ഭിന്നശേഷി വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിലായ സംഭവം: ഇടപെടലുമായി ബാലാവകാശ കമ്മീഷൻ

സംസ്ഥന തലത്തിൽ വിഷയങ്ങൾ പരിശോധിക്കുമെന്നും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാവശ്യമായ നിർദേശങ്ങൾ നൽകുമെന്നും അഡ്വ. മനോജ് കുമാർ പറഞ്ഞു
ഭിന്നശേഷി വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിലായ സംഭവം: ഇടപെടലുമായി ബാലാവകാശ കമ്മീഷൻ
Published on

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിലായ സംഭവത്തിൽ ഇടപെടലുമായി ബാലാവകാശ കമ്മീഷൻ. സാമ്പത്തിക പ്രയാസം കാരണം വിദ്യാർഥികൾക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിൽ തടസം നേരിട്ടിട്ടുണ്ടെന്നാണ് ചുമതലയുള്ളവർ നൽകുന്ന വിശദീകരണമെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ അഡ്വ. മനോജ് കുമാർ അറിയിച്ചു.



എന്നാൽ വിദ്യാർഥികൾക്ക് ആവശ്യമായ തെറാപ്പികൾ കൃത്യസമയത്ത് തന്നെ നൽകുന്നുണ്ടെന്നാണ് വിവിധ മീറ്റിങ്ങുകളിൽ നിന്നുള്ള റിപ്പോർട്ടിൽ നിന്നും ലഭ്യമാകുന്ന വിവരമെന്നും അദ്ദേഹം അറിയിച്ചു. കുട്ടികൾക്ക് ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിൽ കൃത്യമായ നടപടി സ്വീകരിക്കുമെന്നും ബാലാവകാശ കമ്മീഷൻ അറിയിച്ചു. സംസ്ഥന തലത്തിൽ വിഷയങ്ങൾ പരിശോധിക്കുമെന്നും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാവശ്യമായ നിർദേശങ്ങൾ നൽകുമെന്നും അഡ്വ. മനോജ് കുമാർ പറഞ്ഞു.



സ്പെഷ്യൽ എഡ്യൂക്കേറ്റർ നിയമനം വൈകുന്നതിനെ തുടർന്ന് പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷി വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിലാകുന്നുവെന്ന വാർത്ത ന്യൂസ് മലയാളമാണ് റിപ്പോർട്ട് ചെയ്തത്. ഒരു അധ്യാപികയ്ക്ക് രണ്ടും മൂന്നും സ്കൂളുകളുടെ ചുമതല നൽകുന്നത് വിദ്യാർഥികളുടെ പഠനത്തെ ബാധിക്കുന്നുവെന്ന് രക്ഷിതാക്കളാണ് പരാതി നൽകിയത്. സ്പെഷ്യൽ എഡ്യൂക്കേറ്റർമാരെ ഒരോ സ്കൂളുകളിലും നിർബന്ധമായും നിയമിക്കണമെന്ന 2023ലെ ബാലാവകാശ കമ്മീഷൻ്റെ ഉത്തരവ് ഇനിയും നടപ്പാക്കാത്തതും പ്രതിസന്ധിക്ക് കാരണമാകുന്നുണ്ടെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്.



എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസത്തിനുള്ള അവകാശം നിലനിൽക്കെയാണ് ഭിന്നശേഷി വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിന് തടസം ഉണ്ടാകുന്നത്. പൊതുവിദ്യാലയങ്ങളുടെ അന്തരീക്ഷത്തിൽ തന്നെ ഭിന്നശേഷി വിദ്യാർഥികളും പഠിക്കണമെന്ന് വിദ്യാഭ്യാസ നയവും നടപ്പിലാകുന്നില്ല. സ്പെഷ്യൽ സ്കൂളുകൾ ഉപേക്ഷിച്ച് പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷി കുട്ടികളുടെ കഴിവും മികവും വർദ്ധിച്ചതായി റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ പരിശീലനം ലഭിച്ച അധ്യാപകരുടെ അഭാവം പഠനരീതിക്ക് തടസം സൃഷ്ടിക്കുന്നുണ്ട്.

ആഴ്ചയിൽ മുഴുവൻ സമയവും സ്പെഷ്യൽ എജ്യൂക്കേറ്റർമാരുടെ സേവനം പൊതുവിദ്യാലയങ്ങളിൽ വേണമെന്ന 2023 ലെ ബാലാവകാശ കമ്മീഷൻ്റെ ഉത്തരവ് ഇതുവരെ നടപ്പിലാക്കിയിട്ടില്ല. പലപ്പോഴും ആഴ്ചയിൽ രണ്ടു തവണ മാത്രമാണ് സ്പെഷ്യൽ എജ്യൂക്കേറ്റർമാരുടെ സേവനം ലഭിക്കുന്നത്. സ്കൂളുകളിലെ പഠനാന്തരീക്ഷം പരമാവധി ഭിന്നശേഷി സൗഹൃദമാക്കുക എന്ന ലക്ഷ്യവും അട്ടിമറിക്കപ്പെടുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com