
സംസ്ഥാനത്തിന്‍റെ വ്യവസായ മേഖലയിൽ നിര്‍മിത ബുദ്ധി മുന്‍ഗണനാ വിഷയമാക്കി സമഗ്ര എഐ നയം പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സർക്കാർ. ജൻ എഐ കോൺക്ലേവ് മാതൃകയിൽ ഓഗസ്റ്റ് 24ന് റോബോട്ടിക് റൗണ്ട് ടേബിൾ സംഘടിപ്പിക്കുമെന്നും അറിയിച്ചു. കൊച്ചിയിൽ നടന്ന രണ്ട് ദിവസം നീണ്ടു നിന്ന രാജ്യത്തെ ആദ്യത്തെ അന്താരാഷ്ട്ര ജൻ എഐ കോൺക്ലേവിലാണ് നയം വ്യക്തമാക്കിയത്.
എഐ അധിഷ്ഠിത മേഖലകളിൽ സർക്കാരിൻ്റെ പൂർണ പിന്തുണയും പ്രഖ്യാപനം ഉറപ്പ് നൽകുന്നു. ഐ ടി കമ്പനിയായ ഐബിഎമ്മുമായി സഹകരിച്ച് എഐ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകാനും തീരുമാനമുണ്ട്.
ഓഗസ്റ്റ് 24 ന് കൊച്ചിയിൽ ഇൻ്റർനാഷണൽ റോബോട്ടിക്സ് റൗണ്ട് ടേബിൾ സംഘടിപ്പിക്കുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. റോബോട്ടിക്സ് ഉൾപ്പെടെ 12 മേഖലകളിൽ റൗണ്ട് ടേബിൾ നടത്തും. ഐബിഎമ്മുമായി ചേർന്ന് സംസ്ഥാന സർക്കാർ നടത്തിയ ജൻ എഐ കോൺക്ലേവിൽ വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ അടക്കം രണ്ടായിരത്തിലധികം പേരാണ് പങ്കെടുത്തത്. ലോകത്തിലെ എല്ലാ മേഖലകളിലുമുള്ള എഐ വിദഗ്ധരാണ് സെക്ഷനുകൾ നയിച്ചത്. ചോദ്യോത്തര വേളകളും ഡെമോൺസ്ട്രഷനുകളും കോൺക്ലേവ് ആകർഷകമാക്കി. പുതിയ പാതകളിൽ കേരളത്തിന്റെ കുതിപ്പ് വർധിപ്പിക്കാൻ സമ്മേളനത്തിന് കഴിഞ്ഞെന്നും മറ്റ് സംസ്ഥാനങ്ങളിലും ഇത്തരം സമ്മേളനങ്ങൾ സംഘടിപ്പിക്കണമെന്നും വിലയിരുത്തിയാണ് കോൺക്ലേവ് സമാപിച്ചത്.