
സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ അഴിമതി കേസിൽ, സി.ബി.ഐക്ക് പ്രോസിക്യൂഷൻ അനുമതി നൽകാതിരുന്ന സർക്കാർ നടപടി, ഹൈക്കോടതി റദ്ദാക്കി. സി.ബി.ഐ നൽകിയ അപേക്ഷ സർക്കാർ പുനഃപരിശോധിക്കുകയും മൂന്ന് മാസത്തിനകം വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി തീരുമാനമെടുത്ത് അറിയിക്കുകയും വേണമെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഉത്തരവിട്ടു.
തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള വിചാരണ നടപടികൾ മരവിപ്പിച്ചാണ് ഹൈക്കോടതി ഉത്തരവ്. കശുവണ്ടി സംഭരണത്തിലും വിൽപ്പനയിലും കോടികളുടെ ക്രമക്കേട് ഉണ്ടായെന്ന ആരോപണത്തെ തുടർന്നാണ് സിബിഐ യോട് കേസെടുത്ത് അന്വേഷണം നടത്താൻ കോടതി നിർദേശിച്ചത്. അന്വേഷണം പൂർത്തിയാക്കിയ സിബിഐ, അന്തിമ റിപ്പോർട്ട് നൽകുന്നതിന് പ്രോസിക്യൂഷൻ അനുമതിക്കായി അപേക്ഷ നൽകി. എന്നാൽ, 2020 ഒക്ടോബർ 15ന് അനുമതി നിഷേധിക്കുകയായിരുന്നു. അനുമതി നൽകാത്ത സർക്കാർ നടപടി ചോദ്യം ചെയ്ത് കൊല്ലം സ്വദേശി കടകംപള്ളി മനോജ് നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.
ക്രമക്കേട് ആരോപിച്ച്, മുൻപും കടകംപള്ളി മനോജ് നൽകിയ ഹർജിയിൽ തന്നെയാണ് ഹൈക്കോടതി മുമ്പ് കേസ് സി.ബി.ഐക്ക് വിട്ടത്. തുടർന്ന്, കോർപറേഷൻ മുൻ ചെയർമാൻ ആർ. ചന്ദ്രശേഖരൻ, മുൻ എം.ഡി കെ.എ. രതീഷ് തുടങ്ങിയവരെ പ്രതിചേർത്ത് കേസെടുത്തു. ഉദ്യോഗസ്ഥർ കോർപറേഷന്റെ താൽപര്യം സംരക്ഷിച്ചില്ലെന്നും സർക്കാർ നൽകിയ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തുവെന്നുമാണ് സി.ബി.ഐയുടെ അന്വേഷണ റിപ്പോർട്ടിലുള്ളത്.