ഒളിമ്പിക്സ് അസോസിയേഷൻ്റേത് തരംതാണ പ്രസ്താവന; പിൻവലിച്ച് മാപ്പ് പറയണം: യു. ഷറഫലി

മന്ത്രി വട്ടപ്പൂജ്യമാണെന്ന് വിലയിരുത്താൻ സുനിൽകുമാർ ആരാണെന്നും ഷറഫലി ചോദ്യമുന്നയിച്ചു
ഒളിമ്പിക്സ് അസോസിയേഷൻ്റേത് തരംതാണ പ്രസ്താവന; പിൻവലിച്ച് മാപ്പ് പറയണം: യു. ഷറഫലി
Published on

ഒളിമ്പിക്സ് അസോസിയേഷനെതിരെ സ്പോർട്‌സ് കൗൺസിൽ രംഗത്ത്. സ്പോർട്‌സ് കൗൺസിൽ ഒന്നും ചെയ്യുന്നില്ലെന്ന ഹോക്കി അസോസിയേഷൻ പ്രസിഡൻ്റ്  സുനിൽകുമാറിൻ്റെ ആരോപണം തരംതാണതാണ്. പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും സ്പോർട്‌സ് കൗൺസിൽ പ്രസിഡൻ്റ്  യു. ഷറഫലി ആവശ്യപ്പെട്ടു. സുനിൽകുമാറിൻ്റെ ആരോപണങ്ങൾ ചൈനീസ് പടക്കമായി കണ്ടാൽ മതി. മന്ത്രി വട്ടപ്പൂജ്യമാണെന്ന് വിലയിരുത്താൻ സുനിൽകുമാർ ആരാണെന്നും ഷറഫലി ചോദ്യമുന്നയിച്ചു.

പണം വാങ്ങി പുട്ടടിച്ചെന്നത് മന്ത്രി ഉദ്ദേശിച്ചത് ഹോക്കി അസോസിയേഷനെയാണെന്നും, ഹാൻഡ് ബോൾ താരങ്ങളെയല്ല ഉദ്ദേശിച്ചതെന്ന് മന്ത്രി തന്നെ പറഞ്ഞിരുന്നുവെന്നും ഷറഫലി ചൂണ്ടിക്കാട്ടി. ഹോക്കി അസോസിയേഷന് മാത്രമായി 4 വർഷത്തിനിടെ 24 ലക്ഷം രൂപയോളം നൽകിയിട്ടുണ്ട്. സർക്കാരിൽ നിന്ന് ലക്ഷങ്ങൾ കൈപ്പറ്റിയിട്ടും ഹോക്കിയുടെ നിലവാരം താഴോട്ട് പോയെന്നും ഷറഫലി ആരോപിച്ചു. തുക അനുവദിച്ചതിൻ്റെ രേഖയും പുറത്തുവിട്ടിട്ടുണ്ട്.

സർക്കാരിനെതിരായ സമരത്തിന് പോലും ഈ ഗ്രാൻ്റ് തുകയാണ് ഉപയോഗിച്ചത്. 90 ശതമാനം ഫണ്ടും കായിക മേഖലയിൽ ഉപയോഗിക്കണമെന്ന് ചട്ടമുണ്ട്. ഇത് മറികടന്നുകൊണ്ടാണ് ഫണ്ട് ദുർവിനിയോഗം ചെയ്തത്. എത്ര തുക വിനിയോഗിച്ചെന്ന് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും
സ്പോർട്സ് കൗൺസിൽ ആവശ്യമുന്നയിച്ചു.

ഇതിനുപിന്നാലെ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റിനെ തള്ളി ട്രഷറർ രഞ്ജിത്ത് രംഗത്തെത്തി. സുനിൽകുമാറിൻ്റെ ആരോപണങ്ങൾ വ്യക്തിപരമെന്നാണ് ട്രഷററുടെ വാദം. ആരോടും ആലോചിക്കാതെയാണ് സുനിൽകുമാർ ഇത്തരത്തിൽ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ട്രഷറർ ആയിട്ടുള്ള തന്നെ പോലും അറിയിച്ചിട്ടില്ല. വസ്തുതയ്ക്ക് നിരക്കാത്ത ആരോപണങ്ങളാണ് സുനിൽ ഉന്നയിച്ചതെന്നും രഞ്ജിത്ത് പറഞ്ഞു. അസോസിയേഷൻ ട്രഷററായ രഞ്ജിത്ത് സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് കൂടിയാണ്.

സ്പോട്സ് കൗൺസിൽ ജീവനക്കാർക്ക് ശമ്പളം ഉടൻ നൽകുമെന്നും, ഫെബ്രുവരി വരെ ശമ്പളം നൽകാൻ 2.70 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും ട്രഷറർ അറിയിച്ചു. സ്പോർട്സ് ഹോസ്റ്റലുകളുടെ കുടിശിക മാർച്ച് 31 ന് മുമ്പ് തീർക്കുമെന്നും 9 കോടി രൂപ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ട്രഷറർ കൂട്ടിച്ചേർത്തു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com