, അഞ്ച് വർഷമായി ഹേമ കമ്മിറ്റി റിപ്പോർട്ട് ഒരു നടപടികളുമില്ലാതെ കിടക്കുകയായിരുന്നു. സിനിമയെ ഭരിക്കുന്നത് 15-20 പുരുഷന്മാരുടെ കൂട്ടമാണെന്നും ശോചനീയമായ തൊഴില്‍ അന്തരീക്ഷമാണെന്നും ആരോപിച്ച് വിഘടിച്ച് നില്‍ക്കുന്ന ഒരു വനിത ഗ്രൂപ്പും മലയാള സിനിമയിലുണ്ട്", ശോഭ ഡേ എന്‍ഡിടിവിയോട് പറഞ്ഞു.


സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മലയാള സിനിമയില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും അത് ബോളിവുഡിലും ബംഗാളിലും കർണാടകയിലും നിലനില്‍ക്കുന്നുണ്ടെന്നും ശോഭ ചൂണ്ടിക്കാട്ടി. സിനിമ മേഖലയിലെ പുരുഷ മേധാവിത്വമാണ് മീ ടൂ കേസുകള്‍ക്ക് പിന്നിലെ മുഖ്യ ഘടകമെന്നും ശോഭ കൂട്ടിച്ചേർത്തു.

സിനിമയിലെ പുരുഷ മേധാവിത്വ രീതികള്‍ സ്ത്രീകളെ നിശബ്ദരും അശക്തരുമാക്കുന്നു. ഇത് മാറണം. മോഹന്‍ലാലിന്‍റെ നേതൃത്വത്തില്‍ എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങളും രാജിവെയ്ക്കുന്നത് എങ്ങനെയാണ് അതിന് സഹായിക്കുകയെന്നും താന്‍ നിരാശയാണെന്നും ശോഭ പറഞ്ഞു. ഈ വിഷയത്തില്‍ ബോളിവുഡില്‍ നിന്നും ശക്തമായ ഒരു സ്വരം ഉയർന്നു വന്നു കേട്ടില്ലെന്നും ശോഭ വിമർശിച്ചു. കുറ്റക്കാർക്കെതിരെ നടപിടിയുണ്ടാകണം. ഒരു ട്രിബ്യൂണല്‍ തലത്തിലായിരിക്കണം അത്. ഇത് നടപടിക്കുള്ള സമയമാണെന്നും ശോഭ പറഞ്ഞു.

കേരളത്തിലെ സിനിമാ മേഖലയിലെ സ്ത്രീകളുടെ വേതനം, തൊഴിലിടങ്ങളിലെ അവസ്ഥ, നേരിടുന്ന ചൂഷണങ്ങള്‍ എന്നീ പ്രശ്നങ്ങളെ കുറിച്ച് പഠിച്ച് ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹേമ കമ്മിറ്റി രീപീകരിച്ചത്. ഒന്നര വര്‍ഷത്തിനു ശേഷം 2019 ഡിസംബര്‍ 31 നാണ് വിശദമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. നാലര വർഷത്തിനു ശേഷമാണ് റിപ്പോർട്ട് പുറത്ത് വന്നത്. റിപ്പോർട്ടില്‍ പരാമർശിക്കുന്നവരുടെ പേരു വിവരങ്ങള്‍ സ്വകാര്യത പരിഗണിച്ച് ഒഴിവാക്കിയിരുന്നു. റിപ്പോർട്ട് വന്നതിനു പിന്നാലെ, മലയാളത്തിലെ മുന്‍നിര താരങ്ങളും സിനിമ സംഘടന പ്രവർത്തകർക്കുമെതിരെ വലിയ തോതില്‍ വെളിപ്പെടുത്തലുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com