
പത്തനംതിട്ട റാന്നി മുറിഞ്ഞകല്ലിൽ 19കാരിയായ ഗായത്രി ജീവനൊടുക്കിയ സംഭവത്തിൽ അമ്മയ്ക്കൊപ്പം കഴിയുന്ന ആൾക്കെതിരെ ആരോപണവുമായി രണ്ടാനച്ഛൻ. അഗ്നിവീർ കോഴ്സ് വിദ്യാർഥിയായിരുന്ന ഗായത്രിയുടെ അമ്മയോടൊപ്പം കഴിയുന്ന ആൾക്കെതിരെയാണ് രണ്ടാനച്ഛൻ ചന്ദ്രശേഖരൻ ആരോപണം ഉന്നയിച്ചത്. എന്നാൽ മരണത്തിൽ ആർക്കും പങ്കില്ലെന്ന കുറിപ്പ് കണ്ടെത്തിയതായാണ് പൊലീസ് ഭാഷ്യം.
ഗായത്രി മരിച്ച ദിവസം അമ്മയുടെ സുഹൃത്ത് ആദർശ് വീട്ടിലുണ്ടായിരുന്നെന്ന് രണ്ടാനച്ഛൻ ചന്ദ്രശേഖരൻ പറയുന്നു. പിന്നീടാണ് ഇയാൾ ജോലിക്ക് പോയത്. മരണം അറിഞ്ഞിട്ടും തിരിച്ചു വന്നിട്ടില്ല. അടൂരിലെ സ്ഥാപനം ശരിയല്ലെന്നും മകളെ അയക്കരുത് എന്നും അമ്മ രാജിയോട് പറഞ്ഞിരുന്നതാണ്. എന്നാൽ രാജി അത് കേട്ടില്ല. ഒരുവർഷമായി രാജിയുമായി ബന്ധമില്ലെന്നും ഇവർ ആദർശിനൊപ്പമാണ് താമസിക്കുന്നതെന്നും ചന്ദ്രശേഖരൻ പറഞ്ഞു.
നേരത്തെ സൈനിക റിക്രൂട്ട്മെൻറ് പരിശീലന കേന്ദ്രത്തിലെ അധ്യാപകൻ കുട്ടിയെ നഗ്നദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയെന്ന് അമ്മ രാജി ആരോപിച്ചിരുന്നു. മകളെ അധ്യാപകൻ ആദ്യം ഡേറ്റിങിന് ക്ഷണിച്ചു, വഴങ്ങാതെ വന്നപ്പോൾ ഭീഷണിയായി. വിനോദയാത്രയ്ക്ക് പോയപ്പോഴാണ് മകളുടെ നഗ്നദൃശ്യങ്ങൾ പകർത്തിയത്. പിന്നീട് ഇത് കാട്ടി അധ്യാപകൻ ഭീഷണിപ്പെടുത്തിയെന്നും കുട്ടിയുടെ അമ്മ ആരോപിച്ചു.
മരണത്തിൽ ആർക്കും പങ്കില്ലെന്ന കുറിപ്പ് കണ്ടെത്തിയതായാണ് കൂടൽ പൊലീസിൻ്റെ പക്ഷം. എന്നാൽ ആത്മഹത്യക്ക് പിന്നാലെ വീട് മുഴുവൻ തിരഞ്ഞിട്ടും ഒരു കുറിപ്പുപോലും കിട്ടിയില്ലന്ന് മരിച്ച ഗായത്രിയുടെ അമ്മ പറഞ്ഞു. അടൂരിലെ ദ്രോണ ഡിഫൻസ് അക്കാദമി ഉടമ ഇപ്പോൾ ഒളിവിലാണ് . അന്വേഷണം നടന്നുവരുന്നതായി കൂടൽ പൊലീസ് വ്യക്തമാക്കി. അതേസമയം പെൺകുട്ടിയുടെ മൃതദേഹം പത്തനംതിട്ട പൊതുശ്മശാനത്തിൽ ഇന്ന് സംസ്കരിക്കും.