
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനുള്ള നിയമസഭാ പ്രമേയം അംഗീകരിച്ച് ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ. വ്യാഴാഴ്ച ഒമർ അബ്ദുള്ളയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. കേന്ദ്ര സർക്കാരിനോട് ജമ്മു കശ്മീരിൻ്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാൻ പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്.
പ്രമേയത്തിൻ്റെ കരട് തയ്യാറാക്കി പ്രധാനമന്ത്രിക്ക് കൈമാറാൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഏതാനും ദിവസത്തിനുള്ളിൽ ഡൽഹിക്ക് തിരിക്കും. സംസ്ഥാന പദവി പുനഃസ്ഥാപിക്കൽ ഹർജികൾ സമയബന്ധിതമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി വ്യാഴാഴ്ച അംഗീകരിച്ചിരുന്നു. മന്ത്രിസഭ ഏകകണ്ഠമായാണ് സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം പാസാക്കിയതെന്ന് എൻ സി വക്താവ് വ്യക്തമാക്കി. മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടേയും ഉപമുഖ്യമന്ത്രി സുരീന്ദർ കുമാർ ചൗധരിയുടേയും അധ്യക്ഷതയിലായിരുന്നു മന്ത്രിസഭാ യോഗം ചേർന്നത്.
2019ലാണ് ജമ്മു കശ്മീരിൻ്റെ സംസ്ഥാന പദവി എടുത്തു കളഞ്ഞത്. തുടർന്ന് സംസ്ഥാനം വിഭജിച്ച് രണ്ട് കേന്ദ്ര ഭരണപ്രദേശമാക്കുകയും ആർട്ടിക്കിൾ 370 റദ്ദാക്കുകയും ചെയ്തിരുന്നു.