
ബെറിൽ കൊടുങ്കാറ്റിൽ ഏഴു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.കരീബിയൻ തീരത്ത് നിന്നും ബെറിൽ ചുഴലിക്കാറ്റ് ജമൈക്കൻ തീരത്തോട് അടുക്കുന്നതായി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ചുഴലിക്കാറ്റിനെ നേരിടാൻ സജ്ജമായിട്ടുണ്ടെന്ന ജമൈക്കൻ സർക്കാർ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്ന ആളുകൾക്ക് കൃത്യമായ മുന്നറിയിപ്പ് നൽകി. എന്നാൽ നിലവിലെ അന്തരീക്ഷം ശാന്തമാണെന്നാണ് റിപ്പോർട്ട്.
കാറ്റഗറി അഞ്ചിലുൾപ്പെടുന്ന ചുഴലിക്കാറ്റാണ് ബെറിൽ. ഇതിൻ്റെ ശക്തി കാരണം കൊടുങ്കാറ്റ് ഉണ്ടാകുമെന്നും അത് ഏറെ വിനാശകരമായി തീരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കൊടുങ്കാറ്റിനെ തുടർന്ന് ഗ്രനഡയിൽ രണ്ടു പേരും സെൻ്റ്‌വിൻസെൻ്റിൽ ഒരാളും മരിച്ചതായി റിപ്പോർട്ടുകളുണ്ട്. ഗ്രനഡയിൽ ഇനിയും മരണ നിരക്ക് ഉയരാൻ സാധ്യതയുള്ളതായും പ്രധാനമന്ത്രി ഡിക്കൺ മിച്ചൽ അറിയിച്ചു. ഗ്രനഡയിൽ ഉദ്യോഗസ്ഥർ എത്തിയതിന് ശേഷം മാത്രമേ നാശ നഷ്ടത്തിൻ്റെ കണക്ക് വ്യക്തമാക്കുകയുള്ളുവെന്നും അവർ കൂട്ടിച്ചേർത്തു. വീടുകൾക്കും ഏതാനും സർക്കാർ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുള്ളതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഗ്രനഡയിലും സെൻ്റ്‌വിൻസെൻ്റിലും സെൻ്റ് ലൂസിയയിലും ആയിരകണക്കിന് ആളുകൾക്ക് ഇപ്പോഴും വൈദ്യുതി ലഭ്യമായിട്ടില്ല. നിലവിൽ പലരും ഇവിടെയുള്ള താൽക്കാലിക അഭയകേന്ദ്രങ്ങളിലാണ് താമസിക്കുന്നത്. അറ്റ്ലാൻ്റിക് സമുദ്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ആദ്യത്തെ കാറ്റഗറി 5 കൊടുങ്കാറ്റാണ് ബെറിൽ. കൂടാതെ ഈ വർഷം വടക്കൻ അറ്റ്ലാൻ്റിക്കിന് സമീപം ഏഴോളം വലിയ ചുഴലിക്കാറ്റുകള്‍ക്ക് സാധ്യതയുള്ളതായും യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്‌ഫെറിക് അഡ്‌മിനിസ്ട്രേഷൻ മുന്നറിയിപ്പ് നൽകി.