
സംസ്ഥാന സ്കൂൾ കായികമേള, സംസ്ഥാന സ്കൂൾ കലോത്സവം, സംസ്ഥാന ശാസ്ത്രോത്സവം എന്നിവയുടെ വേദികളും തീയതികളും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സംസ്ഥാന സ്കൂൾ കായികമേള ഇത്തവണ കൊച്ചിയിലും, സംസ്ഥാന സ്കൂൾ കലോത്സവം തിരുവനന്തപുരത്തും, ശാസ്ത്രോത്സവം ആലപ്പുഴയിലും സംഘടിപ്പിക്കുമെന്ന് വി. ശിവൻകുട്ടി അറിയിച്ചു.
സംസ്ഥാന സ്കൂൾ കായികമേള
നവംബർ നാല് മുതൽ 11 വരെ കൊച്ചിയിലെ വിവിധ വേദികളിലായാണ് സ്കൂൾ കായികമേള നടക്കുന്നത്. 24000 കായികപ്രേമികൾ പങ്കെടുക്കുന്ന കായിക മാമാങ്കം ആകും ഇത്തവണ നടക്കുക. മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും വി. ശിവൻകുട്ടി അറിയിച്ചു. ഇത്തവണ ആദ്യമായി ഗൾഫ് രാജ്യങ്ങളിൽ നിന്ന് കുട്ടികൾ കായികമേളയിൽ പങ്കെടുക്കും. ഒളിമ്പിക്സ് നിലവാരത്തിൽ ആയിരിക്കും കായികമേള സംഘടിപ്പിക്കുന്നത്.
സംസ്ഥാന സ്കൂൾ കലോത്സവം
ജനുവരി നാല് മുതൽ എട്ട് വരെ തിരുവനന്തപുരത്തെ വിവിധ വേദികളിലായാണ് സംസ്ഥാന സ്കൂൾ കലോത്സവം നടക്കുക. ജനുവരി നാലിന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. കലോത്സവ ചരിത്രത്തില്‍ ആദ്യമായി തദ്ദേശീയ ജനവിഭാഗങ്ങളുടെ കലാരൂപങ്ങള്‍ കൂടി മത്സര ഇനമായി കലോത്സവത്തില്‍ അരങ്ങേറും.
സംസ്ഥാന ശാസ്ത്രോത്സവം
സംസ്ഥാന ശാസ്ത്രോത്സവം നവംബര്‍ 15 മുതല്‍ 18 വരെയുള്ള തീയതികളിൽ ആലപ്പുഴയിൽ സംഘടിപ്പിക്കും. ഏകദേശം 10,000ത്തോളം മത്സരാര്‍ഥികള്‍ ഈ മേളയില്‍ മാറ്റുരയ്ക്കുന്നുണ്ട്. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, കാലഘട്ടത്തിന്റെ അനിവാര്യതയായ ഐ.റ്റി വിഭാഗം, പ്രവൃത്തിപരിചയം, എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. എച്ച്.എസ്, എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ് വിഭാഗങ്ങളിലായി ആകെ 180 ഇനങ്ങളില്‍ ആണ് മത്സരം നടക്കുന്നത്.