മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്തല്‍; നിർമാണ സാമഗ്രികൾ എത്തിക്കാൻ കേരളത്തിൻ്റെ അനുമതി തേടി തമിഴ്‌നാട്

മുല്ലപ്പെരിയാർ അണക്കെട്ടില്‍ അഞ്ചംഗ ഉപസമിതി നടത്തിയ പരിശോധന തമിഴ്നാട് ഉദ്യോഗസ്ഥർ ബഹിഷ്കരിച്ചിരുന്നു
മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്തല്‍; നിർമാണ സാമഗ്രികൾ എത്തിക്കാൻ കേരളത്തിൻ്റെ അനുമതി തേടി തമിഴ്‌നാട്
Published on

മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്താന്‍ 225 മെട്രിക് ടൺ സിമൻ്റ് അടക്കമുള്ള നിർമാണ സാമഗ്രികൾ എത്തിക്കാൻ കേരളത്തിൻ്റെ അനുമതി തേടി തമിഴ്‌നാട്.
സെപ്തബർ 2ന് കേന്ദ്ര ജല കമ്മീഷൻ ചെയർമാൻ രാകേഷ് കശ്യപ് അധ്യക്ഷനായ ഡാം മേൽനോട്ട സമിതിയുടെ യോഗത്തില്‍ അണക്കെട്ട് ബലപ്പെടുത്താനുള്ള തീരുമാനം എടുത്തതിന്‍റെ അടിസ്ഥാനത്തിലാണ് തമിഴ്നാടിന്‍റെ നീക്കം. വള്ളക്കടവ് ചെക്ക് പോസ്റ്റ്, തേക്കടി ബോട്ട് യാർഡ് എന്നിവിടങ്ങളിലേക്ക് നിർമാണ സാമഗ്രികൾ കടത്തി വിടാൻ അനുമതി നൽകണമെന്നാണ് തമിഴ്നാടിന്‍റെ ആവശ്യം.

അണക്കെട്ടിനെ ബലപ്പെടുത്താൻ അനുവദിക്കണം എന്നത് 2016 മുതൽ തമിഴ്നാട് നിരന്തരം ഉന്നയിക്കുന്ന ആവശ്യമാണ്. ഡാം ബലപ്പെടുത്തുന്നതോടെ മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്ന കേരളത്തിന്‍റെ ആവശ്യത്തിനെതിരെ നിലപാട് എടുക്കാൻ തമിഴ്നാടിന് കഴിയും. 12 മാസത്തിനുള്ളിൽ ഡാമിൻ്റെ സുരക്ഷ പരിശോധിക്കണമെന്നാണ് മേൽനോട്ട സമിതിയുടെ ഉത്തരവ്. ഈ ഉത്തരവ് മറികടക്കാൻ ഡാം ബലപ്പെടുത്തുന്നതോടെ തമിഴ്നാടിന് സാധിക്കും. 40 ട്രക്ക് ലോഡ് സമാഗ്രികള്‍ കടത്തിവിടാന്‍ അനുവദിക്കണമെന്നാണ് തമിഴ്നാട് കേരളത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.  ഡാം മേൽനോട്ട സമിതിയുടെ 17ാമത്തെ യോഗത്തിലാണ് ഡാം ബലപ്പെടുത്താൻ അനുവാദം നൽകിയത്.

ഒക്ടോബർ 16ന് മുല്ലപ്പെരിയാർ അണക്കെട്ടില്‍ അഞ്ചംഗ ഉപസമിതി നടത്തിയ പരിശോധന തമിഴ്നാട് ഉദ്യോഗസ്ഥർ ബഹിഷ്കരിച്ചിരുന്നു. അണക്കെട്ടിൽ അറ്റകുറ്റപ്പണികൾക്കായുള്ള സാധനങ്ങൾ കൊണ്ടുപോകാൻ കേരളം അനുവദിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു നടപടി. എന്തൊക്കെ ജോലികളാണ് തമിഴ്നാട് ചെയ്യുന്നതെന്ന് വ്യക്തമാക്കണമെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തമിഴ്നാട് ഇതിന് തയ്യാറായില്ല. ഇതിനെ തുടർന്നാണ് അനുമതി നിഷേധിച്ചത്. ഇതിനു പിന്നാലെയാണ് നിർമാണ സാമഗ്രികൾ എത്തിക്കാൻ തമിഴ്നാട് കേരളത്തിൻ്റെ അനുമതി തേടിയിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com