
തീവ്രവാദത്തെ അംഗീകരിക്കുകയും തീവ്രവാദികള്‍ക്ക് അഭയം നല്‍കുകയും ചെയ്യുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ ഇന്ത്യ. ഖസാക്കിസ്ഥാന്‍ തലസ്ഥാനമായ അസ്താനയില്‍ ആണ് ഈ വര്‍ഷത്തെ ഉച്ചകോടി നടന്നത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ആണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പരിപാടിയില്‍ പങ്കെടുത്തത്.
തീവ്രവാദത്തെ ശക്തമായി പ്രതിരോധിച്ചില്ലെങ്കില്‍ പ്രാദേശികവും ആഗോളവുമായ സമാധാനത്തിന് വലിയ ഭീഷണിയായി അത് മാറും. തീവ്രവാദത്തെ അംഗീകരിക്കാന്‍ കഴിയില്ല. അത്തരത്തില്‍ ഭീകരതയെ ന്യായീകരിക്കുന്ന രാജ്യങ്ങളെ തുറന്നുകാട്ടണമെന്നും ഒറ്റപ്പെടുത്തണമെന്നും അന്താരാഷ്ട്ര സമൂഹത്തോട് ഇന്ത്യ ആവശ്യപ്പെട്ടു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ തുടങ്ങിയവരും ഉച്ചകോടിയില്‍ പങ്കെടുത്തു.
ഇന്ത്യ, ഇറാന്‍, ഖസാക്കിസ്ഥാന്‍, ചൈന, കിര്‍ഗിസ്ഥാന്‍, പാകിസ്ഥാന്‍, റഷ്യ, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവയാണ് ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷനിലെ അംഗരാജ്യങ്ങള്‍. 2001-ല്‍ ചൈനയും റഷ്യയും ചേര്‍ന്ന് രൂപീകരിച്ച എസ്സിഒ ഒരു രാഷ്ട്രീയ, സാമ്പത്തിക, അന്തര്‍ദേശീയ സുരക്ഷാ, പ്രതിരോധ സംഘടനയാണ്.