ഷിൻഡെയ്ക്കെതിരായ വിവാദ പരാമർശം: കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുനാൽ കമ്ര മുംബൈ ഹൈക്കോടതിയിൽ

മദ്രാസ് ഹൈക്കോടതി അനുവദിച്ച ഇടക്കാല ജാമ്യം ഇന്ന് അവസാനിക്കാനിരിക്കെയാണ് കമ്രയുടെ നീക്കം
ഷിൻഡെയ്ക്കെതിരായ വിവാദ പരാമർശം: കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുനാൽ കമ്ര മുംബൈ ഹൈക്കോടതിയിൽ
Published on

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ പരിഹസിച്ചെന്നാരോപിച്ച് തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കമ്ര മുംബൈ ഹൈക്കോടതിയെ സമീപിച്ചു. മദ്രാസ് ഹൈക്കോടതി അനുവദിച്ച ഇടക്കാല ജാമ്യം ഇന്ന് അവസാനിക്കാനിരിക്കെയാണ് കമ്രയുടെ നീക്കം. ഹാസ്യ പരിപാടിക്കിടെ ഏക്നാഥ് ഷിൻഡെയെ വഞ്ചകനെന്ന് പരിഹസിച്ച് പാരഡി ഗാനം ആലപിച്ചതിനാണ് കുനാലിനെതിരെ മുംബൈ പൊലീസ് കേസെടുത്തത്.


തനിക്കെതിരെ ചുമത്തിയ കേസുകൾ ഭരണഘടനയുടെ ആർട്ടിക്കിൾ 19 പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം, ആർട്ടിക്കിൾ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശം എന്നിവ ലംഘിക്കുന്നുവെന്നാണ് ഹർജിയിലെ കുനാൽ കമ്രയുടെ വാദം. വിഷയത്തിൽ മൂന്ന് തവണ സമൻസ് അയച്ചിരുന്നെങ്കിലും കുനാൽ കമ്ര പൊലീസിന് മുന്നിൽ ഹാജരായിരുന്നില്ല. മുംബൈ ഹൈക്കോടതി ഏപ്രിൽ 21 ന് കേസ് പരിഗണിക്കും.

2022 ൽ ഉദ്ധവ് താക്കറെയെ വഞ്ചിച്ച് ഷിൻഡെ നടത്തിയ നീക്കങ്ങളെ പ്രശസ്തമായ ഹിന്ദി ഗാനത്തിന്റെ താളത്തിൽ പരാതിയായി അവതരിപ്പിച്ചായിരുന്നു സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കമ്രയുടെ വിമർശനം. പരിപാടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പ്രതിഷേധം ശക്തമായത്.



വിമര്‍ശനത്തില്‍ ഷിന്‍ഡെ പക്ഷ എംഎല്‍എ മുര്‍ജി പട്ടേല്‍ നല്‍കിയ പരാതിയിലാണ് എംഐഡിസി പൊലീസ് കേസെടുത്തത്. പൊതുവികാരത്തെ വ്രണപ്പെടുത്തുന്ന പരാമര്‍ശമെന്നാണ് പരാതിയില്‍ പറയുന്നത്. ഹോട്ടല്‍ സ്റ്റുഡിയോ പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമായെന്നും, പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ആ സ്റ്റുഡിയോയില്‍ മോശം പരാമര്‍ശം നടത്തിയിട്ടുണ്ടെന്നും മന്ത്രി പ്രതാപ് സര്‍നായികും ആരോപിച്ചു.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com