ചുമതലകളിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി; മുന്നറിയിപ്പുമായി മന്ത്രി എ.കെ ശശീന്ദ്രൻ

കോഴിക്കോട് ഗവൺമെൻ്റ് ഗസ്റ്റ്‌ ഹൗസിൽ വിളിച്ച ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മന്ത്രിയുടെ കര്‍ശന നിര്‍ദേശം
ചുമതലകളിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി; മുന്നറിയിപ്പുമായി മന്ത്രി എ.കെ ശശീന്ദ്രൻ
Published on

എലത്തൂർ മണ്ഡലത്തിലെ വിഷയങ്ങളിൽ കർശന നടപടികളെടുക്കാനൊരുങ്ങി മന്ത്രി എ.കെ ശശീന്ദ്രൻ. എലത്തൂരിലും പരിസര പ്രദേശങ്ങളിലും കുടിവെള്ള വിതരണവും ദേശീയപാതയുടെ ശോചനീയാവസ്ഥയും മുൻനിർത്തിയാണ് മണ്ഡലത്തിലെ എംഎൽഎ എന്ന നിലയിൽ മന്ത്രി തന്നെ നേരിട്ട് യോഗം വിളിച്ചത്. കുടിവെള്ള പദ്ധതികൾ ഉടൻ പൂർത്തിയാക്കണമെന്നും ജൽ ജീവൻ മിഷൻ പദ്ധതി വേഗത്തിലാക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് കര്‍ശന നിര്‍ദേശം നൽകി. ദേശീയ പാതയിലെ വെള്ളക്കെട്ടും റോഡിൻ്റെ ശോചനീയാവസ്ഥയെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു.

തൻ്റെ മണ്ഡലവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കോഴിക്കോട് ഗവൺമെൻ്റ് ഗസ്റ്റ്‌ ഹൗസിൽ വിളിച്ച ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ മന്ത്രി പ്രധാനമായും ചർച്ച ചെയ്തത്. എലത്തൂരിലെ ജല്‍ ജീവൻ മിഷൻ പദ്ധതിയുടെ പ്രവൃത്തികൾ വേഗത്തിലാക്കണം. പഞ്ചായത്തുകളിലെ ബൂസ്റ്റർ സ്റ്റേഷൻ പ്രവൃത്തികൾ അടുത്ത മാസത്തോടെ പൂർത്തീകരിക്കണമെന്നും നിർദേശിച്ചു. ഗ്രാമീണ മേഖലയിൽ ശുദ്ധജലം ലഭ്യമാക്കുന്നതിന് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും ഗ്രാമ പഞ്ചായത്തുകളുടെയും സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ജൽ ജീവൻ മിഷൻ. എലത്തൂർ നിയോജക മണ്ഡലത്തിലെ ചേളന്നൂർ, കക്കോടി, കാക്കൂർ, കുരുവട്ടൂർ, തലക്കുളത്തൂർ, നന്മണ്ട ഗ്രാമപഞ്ചായത്തുകളിലെ ജൽ ജീവൻ പ്രവൃത്തികളാണ് യോഗത്തിൽ ചർച്ചയായത്.

അതേസമയം, ദേശീയപാതയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നും ശശീന്ദ്രൻ വ്യക്തമാക്കി. ദേശീയപാത പ്രവൃത്തി നടക്കുന്നയിടങ്ങളിലെ റോഡിൽ വെള്ളക്കെട്ട് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടൽ. ജനങ്ങളുടെ സുഗമമായ സഞ്ചാരത്തിനും ഗതാഗതത്തിനും തടസ്സമുണ്ടാക്കുന്ന നിലയിലുള്ള പ്രശ്നങ്ങൾ നിരത്തുകളിൽ ഉണ്ടെന്ന് യോഗം വിലയിരുത്തി. വിഷയത്തിൽ ഒരാഴ്ചയ്ക്കകം പരിഹാരം കാണണമെന്നാണ് മന്ത്രിയുടെ നിർദേശം. ചുമതലകളിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

ഓവുചാൽ നിർമാണം പൂർത്തീകരിച്ച് നിലവിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിവിടുന്നതിന് നടപടി സ്വീകരിക്കാൻ കർശന നിർദേശമുണ്ട്. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും വേഗത്തിൽ പരിഹരിക്കുമെന്നും യോഗത്തിന് ശേഷം മന്ത്രി അറിയിച്ചു. യോഗത്തിൽ ജനപ്രതിനിധികൾ, ഡെപ്യൂട്ടി കലക്ടർ ഷാമിൻ സെബാസ്റ്റ്യൻ, എൻഎച്ച്എഐ പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com