മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി... ധനുമാസ ചന്ദ്രിക വന്നു; ജയചന്ദ്രനെ പറഞ്ഞുപറ്റിച്ച് പാടിച്ച പാട്ട്

ഈ പാട്ട് പാടാന്‍ എപ്പോഴാണ് യേശുദാസ് എത്തുന്നത്. അത് കേട്ട് ആര്‍.കെ. ശേഖര്‍ ഉള്‍പ്പെടെ എല്ലാവരും ചിരിച്ചു.
മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി...  ധനുമാസ ചന്ദ്രിക വന്നു; ജയചന്ദ്രനെ പറഞ്ഞുപറ്റിച്ച് പാടിച്ച പാട്ട്
Published on



സിനിമാ പിന്നണി ഗാനരംഗത്തേക്കുള്ള പി. ജയചന്ദ്രന്റെ വരവ് തികച്ചും യാദൃശ്ചികമായിരുന്നു. ചെറുപ്പത്തില്‍ തന്നെ, ഹിന്ദി പാട്ടുകള്‍ കേട്ടും പഠിച്ചും അതുപോലെ പാടുക ജയചന്ദ്രന്റെ ശീലമായിരുന്നു. മുഹമ്മദ് റാഫിയുടെ കടുത്ത ആരാധകനായിരുന്നു ജയചന്ദ്രന്‍. പാട്ടിനും വരികള്‍ക്കും റാഫി നല്‍കുന്ന ഭാവപൂര്‍ണതയാണ് ജയചന്ദ്രനെ അദ്ദേഹത്തിലേക്ക് അടുപ്പിച്ചത്. കഥകളി, മൃദംഗം, ചെണ്ട, പാഠകം, ചാക്യാര്‍കൂത്ത് എന്നിങ്ങനെ കലകളില്‍ പ്രാവീണ്യം നേടിയെങ്കിലും ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിരുന്നില്ല. ജയചന്ദ്രന്റെ സംഗീതവാസനയെ പ്രോത്സാഹിപ്പിച്ചത് ഹൈസ്കൂളില്‍ അധ്യാപകനായിരുന്ന രാമനാഥന്‍ മാസ്റ്ററായിരുന്നു. അദ്ദേഹം ജയചന്ദ്രനെ ലളിതഗാനം പഠിപ്പിച്ചു. 1958ല്‍ ആദ്യമായി പങ്കെടുത്ത സ്കൂള്‍ യുവജനോത്സവത്തില്‍, സംസ്ഥാന തലത്തില്‍ മൃദംഗത്തിന് ഒന്നാം സ്ഥാനവും ലളിതഗാനത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു. തൊട്ടടുത്ത വര്‍ഷം സംസ്ഥാനതലത്തില്‍ ലളിതഗാനത്തിന് ഒന്നാം സ്ഥാനം നേടി. എന്നാല്‍, തുടര്‍ന്നങ്ങോട്ട് കാര്യമായ പ്രോത്സാഹനമൊന്നും കിട്ടിയില്ല. അതുകൊണ്ട് സംഗീതം ശാസ്ത്രീയമായി പഠിക്കാനും പോയില്ല. ബിരുദ പഠനം കഴിഞ്ഞപ്പോള്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ച് മദിരാശിയിലേക്ക് പറഞ്ഞുവിട്ടു. എന്തെങ്കിലും ജോലി കണ്ടെത്തുകയായിരുന്നു ലക്ഷ്യം. അവിടെ ബന്ധുവിന്റെ വീട്ടില്‍ താമസിച്ചുകൊണ്ട് ജോലി അന്വേഷണം തുടങ്ങി. അതിനിടെ ഗാനമേളയില്‍ പാടാനും അവസരം ലഭിച്ചു. അതായിരുന്നു സിനിമാലോകത്തേക്കുള്ള ടേണിങ് പോയിന്റ്.

ഗാനമേളകളില്‍ റാഫിയുടെയും കിഷോര്‍ കുമാറിന്റെയും ഗാനങ്ങള്‍ക്കൊപ്പം സുഹൃത്ത് കൂടിയായ യേശുദാസിന്റെ പാട്ടുകളും ജയചന്ദ്രന്‍ പാടിയിരുന്നു. അങ്ങനെയൊരു ഗാനമേളയില്‍ പഴശ്ശിരാജ എന്ന ചിത്രത്തിനുവേണ്ടി യേശുദാസ് പാടിയ 'ചൊട്ട മുതല്‍ ചുടല വരെ' എന്ന ഗാനം പാടി. കേള്‍വിക്കാരുടെ കൂട്ടത്തില്‍ ശോഭനാ പരമേശ്വരന്‍ നായര്‍, എ. വിന്‍സന്റ്, ആര്‍.എസ്. പ്രഭു എന്നിവരുണ്ടായിരുന്നു. ജയചന്ദ്രന്റെ ആലാപന മികവും ശബ്ദസൗകുമാര്യവും ഇരുവരെയും ആകര്‍ഷിച്ചു. അതായിരുന്നു മലയാള സിനിമയിലേക്കുള്ള കോളിങ് ലെറ്റര്‍. കെ. പത്മനാഭന്‍ നായരുടെ രചനയില്‍ എസ്.എസ്. രാജന്‍ സംവിധാനം ചെയ്ത കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തില്‍ ജയചന്ദ്രന് പാടാന്‍ അവസരം ലഭിച്ചു. പി. ഭാസ്കരന്‍ മാസ്റ്റര്‍ രചിച്ച് ബി.എ. ചിദംബരനാഥ് ഈണമിട്ട ഒരു മുല്ലപ്പൂ മാലയുമായ് എന്ന ഗാനമാണ് പാടേണ്ടത്. വരികളും ഈണവുമൊക്കെ പഠിച്ച് ജയചന്ദ്രന്‍ പാടാനെത്തി. ആദ്യമായി റെക്കോഡിങ് സ്റ്റുഡിയോയില്‍ കയറുന്നതിന്റെ പരിഭ്രമമെല്ലാം ജയചന്ദ്രനില്‍ പ്രകടമായിരുന്നു. അത് പതുക്കെ ആലാപനത്തിലേക്കും പടര്‍ന്നു. പാട്ട് പാടിത്തീര്‍ക്കാന്‍ പോലും സാധിക്കാതെ, ജയചന്ദ്രന് സ്റ്റുഡിയോ വിടേണ്ടിവന്നു. 'ഇത് എനിക്ക് പറ്റിയ പണിയല്ല' എന്നൊരു വികാരത്തിലായിരുന്നു ജയചന്ദ്രന്‍. എന്നാല്‍ വിന്‍സന്റ് മാഷും കൂട്ടരും ജയചന്ദ്രനെ വെറുതെ വിടാന്‍ തീരുമാനിച്ചിരുന്നില്ല. പിറ്റേദിവസം അവര്‍ ജയചന്ദ്രന്റെ അടുത്തെത്തി. ഒന്നുകൂടി പാടിനോക്കാം എന്ന് പറഞ്ഞു. ആ വാക്കുകളുടെ ഊര്‍ജം കൊണ്ട് ജയചന്ദ്രന്‍ പാടി, ഗാനം ഓക്കെയായി. ആറ്റിനക്കരെയാരിക്കാണ്..., ഉദിക്കുന്ന സൂര്യനെ എന്നിങ്ങനെ രണ്ട് സംഘഗാനങ്ങളില്‍ കൂടി ജയചന്ദ്രന്‍ പാടി.

ആദ്യം പാടിയത് കുഞ്ഞാലി മരയ്ക്കാറിനു വേണ്ടിയായിരുന്നെങ്കിലും ചിത്രം പുറത്തുവന്നത് 1967ലായിരുന്നു. 1966ല്‍ റിലീസ് ചെയ്ത കളിത്തോഴന്‍ എന്ന ചിത്രത്തിലെ ഗാനങ്ങളാണ് ജയചന്ദ്രന്റേതായി ആദ്യം പുറത്തുവന്നത്. അതില്‍ പി. ഭാസ്കരന്‍ വരിയെഴുതി, ദേവരാജന്‍ മാസ്റ്റര്‍ ഈണമിട്ട താരുണ്യം തന്നുടെ താമരപ്പൂവനത്തില്‍... എന്ന ഗാനമാണ് ആദ്യം പാടിയത്. എന്നാല്‍ രണ്ടാമത് പാടിയ ഗാനമാണ് ജയചന്ദ്രനെന്ന ഗായകനെ അടയാളപ്പെടുത്തിയത്. അതിനു പിന്നിലും രസകരമായൊരു കഥയുണ്ട്. ജയചന്ദ്രന് വരികളും ഈണവും പറഞ്ഞുകൊടുക്കുന്ന ചുമതല ആര്‍.കെ. ശേഖറിനായിരുന്നു. ആദ്യ ഗാനത്തിന്റെ വരികളും ഈണവും ഓരോ ദിവസവും പഠിച്ചും ദേവരാജന്‍ മാസ്റ്റര്‍ക്കു മുന്നില്‍ പാടിക്കേള്‍പ്പിച്ചും, തിരുത്തിയും വീണ്ടും പാടിയുമൊക്കെ ശരിയാക്കി. ഇനിയൊരു ഗാനമുണ്ട്. അത് യേശുദാസാണ് പാടുന്നത്. ഒരു ട്രാക്ക് പാടുന്നപോലെയോ, പരിശീലനമെന്ന നിലയിലോ അതും കൂടി പാടി പഠിക്കണമെന്ന് ദേവരാജന്‍ മാസ്റ്റര്‍ പറഞ്ഞു. ജയചന്ദ്രന്‍ ആ പാട്ടും പഠിച്ചു, ആത്മാര്‍ത്ഥമായി തന്നെ. തെറ്റിയും തിരുത്തിയും പാടി പാടി പാട്ട് ഹൃദിസ്ഥമായി. റെക്കോഡിങ് ദിവസമെത്തി. താരുണ്യം തന്നുടെ... എന്ന ഗാനമായിരുന്നു ആദ്യ റെക്കോഡ് ചെയ്തത്. അത് ശരിയായി പാടിക്കഴിഞ്ഞ് ജയചന്ദ്രന്‍ പുറത്തുവന്നു. അതു കഴിഞ്ഞപ്പോള്‍, ദേവരാജന്‍ മാസ്റ്റര്‍ തന്നെ വന്നു പറഞ്ഞു, അടുത്ത ഗാനം കൂടി പാടണം. ജയചന്ദ്രന്‍ അതും പാടി. എന്നിട്ട് സ്റ്റുഡിയോയില്‍ ഉണ്ടായിരുന്നവരോട് ചോദിച്ചു, ഈ പാട്ട് പാടാന്‍ എപ്പോഴാണ് യേശുദാസ് എത്തുന്നത്. അത് കേട്ട് ആര്‍.കെ. ശേഖര്‍ ഉള്‍പ്പെടെ എല്ലാവരും ചിരിച്ചു. കാരണം, ആ പാട്ട് യഥാര്‍ത്ഥത്തില്‍ പാടേണ്ട ഗായകന്‍ അത് പാടിക്കഴിഞ്ഞിരിക്കുന്നു. അത് മറ്റാരുമായിരുന്നില്ല, ജയചന്ദ്രന്‍ തന്നെ. ദേവരാജന്‍ മാസ്റ്റര്‍ ജയചന്ദ്രനായി കരുതിവെച്ച ഗാനം, മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി... ധനുമാസ ചന്ദ്രിക വന്നു. ആശ്ചര്യമോ, സന്തോഷമോ.. . പറഞ്ഞറിയിക്കാനാവാത്ത വികാരത്തള്ളിച്ചയിലായിരുന്നു ജയചന്ദ്രന്‍. ആദ്യ ഹിറ്റ് എന്നതിനപ്പുറം, മലയാളത്തിലെ ഭാവഗായകന്റെ വരവ് കൂടി രേഖപ്പെടുത്തുന്നതായി മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി.. എന്ന ഗാനം. അത് കാലാതിവര്‍ത്തിയായി ഇന്നും തുടരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com