കംബോഡിയയിലെ കോൾ സെൻ്റർ വഴി ഓഹരിത്തട്ടിപ്പ്; നാല് മലയാളികൾ പിടിയിൽ

ഓഹരി വിപണിയിൽ നിക്ഷേപിക്കാനെന്ന വ്യാജേന തിരുവനന്തപുരം സ്വദേശിയിൽ നിന്ന് രണ്ട് കോടി രൂപയാണ് തട്ടിയത്
കംബോഡിയയിലെ കോൾ സെൻ്റർ വഴി ഓഹരിത്തട്ടിപ്പ്; നാല് മലയാളികൾ പിടിയിൽ
Published on

കംബോഡിയയിലെ കോൾ സെൻ്റർ മുഖേന നടത്തിയ ഓഹരിത്തട്ടിപ്പിൽ നാല് മലയാളികൾ പിടിയിലായി.  ഓഹരി വിപണിയിൽ നിക്ഷേപിക്കാനെന്ന വ്യാജേന തിരുവനന്തപുരം സ്വദേശിയിൽ നിന്ന് രണ്ട് കോടി രൂപയാണ് ഇവർ തട്ടിയത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ശേഷം ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ പ്രേരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. കോഴിക്കോട് നല്ലളം സ്വദേശി സാദിക് (48), ഇടുക്കി തൊടുപുഴ സ്വദേശി ഷെഫീക്ക് (37), കോഴിക്കോട് വടകര ഇരിങ്ങല്‍ സ്വദേശി സാദിക്ക് (24), തൃശ്ശൂര്‍ പൂക്കോട് സ്വദേശി നന്ദുകൃഷ്ണ (21) എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം സിറ്റി പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

തട്ടിപ്പുകാർ പരാതിക്കാരനെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടശേഷം, ഓഹരിവിപണിയില്‍ ലാഭം നേടുന്നതിന് ഉപദേശം നല്‍കി വിശ്വാസം നേടിയാണ് കബളിപ്പിച്ചത്. ഇതിനായി എഐ യുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകള്‍ ഇരയുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞമാസം പരാതിക്കാരനില്‍ നിന്നു രണ്ടുകോടി രൂപ തട്ടിയെടുത്തത്.

പരാതിക്കാരനും പ്രതികളും തമ്മില്‍ നടത്തിയ വാട്‌സാപ്പ് ചാറ്റുകള്‍ വിശകലനം ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് കുറ്റകൃത്യം ആസൂത്രണം ചെയ്തു നടപ്പിലാക്കിയത് ഇന്ത്യയ്ക്ക് പുറത്തുനിന്നാണെന്ന് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ നിധിന്‍രാജിന്റെ മേല്‍നോട്ടത്തില്‍, തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ സി.എസ് ഹരിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചത്.

അറസ്റ്റിലായ സാദിക്ക്, കംബോഡിയയിലെ കോള്‍ സെന്റര്‍ വഴി കുറ്റകൃത്യം ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന മലപ്പുറം പാപ്പന്നൂര്‍ സ്വദേശി മനുവിന്റെ പ്രധാന സഹായിയാണ്. ഇയാളാണ്, കമ്മീഷന്‍ വാഗ്ദാനം ചെയ്ത് ബാങ്ക് അക്കൗണ്ടുകള്‍ വാടകയ്ക്ക് എടുത്ത് പണം തട്ടിയെടുക്കുന്നത്. ഷെഫീക്ക് ആണ് ഇത്തരത്തില്‍ ശേഖരിക്കുന്ന പണം ഡിജിറ്റല്‍ കറന്‍സിയായി മാറ്റി കംബോഡിയായിലേയ്ക്ക് അയയ്ക്കുന്നത്. പണം തട്ടിയെടുക്കുന്നതിന് കമ്മീഷന്‍ കൈപ്പറ്റി, സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ കൈമാറിയതിനാണ് സാദിക്ക്, നന്ദുകൃഷ്ണ എന്നിവര്‍ അറസ്റ്റിലായത്. തട്ടിപ്പിൽ കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം നടന്നുവരികയാണ്. കേരളത്തില്‍ നിന്ന് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടപ്പെടുന്ന തുക സംസ്ഥാനത്തെ വിവിധ ദേശസാല്‍കൃത ബാങ്കുകളുടെ ബ്രാഞ്ചുകളിലൂടെയാണ് കൈമാറ്റം ചെയ്യപ്പെടുന്നതെന്നാണ് അന്വേഷണത്തിലൂടെ കണ്ടെത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com