റോഡ് വികസനത്തെ തുടർന്ന് തെരുവിലേക്ക്; ചികിത്സയോ, താമസമോ ലഭിക്കാതെ സഹോദരിമാർ

വർഷങ്ങൾക്ക് മുൻപ് പുറമ്പോക്ക് ഭൂമിയിൽ താമസിച്ചിരുന്ന ഇവരുടെ വീട് തൃശൂർ പടിഞ്ഞാറേക്കോട്ട ജംഗ്ഷൻ വികസനത്തിന്റെ ഭാഗമായി 2013ലാണ് നഷ്ടമാകുന്നത്
റോഡ് വികസനത്തെ തുടർന്ന് തെരുവിലേക്ക്;
ചികിത്സയോ, താമസമോ ലഭിക്കാതെ സഹോദരിമാർ
Published on

തൃശൂർ പടിഞ്ഞാറേക്കോട്ട ജംഗ്ഷൻ വികസനത്തെ തുടർന്ന് തെരുവിലേക്ക് കുടിയിറക്കപ്പെട്ടവരാണ് സഹോദരിമാരായ സുനിതയും ആശയും. സ്വന്തം വീട് നഷ്ടമായതോടെ മാനസിക ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന ഇരുവരും കുറച്ചുനാൾ വാടക വീട്ടിൽ താമസിച്ചു. പക്ഷെ കൈയ്യിൽ പണമില്ലാതായതോടെ കഴിഞ്ഞ ആറ് മാസത്തിലേറെയായി വീണ്ടും തെരുവിലാണ് ഇവരുടെ ജീവിതം. മാസങ്ങളായി നടുറോഡിൽ കഴിഞ്ഞിട്ടും ഇരുവർക്കും ചികിത്സ നൽകാനോ പുനരധിവസിപ്പിക്കാനോ ആരും തയ്യാറാകുന്നില്ല.

വർഷങ്ങൾക്ക് മുൻപ് പുറമ്പോക്ക് ഭൂമിയിൽ താമസിച്ചിരുന്ന ഇവരുടെ വീട് തൃശൂർ പടിഞ്ഞാറേക്കോട്ട ജംഗ്ഷൻ വികസനത്തിന്റെ ഭാഗമായി 2013ലാണ് നഷ്ടമാകുന്നത്. മാനസിക - ശാരീരിക ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് രണ്ട് പേരെയും ബന്ധുക്കൾ വർഷങ്ങൾക്ക് മുൻപേ ഉപേക്ഷിച്ചു. ഇരുവരെയും ചില സന്നദ്ധസംഘടനകളും കോർപ്പറേഷൻ അധികൃതരും സഹായിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ മാനസിക വെല്ലുവിളി നേരിടുന്ന ഇരുവരും ഇക്കാലമത്രയും ആ സഹായങ്ങൾ സ്വീകരിക്കാൻ തയ്യാറായിട്ടില്ല.

ഇന്ന്, കോരിച്ചൊരിയുന്ന മഴയത്തും മരം കോച്ചുന്ന തണുപ്പത്തും ഒരു കുടയുടെ മാത്രം മറവിലാണ് ഇവരുടെ ജീവിതം. റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങൾ ഒരു പക്ഷെ ജീവൻ കവർന്നേക്കാം. എങ്കിലും ഈ തെരുവിൽ നിന്ന് മാറി താമസിക്കാൻ മനസില്ലാത്തവരാണ് സുനിതയും അനുജത്തി ആശയും. അസുഖ ബാധിതയായ ആശയെ വഴിയോരത്തെ പ്ലാസ്റ്റിക്ക് കട്ടിലിൽ ആക്കി സുനിത ഉപജീവന മാർഗമായ ലോട്ടറി കച്ചവടത്തിനിറങ്ങും. ശുചിമുറി ആവശ്യങ്ങൾക്കായി ഇരുട്ടിന്റെ മറവിൽ ഇരുവരും തെരുവിനെ തന്നെ ആശ്രയിക്കും. കയ്യിൽ പണമുണ്ടായാൽ വഴിയോരത്തെ തട്ടുകടകളിൽ നിന്ന് ഭക്ഷണം വാങ്ങും. ഇല്ലെങ്കിൽ പട്ടിണി വയറുമായി കിടന്നുറങ്ങും.

തൃശൂർ കോർപ്പറേഷൻ നൽകിയ ഫ്ലാറ്റിലേക്ക് മാറി താമസിക്കാൻ തയ്യാറാവാത്ത സുനിതയും ആശയും നഷ്ടമായ പഴയ വീട്ടിലേക്ക് മടങ്ങണമെന്ന പിടിവാശി തുടരുകയാണ്. എന്നാൽ മാനസിക വെല്ലുവിളി നേരിടുന്ന ഇവർക്ക് വീടിനേക്കാൾ ആവശ്യം ചികിത്സയും പുനരധിവാസവുമാണ്. പക്ഷെ മാസങ്ങളായി നടുറോഡിൽ കഴിയുന്ന ഇവർക്ക് അത്തരം സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് ഇതുവരെ ആരും തയ്യാറായിട്ടില്ലെന്നാണ് ആക്ഷേപങ്ങൾ ഉയരുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com