
സംവിധായകൻ വി.കെ. പ്രകാശ് ലൈംഗികമായി ഉപദ്രവിച്ചെന്ന് യുവകഥാകാരി. 2022ൽ കഥ പറയാനായി കൊല്ലത്തെ ഹോട്ടലിലേക്ക് വിളിപ്പിച്ച സംവിധായകൻ തന്നെ കടന്നുപിടിച്ചെന്നാണ് പരാതി. സംഭവത്തിൽ ഡിജിപിക്ക് പരാതിയും നൽകിയിട്ടുണ്ട്. അന്ന് എതിർത്തതോടെ അദ്ദേഹം ഹോട്ടൽ മുറിയിൽ നിന്നും ഇറങ്ങിപ്പോയെന്നും അതിക്രമം പുറത്ത് പറയാതിരിക്കാനായി പിറ്റേന്ന് 10,000 രൂപ അയച്ചതായും യുവതി ആരോപിച്ചു. ഇപ്പോൾ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ പരാതി നൽകിയതായും യുവകഥാകാരി മലയാള മാധ്യമങ്ങളോട് വെളിപ്പെടുത്തി.
"കഥ പറയുന്നതുമായി ബന്ധപ്പെട്ട് രണ്ട് വർഷം മുമ്പാണ് ഞാൻ സംവിധായൻ വി.കെ. പ്രകാശിനെ സമീപിക്കുന്നത്. അദ്ദേഹം കഥയുടെ ത്രെഡ് അയക്കാൻ പറഞ്ഞു. പിന്നീട് അത് സിനിമയാക്കാമെന്ന് പറഞ്ഞ് അദ്ദേഹം നേരിൽ കാണാൻ ആവശ്യപ്പെട്ടു. കൊച്ചിയിൽ വരുമ്പോൾ കാണാമെന്ന് പറഞ്ഞിരുന്നെങ്കിലും കൊല്ലത്തേക്ക് വരാനാണ് ആവശ്യപ്പെട്ടത്. കഥ കേൾക്കുന്നതിനിടെ ഇൻ്റിമേറ്റ് രംഗം അഭിനയിക്കാൻ പറഞ്ഞു. എങ്ങനെയാണ് അഭിനയിക്കുന്നതെന്ന് കാണിച്ചുതരാമെന്ന് പറഞ്ഞ അദ്ദേഹം ചുംബിക്കാനും കട്ടിലിലേക്ക് തള്ളിയിടാനും ശ്രമിച്ചു," യുവകഥാകാരി പരാതിയിൽ പറയുന്നു.
അതേസമയം, ബംഗാളി നടി ശ്രീലേഖ മിത്ര സംവിധായകൻ രഞ്ജിത്തിനെതിരെ തിങ്കളാഴ്ച കൊച്ചി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. ലൈംഗിക ഉദ്ദേശ്യത്തോടെ സംവിധായകൻ ശരീരത്തിൽ സ്പർശിച്ചതായി നടി പരാതിയിൽ പറയുന്നു. അതിക്രമം നടന്നത് കടവന്ത്രയിലെ ഫ്ലാറ്റിൽ വെച്ചാണെന്നും, ദുരനുഭവം തിരക്കഥാകൃത്ത് ജോഷി ജോസഫിനോട് തുറന്ന് പറഞ്ഞതായും ശ്രീലേഖ മിത്ര പരാതിയിൽ പറയുന്നുണ്ട്.