വാഹനങ്ങളിൽ മോഡിഫിക്കേഷൻ നടത്തിയാൽ കർശന നടപടി: മോട്ടോർ വാഹന വകുപ്പ്

കുറ്റക്കാർക്കെതിരെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ്
മോട്ടോർ വാഹന വകുപ്പ്
മോട്ടോർ വാഹന വകുപ്പ്
Published on

വാഹനങ്ങൾക്ക് രൂപമാറ്റം വരുത്തുന്നതിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. റോഡപകടങ്ങളിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ വഹിക്കുന്ന പങ്ക് ചെറുതല്ലെന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. എറണാകുളം ജില്ലായിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

അനുമതിയില്ലാതെ രൂപമാറ്റം വരുത്തിയ നിരവധി വാഹനങ്ങള്‍ ജില്ലയിൽ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയത്. 1,275 നിയമലംഘനങ്ങളാണ് കഴിഞ്ഞ ഒരു മാസം മാത്രം എറണാകുളം ജില്ലയിൽ കണ്ടെത്തിയത്. എട്ട് വിഭാഗങ്ങളായി തിരിഞ്ഞു നടത്തിയ പരിശോധനയിൽ 53,45,500 രൂപ പിഴ ചുമത്തി.

സൈലൻസർ, ലൈറ്റുകൾ എന്നിവയിലെ മോഡിഫിക്കേഷൻ്റെ ഭാഗമായി 493 കേസുകളിൽ 26,45,000 രൂപ പിഴയടപ്പിച്ചു. നമ്പർ പ്ലേറ്റില്ലാതെ വാഹനം ഓടിക്കുക, നമ്പർ പ്ളേറ്റിൽ കൃത്രിമം കാണിക്കുക, എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് 458 കേസുകളിൽ നിന്നായി 18,04500 രൂപയും പിഴ ഈടാക്കി.

വാഹനങ്ങളില്‍ കമ്പനി നല്‍കുന്ന രൂപകല്‍പ്പന മാറ്റി വാഹനങ്ങളുടെ ബോഡി, ഹാൻഡിൽ, സൈലന്‍സര്‍, ടയർ തുടങ്ങിയ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നത് ഉൾപ്പെടെയുള്ള മോഡിഫിക്കേഷനുകൾ നിരവധി സുരക്ഷാ പ്രശ്നങ്ങള്‍ക്കും അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും. കുറ്റക്കാർക്കെതിരെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com