
സംസ്ഥാന സ്കൂൾ കായികമേള ഒളിംപിക്സ് മാതൃകയിൽ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്കൂൾ ഒളിംപിക്സിന് വേദിയാവുക കൊച്ചി. നവംബർ 4 മുതൽ 11 വരെയാണ് സ്കൂൾ കായികോത്സവം. കായികമേളയുടെ ഉദ്ഘാടനം കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ വെച്ച് നടക്കും. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിൽ കായികോത്സവം നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങൾ മഹാരാജാസ് ഗ്രൗണ്ടിൽ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. മറ്റ് മത്സരങ്ങൾ നഗരത്തിലെ വിവിധയിടങ്ങളിലായി നടത്തും. നീന്തൽ മത്സരങ്ങൾ മാത്രം കോതമംഗലം എം.എ കോളേജിൽ നടത്താനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.
അതേ സമയം, ഇത്തവണ സ്കൂൾ കലോത്സവം നടക്കുക തലസ്ഥാന നഗരിയിൽ വെച്ചായിരിക്കും. ഡിസംബർ 3 മുതൽ 7 വരെയാണ് സ്കൂൾ കലോത്സവം.