
വയനാട് ദുരന്ത ബാധിതരുടെ വായ്പകൾ സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക് എഴുതിത്തള്ളും . 52 പേരുടെ 64 വായ്പകള്‍ ബാങ്ക് എഴുതിതള്ളുമെന്ന് അധികൃതർ അറിയിച്ചു. നടപടികൾ പൂർത്തിയാക്കി ഈട് നൽകിയ പ്രമാണങ്ങൾ കുടുംബങ്ങൾക്ക് തിരികെ നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.
ALSO READ: വഴിവിളക്കുകൾ പ്രവർത്തിക്കുന്നില്ല; പത്തനംതിട്ട നഗരസഭ യോഗത്തില്‍ മെഴുകുതിരികളുമായി പ്രതിപക്ഷ പ്രതിഷേധം
വയനാട് ഉരുൾപൊട്ടൽ ബാധിച്ച മേഖലകളായ മുണ്ടക്കൈ ചൂരൽമല എന്നീ പ്രദേശങ്ങളിലെ കുടുംബങ്ങളുടെ വായ്പയാണ് കാർഷിക ഗ്രാമവികസന ബാങ്ക് എഴുതിത്തള്ളാൻ തീരുമാനിച്ചിരിക്കുന്നത്. 42 കാർഷിക വായ്പകളും 21 റൂറൽ ഹൗസിങ് വായ്പകളും ഒരു കാർഷികേതര വായ്പയും ഇതിലുൾപ്പെടും. വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്ന് വായ്പ എടുത്തവരുടെതാണ് എഴുതി തള്ളുക. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഈടായി നൽകിയ പ്രമാണങ്ങൾ വായ്പക്കാർക്ക് ഒരു മാസത്തിനകം തിരികെ നൽകും. തീരുമാനത്തിന് സർക്കാരിൻ്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ് ബാങ്ക്.
ദുരന്ത ബാധിതര്‍ക്ക് ധനസഹായം നല്‍കാനും ബാങ്ക് തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. ബാങ്ക് ജീവനക്കാരില്‍ നിന്ന് ഒരു ദിവസത്തെ വേതനം സമാഹരിച്ച് ദുരന്ത ബാധിതര്‍ക്ക് ധനസഹായമായി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 50 ലക്ഷം രൂപയാണ് ബാങ്ക് നല്‍കിയത്.