ചോരാത്ത ശൗര്യം! വീണ്ടും ട്രെൻഡിങ്ങായി മസായി മാരയിലെ സിംഹരാജാവ് സ്കാർഫെയ്സിൻ്റെ കഥ

സ്വന്തമായി ഒരു സാമ്രാജ്യം തന്നെ കെട്ടിപടുത്ത സിംഹരാജാവിൻ്റെ അവസാന നിമിഷങ്ങളാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ്
ചോരാത്ത ശൗര്യം! വീണ്ടും ട്രെൻഡിങ്ങായി മസായി മാരയിലെ സിംഹരാജാവ് സ്കാർഫെയ്സിൻ്റെ കഥ
Published on

പണ്ട് ലയൺ കിങ്ങിലെ മുഫാസയേയും സിംബയേയും കാണാനായി, കെനിയയിലെ മസായി മാര റിസെർവ് ഫോറസ്റ്റിലേക്ക് തിരിച്ചവരുടെ ശ്രദ്ധ പോയത് മറ്റൊരു സിംഹത്തിലേക്കായിരുന്നു. കണ്ണിന് മുകളിൽ വലിയൊരു മുറിവ്, കറുത്ത നീണ്ട സട, വേച്ച് വേച്ചുള്ള നടപ്പിലും തെല്ലും ചോരാത്ത ശൗര്യം, കാതടപ്പിക്കുന്ന ഗർജനം. മസായി മാരയിലെത്തിയ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാർക്ക് അവൻ്റെ ചിത്രങ്ങളെടുക്കാതെ പോകാൻ കഴിഞ്ഞില്ല. പിന്നെ ഫോട്ടോഗ്രാഫർമാരെല്ലാം മസായ് മാരയിലേക്ക് എത്തിയത് അവനെ കാണാൻ വേണ്ടി മാത്രമായിരുന്നു. ഫോട്ടോഗ്രാഫർമാർ റോക്ക്സ്റ്റാർസ് ഓഫ് മാര എന്ന് വിളിക്കുന്ന സ്കാർഫെയ്സ് ഇന്ന് വീണ്ടും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാവുകയാണ്.

യഥാർത്ഥ സിംഹ രാജാവ്- ഇതാണ് സോഷ്യൽ മീഡിയ മസായി മാര അടക്കിഭരിച്ച സ്കാർഫെയ്സിന് നൽകിയ പേര്. സ്വന്തമായി ഒരു സാമ്രാജ്യം തന്നെ കെട്ടിപടുത്ത സിംഹരാജാവിൻ്റെ അവസാന നിമിഷങ്ങളാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ്. പുല്ലുകൾക്കിടയിൽ ആരുടെയും ശല്യമില്ലാതെ, സമാധാനത്തോടെ കണ്ണുകളടയ്ക്കുന്ന സ്കാർഫെയ്സിൻ്റെ അവസാനനിമിഷങ്ങളെ രാജകീയമെന്നാണ് ഇൻസ്റ്റഗ്രാം യൂസേഴ്സ് വിളിക്കുന്നത്. കെനിയ മസായി മാരയിലെ സിംഹരാജൻ്റെ കഥ തിരയുകയാണ് ഇന്ന് സോഷ്യൽ മീഡിയ.


2007ലാണ് സ്കാർഫെയ്സ് ജനിക്കുന്നത്. സാധാരണഗതിയിൽ സിംഹങ്ങൾ ആധിപത്യം സ്ഥാപിക്കാനായി കൂടെപിറപ്പുകളെ വരെ കൊന്നൊടുക്കുമെങ്കിൽ, സ്കാർഫെയ്സിൻ്റെ ഭരണം അതിൻ്റെ സഹോദരങ്ങൾക്കൊപ്പമായിരുന്നു. മൊറാനി, ഹണ്ടർ, സിക്കിയോ, സ്കാർഫെയ്സ്- 2011ഓടെ മസായി മാരയിൽ പ്രത്യക്ഷപ്പെട്ട ഈ നാല് സിംഹങ്ങൾ, വളരെ പെട്ടന്ന് തന്നെ പ്രദേശത്തിൻ്റെ അധികാരം അവയ്ക്ക് കീഴിലാക്കി. ഏകദേശം 900 സിംഹങ്ങളുള്ള 400 കിലോമീറ്റർ ടെറിറ്ററിയാണ് ഫോർ മസ്കറ്റിയേഴ്സ് എന്നറിയപ്പെട്ട സംഘം അടക്കി ഭരിച്ചത്.

മസ്കറ്റിയേഴ്സിൻ്റെ ടെറിറ്ററിയിലേക്ക് കടന്നുവന്ന സിംഹങ്ങളെയെല്ലാം സംഘം ഏറ്റുമുട്ടി തോൽപ്പിച്ചു. തന്ത്രശാലികളായ ഹൈനകൾ, അപകടകാരികളായ മുതലകൾ, ഇവയ്ക്കൊന്നും സ്കാർഫെയ്സിനെ തോൽപ്പിക്കാനായില്ല. ഏറ്റുമുട്ടലുകളിലൊന്നും തോറ്റിരുന്നില്ലെന്നും, ഒരു അഡൽട്ട് ഹിപ്പോപ്പട്ടാമസിനെ ഒറ്റയ്ക്ക് കീഴ്പ്പെടുത്തിയ ആദ്യ സിംഹമാണ് സ്കാർഫെയ്സ് എന്നുമാണ് റിപ്പോർട്ടുകൾ.


നീണ്ട സടയുള്ള സ്കാർഫെയ്സ് എളുപ്പത്തിൽ പെൺ സിംഹങ്ങളെ ആകർഷിച്ചിരുന്നു. എന്നാൽ മുഖത്തുള്ള ആ മുറിവാണ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫേഴ്സിനെ സ്കാർഫെയ്സിലേക്ക് ആകർഷിച്ചത്. ഏകദേശം നാല് വയസുള്ളപ്പോൾ മറ്റൊരു സിംഹവുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് സ്കാർഫെയ്സിന് പരിക്ക് പറ്റുന്നത്. മുഖത്തുള്ള ഈ പരിക്ക് തന്നെയാണ് സ്കാർഫെയ്സിന് ആ പേര് നൽകികൊടുത്തത്. ഈ ഏറ്റമുട്ടലിൽ സ്കാറിൻ്റെ വലതുകണ്ണിൻ്റെ കാഴ്ച ഏകദേശം പൂർണമായും നഷ്ടപ്പെട്ടിരുന്നു. എന്നാൽ വേട്ടയാടാനും ഏറ്റുമുട്ടാനും ഈ പരിക്ക് സ്കാർഫെയ്സിന് ഒരു തടസ്സമായിരുന്നില്ല.

കാഴ്ചയിൽ വില്ലൻ ലുക്കാണെങ്കിലും മസായ് മാരയിലെ ഏറ്റവും സൗമന്യായ സിംഹമായിരുന്നു സ്‌കാർഫെയ്‌സെന്നാണ് മാരാ പ്രിഡേറ്റർ കൺസർവേഷൻ പ്രോഗ്രാം റിസർച്ച് അസിസ്റ്റൻഡ് സയിറ്റോറ്റിയുടെ പക്ഷം. അതിൻ്റെ കുഞ്ഞുങ്ങളോടെല്ലാം വളരെ സ്‌നേഹത്തോട് കൂടിയാണ് സ്കാർഫെയ്സ് പെരുമാറിയിട്ടുള്ളത്. നീണ്ട സടയിൽ പിടിച്ച് കളിക്കാൻപോലും അവൻ കുഞ്ഞുങ്ങളെ അനുവദിക്കാറുണ്ടായിരുന്നെന്നും സയിറ്റേറി പറയുന്നു.

സാധാരണയായി നിലനിൽപ്പിനുവേണ്ടിയുള്ള പോരാട്ടത്തിനൊടുവിലാണ് സിംഹങ്ങൾ ചാവുന്നതെങ്കിൽ, സ്കാർഫെയ്സിൻ്റെ മരണം വ്യത്യസ്തമായിരുന്നു. 2021 ജൂൺ 11-ന്, 14-ാം വയസ്സിൽ, വളരെ സ്വാഭാവികമായി, ശാന്തമായാണ് സ്കാർഫെയ്സിൻ്റെ അന്ത്യം. മസായ് മാരിയലെ ഏറ്റവും പ്രായം ചെന്ന സിംഹം കൂടിയായിരുന്നു അവൻ. പോരാട്ടത്തിലെല്ലാം കൂടെ നിന്നിരുന്ന സഹോദരങ്ങൾ സ്കാർഫെയ്സിൻ്റെ അന്ത്യത്തിന് മുൻപേ വിട പറഞ്ഞിരുന്നു. മരിച്ച് നൂറ്റാണ്ടുകൾക്കിപ്പുറവും നമ്മൾ ഓർത്തിരിക്കുന്ന ധീരയോദ്ധാക്കൻമാരുടെ വീരകഥകൾ പോലെ, സ്കാർഫെയ്സ് എന്ന സിംഹരാജൻ്റെ കഥയും ഇനിയും വർഷങ്ങളോളും ആളുകൾ പറഞ്ഞുകൊണ്ടേയിരിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com