രാജ്യത്തെ മുഴുവൻ വിമനത്താവളങ്ങളിലും കർശന പരിശോധന നടത്തും: മന്ത്രി റാം മോഹൻ നായിഡു കിഞ്ചരപു

രാജ്യത്തെ 157 വിമാനത്താവളങ്ങളിലും ശക്തമായ പരിശോധന നടത്തി അഞ്ച് ദിവസത്തിനകം സ്ട്രക്ച്ചറൽ എൻജിനിയറിങ്ങ് സംഘം അന്വേഷണ റിപ്പോർട്ട് മന്ത്രാലയത്തിന് സമർപ്പിക്കും
രാജ്യത്തെ മുഴുവൻ വിമനത്താവളങ്ങളിലും കർശന പരിശോധന നടത്തും: മന്ത്രി റാം മോഹൻ നായിഡു കിഞ്ചരപു
Published on

വെള്ളിയാഴ്ച രാവിലെ ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ മേൽക്കൂര തകർന്ന് ഒരാൾ മരിച്ച സംഭവത്തിൽ പ്രതികരിച്ച് സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു കിഞ്ചരപു. ഇനിയും ഇത്തരത്തിലുള്ള അനിഷ്ടസംഭവങ്ങൾ നടക്കാതിരിക്കാൻ എല്ലാ വിമാനത്താവളങ്ങളിലും കർശന പരിശോധന നടത്തുമെന്നും യാത്രക്കാരുടെ സുരിക്ഷതത്വവും സൗകര്യവുമാണ് സർക്കാരിൻ്റെ പ്രഥമ പരിഗണനയെന്നും മന്ത്രി വ്യക്തമാക്കി. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികാരമേറ്റ് ആദ്യനാളുകളിൽ തന്നെ ഇത്തരമൊരു അനിഷ്ട സംഭവമുണ്ടായതിൽ മന്ത്രി ഖേദം പ്രകടിപ്പിച്ചു. പരുക്കേറ്റവരെ ഉടൻ ആശുപത്രികളിൽ എത്തിച്ചിട്ടുണ്ട്. അവർക്ക് ശരിയായ വൈദ്യസഹായം നൽകുന്നുണ്ടെന്ന് മന്ത്രാലയം ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. യാത്രക്കാർക്ക് റീഫണ്ടുൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാക്കാനായി പ്രവർത്തിക്കുന്ന 24*7 വാർ റൂം പ്രവർത്തിപ്പിക്കാൻ എയർപോർട്ട് അധികൃതർ, സിവിൽ ഏവിയേഷൻ ഡയറക്ടറൽ ജനറൽ എന്നിവരുമായി ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതുവഴി ഏഴുദിവസത്തിനുള്ളിൽ യാത്രക്കാർക്ക് റീഫണ്ട് തുക വാങ്ങുകയോ, മറ്റൊരു എയർലൈൻ തിരഞ്ഞെടുക്കുകയോ ചെയ്യാമെന്ന് റാം മോഹൻ ചൂണ്ടികാട്ടി.

ഇത്തരത്തിൽ ഒരു അപകടമുണ്ടാകാൻ കാരണമായതെന്തെന്ന് പഠിച്ചു കൊണ്ടിരിക്കുകയാണെന്നും, ഇതിനായി ഐഐടി ഡൽഹിയിൽ നിന്നും വിദഗ്ദ എൻജിനിയറിങ്ങ് സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജബൽപൂർ വിമാനത്താവളത്തിലേക്കും മറ്റൊരു സ്ട്രക്ച്ചറൽ എൻജിനിയറിങ്ങ് സംഘത്തെ മന്ത്രാലയം അയച്ചിട്ടുണ്ട്. ഇത്തരത്തിൽ രാജ്യത്തെ 157 വിമാനത്താവളങ്ങളിലും ശക്തമായ പരിശോധന നടത്തി അഞ്ച് ദിവസത്തിനകം സംഘം അന്വേഷണ റിപ്പോർട്ട് മന്ത്രാലയത്തിൽ സമർപ്പിക്കും. റിപ്പോർട്ട് വിലയിരുത്തിയ ശേഷം അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി.

ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിലാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. ടെർമിനൽ ഒന്നില്‍ പുലർച്ചെ 5.30 ഓടെയുണ്ടായ തകർച്ചയിൽ ടാക്സി ഡ്രൈവർ മരിക്കുകയും ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ടെർമിനൽ ഒന്നിൽ നിന്നും സർവീസ് നടത്തുന്ന ചില വിമാനങ്ങൾ റദ്ദാക്കുകയും മറ്റുള്ളവ രണ്ട്, മൂന്ന് ടെർമിനലുകൾ എന്നിവയിലേക്ക് മാറ്റുകയും ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com