
എഴുത്തുകാരി അരുന്ധതി റോയിക്ക് 2024-ലെ പെന്‍ പിന്റര്‍ പുരസ്‌കാരം. മനുഷ്യാവകാശ ലംഘനങ്ങള്‍ മുതല്‍ പാരിസ്ഥിതിക പ്രശനങ്ങള്‍ വരെയുള്ള വിഷയങ്ങളിലെ അരുന്ധതി റോയിയുടെ സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം. ഒക്ടോബര്‍ 10 ന് ബ്രിട്ടീഷ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ അരുന്ധതി റോയ് അവാര്‍ഡ് ഏറ്റുവാങ്ങും.
നോബല്‍ സമ്മാന ജേതാവായ നാടകകൃത്ത് ഹരോള്‍ഡ് പിന്ററിന്റെ സ്മരണയ്ക്കായാണ് വര്‍ഷം തോറും പെന്‍ പിന്റര്‍ പുരസ്‌കാരം നല്‍കിവരുന്നത്. സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും ഉജ്ജ്വല ശബ്ദമാണെന്നും, അരുന്ധതിയുടെ കൃതികള്‍ ലോകം അഭിമുഖീകരിച്ച നിരവധി പ്രതിസന്ധികളിലും ഇരുട്ടിലും ഒരു നക്ഷത്രമായിരുന്നു എന്നും ജൂറി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
അരുദ്ധതിറോയി സാഹിത്യത്തിന് സമ്മാനിച്ച സമാനതകളില്ലാത്ത സംഭാവനയ്ക്കാണ് ഈ പുരസ്‌കാരം. സാമൂഹ്യ നീതി, പാരിസ്ഥിതിക വിഷയങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലുള്ള അരുന്ധതിയുടെ പ്രതിബദ്ധതയും, അചഞ്ചലമായ അര്‍പ്പണബോധവും ആണ് ബഹുമതിക്ക് അര്‍ഹയാക്കിയതെന്നും, ഏകകണ്ഠമായാണ് അവാര്‍ഡിനായി അവരെ തെരഞ്ഞെടുത്തതെന്നും ജൂറി അംഗങ്ങള്‍ പറഞ്ഞു.
അതേസമയം ഇന്ത്യന്‍ ഭരണകൂടത്തില്‍ നിന്നും നിരന്തരമായ ഭീഷണി നേരിടുന്ന സമയത്താണ് അരുന്ധതിയെ പുരസ്‌കാരം തേടിയെത്തുന്നത്. അവര്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ ഡല്‍ഹി ലഫ്നന്റ് ഗവര്‍ണര്‍ വി കെ സക്‌സേന നേരത്തെ അനുമതി നല്‍കിയിരുന്നു. 2010ല്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന പരാതിയിലാണ് അരുന്ധതിക്കെതിരെ നടപടി എടുത്തത്. എന്നാല്‍ അരുന്ധതി റോയ്ക്കെതിരെ യുഎപിഎ ചുമത്തിയതിന് ഇന്ത്യക്കകത്തും പുറത്തും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.